സൈനിക സഹകരണം ശക്തിപ്പെടുത്താന്‍ വേണ്ടി ഏഷ്യന്‍ രാജ്യങ്ങള്‍ വിദേശരാജ്യങ്ങളുമായി കൈകോര്‍ക്കേണ്ടതില്ലെന്ന്‍ ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്. അയല്‍രാജ്യങ്ങള്‍ തമ്മിലുളള പരസ്പര ധാരണയും സഹകരണവും ഊര്‍ജിതപ്പെടുത്തുന്നതിനുവേണ്ടി ഷാങ്ഹായില്‍ വിളിച്ചുകൂട്ടിയ സി.ഐ.സി.എയുടെ നാലാമത് ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏഷ്യയില്‍ മേല്‍ക്കോയ്മ നേടാന്‍ ശ്രമിക്കുന്ന അമേരിക്കക്കുള്ള ചൈനയുടെ മുന്നറിയിപ്പാണിതെന്ന് നിരീക്ഷകര്‍ വിലയിരുത്തി. നമുക്കിടയിലുള്ള പ്രശ്നങ്ങള്‍ നാം ഏഷ്യക്കാര്‍ തന്നെ ചര്‍ച്ചചെയ്ത് പരിഹരിക്കേണ്ടതുണ്ട്. ‘ദക്ഷിണ ചൈനാ കടലില്‍ പല അയല്‍ക്കാരുമായും ചൈന കൊമ്പുകോര്‍ക്കെ, അമേരിക്ക പോലുള്ള ശക്തികള്‍ ഏഷ്യയില്‍ സാന്നിധ്യം ഉറപ്പിക്കാനുള്ള ശ്രമത്തിനിടയിലാണ് ഈ പ്രസ്താവനയെന്നത് ശ്രദ്ധേയമാകുന്നു. മൂന്നാം രാജ്യവുമായുള്ള സൈനിക ശാക്തീകരണം നമുക്കിടയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനുതകില്ല -അദ്ദേഹം പറഞ്ഞു. ഏഷ്യയുടെ പ്രശ്നങ്ങള്‍ ഏഷ്യക്കാര്‍ തന്നെ തീര്‍ക്കണം. ഏഷ്യയുടെ സുരക്ഷ അവര്‍ തന്നെ നോക്കണം. മറ്റുള്ളവര്‍ അതില്‍ തലയിടേണ്ട ആവശ്യമില്ല. അതേസമയം, ഭീകരവാദവും കടന്നുകയറ്റവും വിഭാഗീയതയും വെച്ചുപൊറുപ്പിക്കില്ളെന്നും ദൃഢവും ശാശ്വതവുമായ സുരക്ഷാ സഹകരണം രാജ്യങ്ങള്‍ക്കിടയില്‍ ഉയര്‍ന്നുവരേണ്ടതുണ്ടെന്നും ജിന്‍പിങ് ചൂണ്ടിക്കാട്ടി. 11 രാഷ്ട്ര തലവന്മാരും 40 ഓളം രാഷ്ട്ര പ്രതിനിധികളും പങ്കെടുത്ത ഉച്ചകോടിയില്‍ സി.ഐ.സി.എയുടെ അധ്യക്ഷ പദം തുര്‍ക്കിയില്‍നിന്ന് ചൈന ഏറ്റുവാങ്ങി.
Comments