You are Here : Home / എന്റെ പക്ഷം

നഴ്‌സസ് സമരത്തിന് സമ്പൂര്‍ണ്ണപിന്തുണ അമേരിക്കയില്‍നിന്നും ഒരു തുറന്ന കത്ത്

Text Size  

Story Dated: Wednesday, July 19, 2017 02:17 hrs UTC

(ഡോ. സാറാ ഈശോ)

 

കേരളത്തിലെ നഴ്‌സുമാര്‍ ഇപ്പോള്‍ നടത്തിവരുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിക്കുവാനാണീ കുറിപ്പ്. കേരളത്തിലെ വിവിധ പ്രൈവറ്റ് ഹോസ്പിറ്റല്‍ മാനേജ്‌മെന്റിനും ആരോഗ്യമന്ത്രാലയത്തിനും മറ്റ് ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥര്‍ക്കുമുള്ള ഒരു തുറന്ന കത്ത് കൂടിയാണിത്. ഏതാനും ദശകങ്ങളായി കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്കുായ അഭിവൃദ്ധിയില്‍ പ്രവാസി മലയാളികളുടെ പങ്ക് വിലമതിക്കാനാവാത്തതാണ്. ആരോഗ്യമേഖലകളില്‍ പ്രത്യേകിച്ച് നഴ്‌സിംഗ് രംഗത്ത് പ്രവര്‍ത്തിക്കുന്നവരാണ് പ്രവാസിമലയാളികളില്‍ അധികപങ്കും. അമേരിക്ക, ഗള്‍ഫ്‌രാജ്യങ്ങള്‍ തുടങ്ങി വിദേശരാജ്യങ്ങളിലേക്ക് കുടിയേറിപ്പാര്‍ത്ത മലയാളിനഴ്‌സുമാര്‍ അവരുടെ കുടുംബത്തിന്റെ മാത്രമല്ല കേരളത്തിന്റെ തന്നെ മുഖഛായ മാറ്റിയെടുക്കുന്നതില്‍ സുപ്രധാനമായ പങ്ക് വഹിച്ചിട്ടുണ്ട്. വഹിക്കുന്നു, എന്നത് തര്‍ക്കമില്ലാത്ത വസ്തുതയാണ്. പക്ഷെ തുല്യവിദ്യാഭ്യാസവും, ഒരു പക്ഷെ അതിലേറെ ജോലിഭാരവുമുള്ള കേരളത്തിലെ നഴ്‌സുമാര്‍ക്ക് തീരെ തുച്ഛമായ വേതനമാണ് ലഭിക്കുന്നതെന്ന വാര്‍ത്ത വിദേശത്തുജോലി ചെയ്യുന്നവര്‍ക്ക് അവിശ്വസനീയമായി തോന്നുന്നു.

 

 

 

വൈദ്യശാസ്ത്രരംഗത്തും സാങ്കേതികവിദ്യയിലും അതിവേഗം മുന്നോട്ട് പായുന്ന കേരളത്തിന്റെ പുരോഗതിയില്‍ അഭിമാനിക്കുന്ന ഓരോ പ്രവാസിമലയാളിയും നഴ്‌സിംഗ് രംഗത്ത് പ്രവര്‍ത്തിക്കുന്ന നമ്മുടെ സഹോദരങ്ങള്‍ അനുഭവിക്കുന്ന ഈ ചൂഷണം വേദനയോടെയാണ് നോക്കിക്കാണുന്നത്. ഉപ്പ് തൊട്ട് കര്‍പ്പൂരം വരെയുള്ള വസ്തുക്കളുടെ വില കേരളത്തില്‍ ദിനംതോറും കുതിച്ചുയരുന്നുവെന്ന് നമുക്കറിയാം. ജീവിതച്ചിലവുകള്‍ പതിന്മടങ്ങായി. ഇതനുസരിച്ച് വിവിധമേഖലകളില്‍ ജോലി ചെയ്യുന്നവരുടെ വേതനവും ആനുപാതികമായിവര്‍ദ്ധിച്ചു. പക്ഷെ ഉന്നതവിദ്യാഭ്യാസം നേടി ആതുരസേവനത്തിനായി ജീവിതം ഉഴിഞ്ഞുവച്ച നമ്മുടെ സഹോദരങ്ങളോട് എന്തിനാണീ വിവേചനം? പ്രൈവറ്റ് മേഖലകളില്‍ നഴ്‌സിംഗ് പഠിക്കുവാന്‍ ചിലവാകുന്ന ഭീമമായ തുകയോട് താരതമ്യപ്പെടുത്തിയാല്‍ ഇപ്പോഴത്തെ ശമ്പളം എത്രയോ ചെറുതാണ്? നാലാംക്ലാസ് വിദ്യാഭാ്യസം പോലുമില്ലാത്ത അടുക്കളജോലിക്കാരി, ദിവസവും അഞ്ഞൂറ് രൂപ എണ്ണിമേടിക്കുന്നു!

