You are Here : Home / എന്റെ പക്ഷം

ദിലീപിന്റെ ജാമ്യം - അമിതാവേശം ആപത്ത്

Text Size  

മൊയ്തീന്‍ പുത്തന്‍‌ചിറ

puthenchirayil@gmail.com

Story Dated: Saturday, October 07, 2017 01:09 hrs UTC

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അറസ്റ്റു ചെയ്യപ്പെട്ട നടന്‍ ദിലീപ് ആലുവ സബ് ജയിലില്‍ കിടന്നത് 85 ദിവസങ്ങള്‍. ഇതിനിടെ മൂന്നു പ്രാവശ്യം ജാമ്യത്തിനായി ശ്രമിച്ചെങ്കിലും ലഭിച്ചില്ല. സ്വാഭാവികമായും ഒരു ചോദ്യം ഉയര്‍ന്നുവരും. ദിലീപിന് മാത്രം എന്തുകൊണ്ട് ജാമ്യം നിഷേധിക്കപ്പെടുന്നു? ഒരു സാധാരണക്കാരനായിരുന്നെങ്കില്‍ എപ്പോഴേ ജാമ്യം കിട്ടിയേനെ തുടങ്ങി സമൂഹത്തില്‍ തരംഗമായിക്കൊണ്ടിരിക്കുന്ന സഹതാപ വാക്കുകളെ കുരുക്കിട്ട് പിടിച്ചുകെട്ടിയാണ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ദിലീപിന് ജാമ്യം നിഷേധിച്ചത്. ഹൈക്കോടതിയില്‍ അപേക്ഷ നല്‍കിയെങ്കിലും അതും നിരാകരിക്കപ്പെട്ടു. ഒടുവില്‍ അഞ്ചാം പ്രാവശ്യമാണ് നടന് ജാമ്യം ലഭിച്ചത്, അതും കര്‍ശന ഉപാധികളോടെ. ദിലീപ് ജയിലഴികള്‍ക്കുള്ളിലായ ദിവസം മുതല്‍ ദിലീപിനെ ആരോ മനഃപ്പൂര്‍‌വ്വം കുടുക്കിയതാണെന്നും, നീതി നിഷേധിക്കപ്പെടുകയാണെന്നുമൊക്കെയുള്ള വാര്‍ത്തകളും സോഷ്യല്‍ മീഡിയ പ്രചരണങ്ങളുമൊക്കെ തകൃതിയായി നടന്നു.

 

 

 

90 ദിവസം വരെ ജാമ്യം അനുവദിക്കാതെ അന്വേഷണ സംഘത്തിന് തെളിവുകള്‍ ശേഖരിക്കാനുള്ള സാവകാശം നല്‍കാന്‍ കോടതി തീരുമാനിച്ചതുകൊണ്ടാണ് ജാമ്യം നിഷേധിച്ചതെന്ന സാമാന്യവിവരം പോലുമില്ലാത്തവരാണ് കോടതിയേയും പോലീസിനേയും നിരന്തരം വിമര്‍ശിച്ചുകൊണ്ടിരുന്നത്. അന്വേഷണ സംഘത്തിന് സാവകാശം നല്‍കാന്‍ തക്കതായ കുറ്റം തന്നെയാണ് ദിലീപിനെതിരെയുള്ളതെന്ന്‌ കോടതി കണ്ടെത്തിയതുകൊണ്ടാണ് നാലാം തവണയും ജാമ്യാപേക്ഷ തള്ളിയത്. അപ്പോഴെങ്കിലും ദിലീപിന് നീതി നിഷേധിക്കപ്പെടുകയാണെന്ന വാദം അവസാനിപ്പിക്കാന്‍ ദിലീപ് അനുകൂലികള്‍ തയ്യാറായതുമില്ല. ദിലീപിന് നീതി നിഷേധിക്കപ്പെടുന്നുവെന്ന് ജനപ്രതിനിധികള്‍ അടക്കമുള്ളവര്‍ പറഞ്ഞപ്പോള്‍ കേസ് ഡയറി വായിച്ച കോടതികള്‍ പ്രോസിക്യൂഷന്റെ തെളിവുകള്‍ നിസ്സാരമല്ലെന്നാണ് പറഞ്ഞത്. ദിലീപ് ഒരു സെലിബ്രിറ്റിയാണ്, ഒരു സാധാരണക്കാരനായിരുന്നെങ്കില്‍ എപ്പോഴേ ജാമ്യം കിട്ടിയേനെയെന്നും സഹതാപ തരംഗം ഒഴുക്കുന്നവര്‍ വാദിച്ചിരുന്നു. ദിലീപ് ഒരു സെലിബ്രിറ്റിയാണെന്നത് തന്നെയാണ് പ്രശ്‌നം.

