രാജ്യത്ത് സമൂഹ വ്യാപനം ഉണ്ടായിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. രോഗപ്പകർച്ച കുറയ്ക്കാനായെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. അതേസമയം രാജ്യത്ത് കൊവിഡ് 19 മരണം 32 ആയി. 1071 പോസിറ്റീവ് കേസുകൾ ഇതുവരെ റിപ്പോർട്ട് ചെയ്തു. അതിനിടെ മതപരമായ ചടങ്ങിൽ പങ്കെടുത്തവർക്ക് രോഗലക്ഷണം പ്രകടിപ്പിച്ചതോടെ ഡൽഹി നിസാമുദ്ദീൻ മേഖലയിൽ അതീവ ജാഗ്രത പുലർത്താൻ നിർദേശമുണ്ട്. സമൂഹ വ്യാപനത്തിന്റെ ആശങ്ക തള്ളിയ ആരോഗ്യവകുപ്പ് പ്രാദേശിക വ്യാപനത്തിന്റെ ഘട്ടമാണെന്ന് വ്യക്തമാക്കി. 24 മണിക്കൂറിനിടെ രാജ്യത്ത് 92 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ആരോഗ്യ വകുപ്പിന്റെ കണക്കനുസരിച്ച് കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായതിനേക്കാൾ കുറഞ്ഞ നിരക്കാണ് ഇന്നത്തേത്. മുംബൈ, പൂനെ, പശ്ചിമ ബംഗാൾ ,ഗുജറാത്ത് എന്നിവിടങ്ങളിലാണ് ഇന്ന് കൊവിഡ് 19 മരണം ഉണ്ടായത്. മഹാരാഷ്ട്രയും ഗുജറാത്തുമാണ് കൂടുതൽ കൊവിഡ് മരണം റിപ്പോർട്ട് ചെയ്ത സംസ്ഥാനങ്ങൾ. കേരളം, മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത്, തെലങ്കാന, കർണാടക സംസ്ഥാനങ്ങളിലും കൂടുതൽ കേസുകൾ ഇന്ന് റിപ്പോർട്ട് ചെയ്തു. അതിനിടെ സമൂഹ വ്യാപനത്തിന് സമാനമായി നിസാമുദ്ദീനിൽ ഇരുന്നൂറോളം ആളുകൾക്ക് കൊവിഡ് 19 ലക്ഷണങ്ങൾ പ്രകടിപ്പിച്ചു. മാർച്ച് 18 ന് മർകസിൽ പങ്കെടുത്ത 200 ഓളം ആളുകളാണ് രോഗ ലക്ഷണങ്ങളോടെ ചികിത്സയിലുളളത്. ഇതേ ചടങ്ങിൽ പങ്കെടുത്ത രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ ഉളളവർക്ക് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. നിസാമുദ്ദീൻ മേഖല പൂർണമായും പൊലീസിന്റെയും ആരോഗ്യ വകുപ്പിന്റെയും നിയന്ത്രണത്തിലാക്കി.
Comments