തിരുവനന്തപുരം: ധനമന്ത്രി കെ.എം മാണി 27.43 കോടി കോഴ വാങ്ങിയെന്ന് ആരോപണം. വി. ശിവന്‍കുട്ടി എം.എല്‍.എയാണ് നിയമസഭയില്‍ രേഖാമൂലം അഴിമതി ആരോപണം ഉന്നയിച്ചത്. ക്വാറി, ബേക്കറി ഉടമകള്‍ക്ക് നികുതി ഇളവ് നല്‍കിയതിനും പെട്രോള്‍ പമ്പ് ഉടമകളില്‍ നിന്നും മാണി കൈക്കൂലി വാങ്ങിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് നിയമസഭാ സമിതി അന്വേഷിക്കണമെന്നും ശിവന്‍കുട്ടി രേഖാമൂലം ആവശ്യപ്പെട്ടു.
ഐ.എ.എസ് ഉദ്യോഗസ്ഥനായ ടോം ജോസിനെതിരെയും ശിവന്‍കുട്ടി ആരോപണം ഉന്നയിച്ചു. സംസ്ഥാനത്തിനകത്തും പുറത്തും ഭൂമി വാങ്ങിക്കൂട്ടിയെന്നാണ് ടോം ജോസിനെതിരെയുള്ള ആരോപണം.
പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി അഴിമതിക്കാരനാണെങ്കില്‍ വകുപ്പുമന്ത്രിയും ധനമന്ത്രിയും അഴിമതിക്കാരാണെന്ന് തോമസ് ഐസക് എം.എല്‍.എ പറഞ്ഞു. ഇതില്‍ നിന്ന് ഇരുമന്ത്രിമാര്‍ക്കും ഒഴിഞ്ഞുമാറാന്‍ സാധിക്കില്ലെന്നും ഐസക് വ്യക്തമാക്കി. നികുതിവെട്ടിപ്പിന് കൂട്ടുനിന്നെന്ന് തെളിഞ്ഞ മൂന്ന് ഉദ്യോഗസ്ഥരെ മാണി സംരഷിക്കുകയാണെന്ന് വി.എസ് സുനില്‍കുമാര്‍ എം.എല്‍.എയും ആരോപിച്ചു.
അടച്ചിട്ട ബാറുകള്‍ തുറക്കാന്‍ വേണ്ടി മാണി കോഴ വാങ്ങിയെന്ന ആരോപണം നിയമസഭക്കകത്തും പുറത്തും കനത്ത പ്രതിഷേധമുണ്ടാക്കുന്ന സമയത്താണ് പുതിയ വെളിപ്പെടുത്തലുമായി പ്രതിപക്ഷം വന്നിരിക്കുന്നത്. ഈ കേസില്‍ മാണിയെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്. അഞ്ച് കോടി ആവശ്യപ്പെട്ടു എന്നും ഇതില്‍ ഒരു കോടി കൈപ്പറ്റിയെന്നുമാണ് ആരോപണം.
Comments