 

 

 

 

 

ജയിലില്‍ കഴിയുമ്പോള്‍ തന്നെ ആളുകളെ സ്വാധീനിക്കാനും തനിക്ക് അനുകൂലമായി സഹതാപ തരംഗം ഒഴുക്കാനും ദിലീപിന് കഴിഞ്ഞു. ഈ കേസില്‍ ആക്രമിക്കപ്പെട്ട നടിയും കുറ്റം നടപ്പാക്കിയ ആളുകളും അതിന് ഗൂഢാലോചന നടത്തിയവരും സാക്ഷികളും എല്ലാം സിനിമാ മേഖലയില്‍ നിന്നുള്ളവരാണ്. ദിലീപിന് പിന്തുണയുമായി നടീനടന്മാരും രാഷ്ട്രീയ പ്രവര്‍ത്തകരുമൊക്കെ ജയിലില്‍ സന്ദര്‍ശകരായിരുന്നു. ജാമ്യം ലഭിക്കുമെന്ന പ്രതീക്ഷകള്‍ അസ്തമിച്ചുകൊണ്ടിരുന്ന സമയത്താണ് അഞ്ചാം പ്രാവശ്യത്തെ ജാമ്യ ഹര്‍ജി കോടതി തീര്‍പ്പാക്കി ദിലീപിന് ജാമ്യം അനുവദിച്ചത്. ജാമ്യം നല്‍കാന്‍ കോടതി നടത്തിയ പരാമര്‍ശം - "അന്വേഷണം അന്തിമഘട്ടത്തിലാണ്. പ്രധാനപ്പെട്ട സാക്ഷികളെയൊക്കെ ചോദ്യം ചെയ്തു. തെളിവ് ശേഖരണവും ഏകദേശം പൂര്‍ത്തിയായിട്ടണ്ട്. ചില സാക്ഷിമൊഴികളും ഫൊറന്‍സിക് ഫലങ്ങളും മാത്രമേ ഇനി കിട്ടാനുള്ളൂ. നാദിര്‍ഷായെ വീണ്ടും ചോദ്യം ചെയ്യുന്ന കാര്യത്തെക്കുറിച്ച് പൊലീസ് ഒന്നും തന്നെ പറയുന്നില്ല. അതേസമയം പറഞ്ഞ സമയത്ത് കുറ്റപത്രം സമര്‍പ്പിക്കുമെന്ന് വ്യക്തമാക്കുന്നുണ്ട്. ഇതാണ് ഇപ്പോഴത്തെ സാഹചര്യം. വിചാരണയില്‍ സാക്ഷികളെ സ്വാധീനിക്കുമെന്ന ആശങ്കയില്‍ ജാമ്യം നിഷേധിക്കാന്‍ കഴിയില്ല. അതുകൊണ്ട് കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിക്കുന്നു" എന്നാണ്. 90 ദിവസം കഴിഞ്ഞാല്‍ ഏതൊരു കേസിലും കുറ്റാരോപിതന് സ്വാഭാവികമായും ജാമ്യം കിട്ടും.

 

 

 

 

 

ഈ കേസില്‍ അന്വേഷണം ഏറെക്കുറെ അവസാനിച്ചിരിക്കുകയാണ്. പ്രോസിക്യൂഷന് ആവശ്യമായ സാക്ഷിമൊഴികളെല്ലാം എടുത്തു കഴിഞ്ഞു. അങ്ങിനെയൊരാളെ ഇനിയും തടങ്കലില്‍ പാര്‍പ്പിക്കേണ്ട ആവശ്യമില്ല. അതുകൊണ്ടാണ് കോടതി ദിലീപിന് ജാമ്യം അനുവദിച്ചത്. എന്നാല്‍, ദിലീപ് ജയിലിനു പുറത്തു കടന്നയുടന്‍ അണികളും ആരാധകരും കാണിച്ചുകൂട്ടുന്ന പ്രവര്‍ത്തികള്‍ ദിലീപിനു തന്നെ പാരയായിത്തീരാന്‍ സാധ്യതയുണ്ട്. ദിലീപ് 'കുറ്റവിമുക്തനായി' ജയിലിനു പുറത്തുവന്ന പ്രതീതിയാണ് ആരാധകരില്‍. കുറ്റപത്രം സമര്‍പ്പിക്കലും, വിചാരണയും ഒന്നും നടന്നിട്ടില്ല. വിചാരണ തുടങ്ങിയാല്‍ അത് എത്ര നാള്‍ നീണ്ടുപോകുമെന്നും പറയാറായിട്ടില്ല. ക്രിമിനല്‍ ചട്ടം 120 ബി (ഗൂഢാലോചനക്കുറ്റം) യാണ് ദിലീപിനെതിരെ ചുമത്തിയിരിക്കുന്നത്. 10 മുതല്‍ 20 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം. ഈ കുറ്റം ചുമത്താന്‍ നേരിട്ടുള്ള തെളിവുകള്‍ ആവശ്യമില്ല, സാഹചര്യത്തെളിവുകള്‍ മാത്രം മതി. അവ ശേഖരിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടുണ്ടോ എന്നു മാത്രമാണ് കോടതി പരിശോധിച്ചത്. ഉണ്ടെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കുകയും ചെയ്തു.

