തിരുവനന്തപുരം: കൊറോണ വൈറസ് ബാധിതരായ വ്യക്തികള്‍ക്കും നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുടെ ഫോണില്‍നിന്ന് ആശംസാ സന്ദേശം എത്തിയ സംഭവത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. അനാവശ്യമായ ഇടപെടലാണ് അതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത്തരത്തിലൊരു ആശംസാ സന്ദേശം ഈ ഘട്ടത്തില്‍ ഒരു പൊതുപ്രവര്‍ത്തകനും നല്‍കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. കൊറോണ അവലോകന യോഗത്തിനു ശേഷം തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സംസ്ഥാനത്ത് ബുധനാഴ്ച 24 പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. കാസര്‍കോട്ട് 12 പേര്‍ക്കും എറണാകുളത്ത് മൂന്നുപേര്‍ക്കും തിരുവനന്തപുരം, തൃശ്ശൂര്‍, മലപ്പുറം, കണ്ണൂര്‍ എന്നീ ജില്ലകളില്‍ രണ്ടു പേര്‍ക്കു വീതവും പാലക്കാട് ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ ഒമ്പതുപേര്‍ വിദേശത്തുനിന്നു വന്നവരാണ്. മറ്റുള്ളവര്‍ക്ക് രോഗബാധയുണ്ടായത് സമ്പര്‍ക്കം മൂലമാണ്. സംസ്ഥാനത്തെ ആകെ കൊറോണ ബാധിതരുടെ എണ്ണം 265 ആയി. ഇതില്‍ 237 പേര്‍ ഇപ്പോള്‍ ചികിത്സയിലാണ്. തിരുവനന്തപുരത്തും കോഴിക്കോടും ഒരോരുത്തര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്.
Comments