 

 

 

നഴ്‌സിംഗ് കോളേജില്‍ അഡ്മിഷന് കോഴയും, അമിതമായ ഫീസും കൊടുത്ത് പഠിച്ചിറങ്ങിവരുന്ന കുഞ്ഞുങ്ങള്‍ക്ക് ലഭിക്കുന്നതാകട്ടെ അതിന്റെ മൂന്നിലൊന്ന് മാത്രം! ഒട്ടേറെ പ്രതീക്ഷകളുമായി മക്കളെ നഴ്‌സിംഗ് പഠിപ്പിക്കാനയയ്ക്കുന്ന കുടുംബങ്ങള്‍ക്ക് കടബാധ്യതയും കണ്ണീരും മാത്രം ബാക്കി! കേരളത്തിലെ പല ആശുപത്രികളിലും നിരവധി സമയം ചിലവഴിച്ചിട്ടുള്ളതിനാല്‍ സ്വകാര്യ ആശുപത്രികള്‍ രോഗികളില്‍നിന്നും ഈടാക്കുന്ന തുകയെക്കുറിച്ച് വ്യക്തമായ ധാരണ നമുക്കുണ്ട് “കൊള്ളലാഭം കൊയ്യുന്നവര്‍” എന്ന് വിളിക്ക് അര്‍ഹരാണ് ഒട്ടുമുക്കാലും സ്വകാര്യ ആശുപത്രികള്‍. അവിടെയുള്ള നഴ്‌സുമാരാകട്ടെ ഒരു മിനിറ്റ് പോലും വിശ്രമിക്കാതെ ഓടിനടന്ന് പണിയെടുക്കുന്നവര്‍! അര്‍ഹിക്കുന്ന വേതനം അവര്‍ക്ക് നല്‍കിയാല്‍ ഈ കൊള്ളലാഭം അല്‍പം കുറയുമെന്നല്ലാതെ ആശുപത്രികളൊന്നും പൂട്ടേണ്ടിവരുമെന്ന് തോന്നുന്നില്ല. കൊച്ചിയിലെ ഒരു പ്രമുഖസ്വകാര്യആശുപത്രിയില്‍ മാതാപിതാക്കളുടെ പരിചരണത്തിന് പലവര്‍ഷങ്ങളിലായി ദിവസങ്ങള്‍ താമസിക്കുവാനിടവന്നിട്ടുണ്ട്. കാലം കഴിയുന്തോറും ഹോസ്പിറ്റല്‍ ചിലവുകള്‍ മുകളിലേക്കും, രോഗിക്ക് ലഭിക്കുന്ന ശുശ്രൂഷയുടെ നിലവാരം താഴോട്ടും മാറുന്ന അവസ്ഥയാണവിടെ അനുഭവപ്പെട്ടത്.

 

 

 

അതിസമര്‍ത്ഥരായ നഴ്‌സുമാര്‍ പലരും സഹികെട്ട് ആശുപത്രി വിട്ടുപോയിരിക്കുന്നു. പുതുതായി നിയമിച്ചവര്‍ ജോലിഭാരം അധികരിച്ചതിനാല്‍ കഷ്ടപ്പെടുന്നു. തീര്‍ത്തും പാവപ്പെട്ട കുടുംബങ്ങളില്‍നിന്നും വരുന്നവരാണ് മിക്കവരും. അവരുടെ മുഖങ്ങളില്‍ നിഴലിടുന്ന ദൈന്യതയും നിസ്സഹായതയും ആശുപത്രി വിട്ടിട്ടും മനസ്സിനെ നൊമ്പരപ്പെടുത്തുന്നു. ആള്‍ദൈവത്തിന്റെ പേരില്‍ നടത്തുന്ന ഈ ഹോസ്പിറ്റല്‍ ചെയ്യുന്ന ചാരിറ്റിപ്രവര്‍ത്തനങ്ങള്‍ ലോകമെമ്പാടും കീര്‍ത്തിനേടിയിട്ടുണ്ട്. പക്ഷെ ഇവിടെയുള്ള നഴ്‌സുമാരും മറ്റ് ജീവനക്കാരും അനുഭവിക്കുന്നത് തികച്ചും ചൂഷണവും അനീതിയും. “ചാരിറ്റി ബിഗിന്‍സ് അറ്റ് ഹോം” എന്ന് ഇനിയെങ്കിലും ഹോസ്പിറ്റല്‍ അധികൃതര്‍ മനസ്സിലാക്കിയെങ്കില്‍! ഒരു രോഗിയുടെ പരിചരണത്തില്‍ ഡോക്ടര്‍മാര്‍ക്കൊപ്പം, ഒരുപക്ഷെ അതിലേറെ പ്രാധാന്യം അര്‍ഹിക്കുന്നവരാണ് നഴ്‌സുമാര്‍. ശമ്പളത്തിനുപുറമെ കമ്മീഷനും മറ്റ് ആനുകൂല്യങ്ങളുമായി നല്ല വരുമാനം മാസംതോറും ലഭിക്കുന്ന ഡോക്ടര്‍മാര്‍ തന്നെ തങ്ങളുടെ സഹപ്രവര്‍ത്തകരായ നഴ്‌സുമാര്‍ക്ക് നീതി ലഭിക്കുവാന്‍ മുന്‍കൈ എടുക്കേതല്ലേ?

