തിരുവനന്തപുരം ∙ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ധനസമാഹരണം നടത്തുന്നതിന്റെ ഭാഗമായി എംപിമാരുടെ പ്രാദേശിക വികസന ഫണ്ട് രണ്ടു വര്‍ഷത്തേക്ക് നിര്‍ത്തലാക്കിയ നടപടി ഫെഡറല്‍ തത്വങ്ങള്‍ക്ക് നിരക്കാത്തതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ധനസമാഹരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രിയും കേന്ദ്ര മന്ത്രിമാരും എംപിമാരും ഉള്‍പ്പടെയുള്ളവരുടെ ശമ്പളം വെട്ടിക്കുറയ്ക്കാന്‍ എടുത്ത തീരുമാനത്തെ അഭിനന്ദിക്കുന്നു. എന്നാൽ എംപിമാരുടെ പ്രാദേശിക വികസന ഫണ്ട് നിർത്താലാക്കിയത് പ്രാദേശിക വികസന പ്രവര്‍ത്തനങ്ങളെ നേരിട്ട് ബാധിക്കും. കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ പോലും സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്കിയ സാമ്പത്തിക സഹായം അസന്തുലിതവും വിവേചനപരവുമാണെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. കേരളത്തെ സംബന്ധിച്ചിടത്തോളം തികച്ചും അപര്യാപ്തമാണിത്. ഈ സാഹചര്യത്തില്‍ കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട വികസന പ്രവര്‍ത്തനങ്ങള്‍ക്കായി എംപിമാരുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗിക്കുന്നത് പ്രധാനമാണ്. ഇതിനുള്ള ഇടപെടലുകള്‍ സംസ്ഥാനത്ത് ചില എംപിമാര്‍ തുടങ്ങിവെച്ചെങ്കിലും കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനംമൂലം അതൊക്കെ സംസ്ഥാനത്തിന് നഷ്ടപ്പെടുന്ന സ്ഥിതിയാണ്.
Comments