സൽമാൻ ഖാനെ നായകനാക്കി എ.ആർ. മുരുഗദോസ് ഒരുക്കിയ ബോളിവുഡ് ചിത്രമാണ് ‘സിക്കന്ദർ’. ‘അനിമൽ’, ‘ഛാവ’ എന്നീ ചിത്രങ്ങളിലൂടെ ഹിന്ദി സിനിമകളിൽ സജീവ സാന്നിധ്യമായി മാറിയ രശ്മിക മന്ദാന ആയിരുന്നു സിനിമയിലെ നായിക. വൻ ബജറ്റിൽ ഒരുക്കിയ ചിത്രത്തിന് ബോക്സ് ഓഫീസിൽ മികച്ച പ്രതികരണം നേടിയെടുക്കാൻ സാധിച്ചിരുന്നില്ല. ഇപ്പോഴിതാ താൻ ആദ്യം കേട്ട കഥയല്ല സിനിമയായതെന്ന് രശ്മിക തന്നെ വെളിപ്പെടുത്തിയിരിക്കുന്നു.
‘സിക്കന്ദർ’ സിനിമയുടെ തിരക്കഥ സംവിധായകൻ ആദ്യമായി തന്നോട് പറഞ്ഞതിനെപ്പറ്റിയാണ് നടി അഭിമുഖത്തിൽ സംസാരിക്കുന്നത്. “സിക്കന്ദറിനായി മുരുഗദോസ് സാറിനോട് സംസാരിച്ചത് എനിക്ക് ഓർമയുണ്ട്. ആദ്യം കേട്ടപ്പോൾ അത് തികച്ചും വ്യത്യസ്തമായ ഒരു തിരക്കഥയായിരുന്നു. എന്നാൽ പിന്നീട് സംഭവിച്ചത് മറ്റൊന്നാണ്,” എന്നായിരുന്നു രശ്മികയുടെ വാക്കുകൾ. സിനിമാ നിർമാണത്തിൽ അത്തരം മാറ്റങ്ങൾ സാധാരണയാണെന്നും നടി പറയുന്നുണ്ട്.
“നിങ്ങൾ കേൾക്കുന്ന കഥ ഒന്നാകും. എന്നാൽ, സിനിമയിലെ പെർഫോർമൻസുകൾ, എഡിറ്റിങ് തീരുമാനങ്ങൾ, റിലീസ് തീയതി എന്നിവ അനുസരിച്ച് അതിൽ മാറ്റം വന്നേക്കും. ഇത് സിനിമകളിൽ സാധാരണയാണ്,” എന്നും രശ്മിക കൂട്ടിച്ചേർത്തു.