 

 

ഒരു സ്ഥാപനത്തിന്റെ ശക്തി അതിലെ ജീവനക്കാരാണ്. ജീവനക്കാര്‍ സംതൃപ്തരല്ലെങ്കില്‍ അത് ഗുണനിലവാരത്തെ ബാധിക്കും. ശുശ്രൂഷ ചെയ്യുന്ന നഴ്‌സുമാരോട് നീതിപുലര്‍ത്താതെ, നിലവാരമില്ലാത്ത സ്ഥാപനങ്ങള്‍, മതത്തിന്റെയും ദൈവത്തിന്റെയും പേരില്‍ കെട്ടിപ്പൊക്കിയിട്ട് എന്തോ വലിയ സേവനം സമൂഹത്തിന് ചെയ്യുന്നു എന്ന് പ്രസംഗിക്കുന്ന മതമേധാവികളെയും ദൈവത്തിന്റെ പ്രതിപുരുഷന്മാരെയും പുച്ഛത്തോടെ മാത്രമേ കാണാന്‍ കഴിയൂ. “വിളക്കേന്തിയ വനിത” എന്നറിയപ്പെടുന്ന ഫ്‌ളോറന്‍സ് നൈറ്റിംഗേലിന്റെ പിന്‍ഗാമികളെ "ഭൂമിയിലെ മാലാഖമാര്‍” എന്ന് വാഴ്ത്തിപ്പാടിയാല്‍ മാത്രം പോരാ, ഈ മാലാഖമാരുടെ വീടുകളില്‍ പട്ടിണി മാറ്റാനും, കടബാധ്യതകള്‍ തീര്‍ക്കാനുമുള്ള ഉത്തരവാദിത്വവും സമൂഹത്തിനു്. ഒരാളുടെ ജനനസമയത്തും മരണവേളയിലും ദൃക്‌സാക്ഷിയാകുന്നതും, ശുശ്രൂഷിക്കുന്നതും നഴ്‌സുമാരാണ്. ആതുരശാലകളുടെ തലപ്പത്തിരിക്കുവരും, അവരെ നിയന്ത്രിക്കുന്ന ഗവണ്മെന്റും ഓര്‍ക്കേഒരു വസ്തുതയു്. ഏതൊരു മനുഷ്യനും “മരണമെത്തുന്ന നേരം” ഉാവും, അവിടെ സംരക്ഷിക്കാനും ശുശ്രൂഷിക്കാനും എത്തേത് ഏതെങ്കിലും ഒരു നഴ്‌സിന്റെ കരങ്ങളായിരിക്കും.. നിങ്ങളുടെ അനാസ്ഥയും അത്യാര്‍ത്തിയുംകൊ് ജീവിതം ഇരുളടഞ്ഞുപോകുന്ന നഴ്‌സുമാരുടെയും അവരുടെ കുടുംബങ്ങളുടെയും കണ്ണുനീരിന്റെ വില തിരിച്ചറിയാന്‍ അന്ത്യംവരെ കാത്തിരിക്കരുത്. അര്‍ഹതയുള്ള ആനുകൂല്യങ്ങള്‍ക്കായി സമരം ചെയ്യുന്ന സഹോദരങ്ങളേ, നിങ്ങള്‍ക്ക് ഞങ്ങളുടെ സമ്പൂര്‍ണ്ണപിന്തുണ… വിജയം കൈവരിക്കുന്നതുവരെ പോരാടാനുള്ള ശക്തി നിങ്ങള്‍ക്കുണ്ടാവട്ടെ.

 

 

ഡോ. സാറാ ഈശോ ലിറ്റററി എഡിറ്റര്‍, ജനനി

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From എന്റെ പക്ഷം
More
View More