പ്രവാസികള്‍ നാടിന്റെ നട്ടെല്ലാണെന്നും കൊവിഡ് 19 പശ്ചാത്തലത്തില്‍ അവരെ പരിഹസിക്കരുതെന്നും മുഖ്യമന്ത്രി പിണറായി വിജയന്. പ്രവാസികളോട് ചിലര്‍ പ്രത്യേക വികാരം പ്രകടിപ്പിക്കുന്നുണ്ട്. നമ്മുടെ സഹോദരങ്ങള്‍ ലോകത്താകെയുണ്ട്. അവര്‍ മണലാരണ്യത്തില്‍ അടക്കം കഠിനമായി അധ്വാനിച്ച് ഉണ്ടാക്കിയ പണത്തിലാണ് നാം ഇവിടെ കഞ്ഞി കുടിച്ച് നടന്നിരുന്നത്. ഇത് നാം മറക്കാന്‍ പാടില്ല. നമ്മുടെ നാടിന്റെ നട്ടെല്ലാണ് പ്രവാസികള്‍. അവര്‍ പോയ രാജ്യങ്ങളില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടായപ്പോള്‍ നാട്ടിലേക്ക് തിരിച്ച് വരാന്‍ ആഗ്രഹിച്ചു. തിരിച്ച് വന്നപ്പോള്‍ പ്രതിരോധ നടപടികള്‍ എല്ലാവരും സ്വീകരിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട കേസുകളാണ് ഇതിന് വിപരീതമായുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി. അതേസമയം, സംസ്ഥാനത്ത് ഇന്ന് കൊവിഡ് 19 സ്ഥിരീകരിച്ചത് 32 പേര്‍ക്കാണ്. ഇതില്‍ 17 പേര് വിദേശത്ത് നിന്ന് വന്നവരാണ്. 15 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. ഇതോടെ സംസ്ഥാനത്ത് ആകെ രോഗം ബാധിച്ചവരുടെ എണ്ണം 213 ആയി. ഇന്നത്തെ കണക്ക് പ്രകാരം കാസര്‍ഗോഡ് 17, കണ്ണൂര്‍ 11, വയനാട്, ഇടുക്കി എന്നി ജില്ലകളില്‍ രണ്ട് പേര്‍ക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ആകെ ഒരുലക്ഷത്തി അന്‍പത്തി ഏഴായിരത്തി ഇരുന്നൂറ്റി അന്‍പത്തി മൂന്നു പേരാണ് നിരീക്ഷണത്തില്‍ ഉള്ളത്. ഒരുലക്ഷത്തി അന്‍പത്തിആറായിരത്തി അറുനൂറ്റി അറുപത് പേര് വീടുകളിലും 623 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. ഇന്ന് മാത്രം 126 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 6991 സാമ്പിളുകളാണ് പരിശോധക്ക് അയച്ചത്. 6031 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കിയതായും മുഖ്യമന്ത്രി പറഞ്ഞു.
Comments