ദുരഭിമാന കൊലയ്ക്ക് ഇരയായ കെവിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം വീട്ടുകാര്‍ക്ക് വിട്ടുകൊടുത്തു. മനസാക്ഷിയുള്ളവര്‍ക്ക് കണ്ടുനില്‍ക്കാന്‍ കഴിയാത്ത വിധം വികാരനിര്‍ഭരമായിരുന്നു വീട്ടിലെ കാഴ്ചകള്‍. മൃതദേഹം വച്ചിരിക്കുന്ന പെട്ടിക്കു മുകളിലേക്ക് വീണുകിടന്നാണ് കെവിന്റെ ഭാര്യ നീനുവും മാതാപിതാക്കളും സഹോദരിയും നിലവിളിച്ചത്. ഇവരെ പിടിച്ചുമാറ്റാന്‍ ആളുകള്‍ ശ്രമിച്ചുവെങ്കിലും കുടുംബത്തിന്റെ കണ്ണീരിനു മുന്നില്‍ നാട്ടുകാര്‍ക്കും ഏറെനേരം പിടിച്ചുനില്‍ക്കാനായില്ല.
കെവിന്റെ മൃതദേഹത്തില്‍ വീണ് കിടന്ന് പൊട്ടിക്കരയുകയാണ് നീനു. കെവിന് അന്ത്യമോപചാരം അര്‍പ്പിക്കാന്‍ ആയിരക്കണക്കിന് ആളുകളാണ് വീട്ടിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. വീട്ടുകാര്‍ക്ക് അന്ത്യമോപചാരം അര്‍പ്പിക്കാന്‍ വീടിനുള്ളിലാണ് മൃതദേഹം വച്ചിരിക്കുന്നത്. വൈകാതെ മൃതദേഹം വീടിനു പുറത്തുള്ള പന്തലിലേക്ക് മാറ്റും. നാട്ടുകാര്‍ക്കും മറ്റും അന്തിമോപചാരം അര്‍പ്പിക്കാന്‍ ഇവിടെ സൗകര്യമുണ്ടായിരിക്കും. 2.30 ഓടെ സംസ്‌കാര ശുശ്രൂഷ വീട്ടില്‍ ആരംഭിക്കും. 3.30 ഓടെ കലക്ടറേറ്റിന് സമീപമുള്ള ഗുഡ് ഷെപ്പേര്‍ഡ് പള്ളി സെമിത്തേരിയില്‍ സംസ്‌കരിക്കും.
പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കിടയില്‍ കോട്ടയം മെഡിക്കല്‍ കോളജിന്റെ മുന്നില്‍ വലിയ പ്രതിഷേധവുമുണ്ടായി. രാഷ്ട്രീയ പാര്‍ട്ടികളുടെയും വിവിധ ദളിത് സംഘടനകളുടെയും പ്രവര്‍ത്തകര്‍ പരസ്പരം ഏറ്റുമുട്ടി. കല്ലേറും കൊടികെട്ടിയ വടികള്‍ ഉപയോഗിച്ച് പരസ്പരം അടിച്ചു. പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലീസ് ലാത്തിച്ചാര്‍ജ് നടത്തി.
Comments