 

 

 

 

 

 

ഇതോടെ ഏതൊരു കുറ്റാരോപിതനും നല്‍കുന്ന ജാമ്യം ദിലീപിനും ലഭിച്ചു. ഏറ്റവും അര്‍ഹമായ സമയത്ത്, അതും കര്‍ശനമായ ഉപാധികളോടെയാണ് ജാമ്യം നല്‍കിയിട്ടുള്ളത്. കേസ് വിചാരണയ്ക്ക് വരുന്ന സമയത്തുള്ള രേഖകളല്ല ജാമ്യ ഹര്‍ജി പരിഗണിക്കുമ്പോള്‍ കോടതി പരിശോധിക്കുന്നത്. വിചാരണ സമയത്ത് കുറ്റാരോപിതന്‍ കോടതിയിലെത്തുമോ, തെളിവുകള്‍ നശിപ്പിക്കാന്‍ വേണ്ടി ശ്രമിക്കുമോ, അങ്ങിനെ ശ്രമിക്കുന്നയാളാണോ എന്നൊക്കെയാണ് കോടതി പ്രധാനമായും നോക്കുന്നത്. ജാമ്യം കൊടുത്തു കഴിഞ്ഞാലും കോടതിയുടേയും പോലീസിന്റേയും നിരീക്ഷണത്തിലായിരിക്കും. അതായത് നിയമത്തിന്റെ ചട്ടക്കൂട്ടില്‍ തന്നെയായിരിക്കും ആ വ്യക്തി. ഏതെങ്കിലും കാരണവശാല്‍ ജാമ്യവ്യവസ്ഥ തെറ്റിക്കുന്നു എന്നു കണ്ടാല്‍ ആ നിമിഷം ജാമ്യം റദ്ദാക്കുകയും വീണ്ടും ജയിലിലേക്ക് പോകേണ്ടതായും വരും. ഇതാണ് സത്യമെന്നിരിക്കെ ദിലീപ് പുറത്തുവന്നയുടന്‍ ദിലീപിന് വേണ്ടി ആര്‍പ്പുവിളിക്കുന്നവരും ചാനലുകളില്‍ വന്നിരുന്ന് ഘോരഘോരം വാദിക്കുന്നവരും രാമലീലയ്ക്ക് ശേഷമുള്ള ദിലീപിന്റെ രണ്ടാമത്തെ വിജയമായാണ് ഇതിനെ കണക്കാക്കുന്നത്. തന്നെയുമല്ല, നീതി ജയിച്ചുവെന്നും കേരളാ പോലീസിനെ പരിഹസിച്ചും വിജയഭേരി മുഴക്കുകയാണ് ദിലീപ് ആരാധകരും ഫാന്‍സ് അസ്സോസിയേഷനും.

 

 

 

 

 

 

അത് ഗുണത്തേക്കാളേറെ ദോഷമേ ചെയ്യൂ എന്ന് ദിലീപ് മനസ്സിലാക്കണം. ജനാധിപത്യത്തോടുള്ള വെല്ലുവിളി പോലെയാണ് ദിലീപ് ഫാന്‍സ് അസ്സോസിയേഷനും സിനിമാ മേഖലയില്‍ തന്നെയുള്ള ചിലരുടേയും പ്രവര്‍ത്തനങ്ങളും പ്രസ്താവനകളും. ഗണേഷ്‌കുമാറും പി.സി. ജോര്‍ജുമൊക്കെ ജനപ്രതിനിധികളായിരുന്നിട്ടുപോലും യാതൊരു മാനദണ്ഡങ്ങളുമില്ലാതെയാണ് പ്രസ്താവനകള്‍ പടച്ചുവിടുന്നത്. അതെല്ലാം ദിലീപിനെതിരെ തിരിയാനുള്ള സാധ്യതകള്‍ ഏറെയാണ്. ദിലീപ് ഇപ്പോഴും നിയമത്തിന്റെ ചട്ടക്കൂടില്‍ തന്നെയാണെന്ന യാഥാര്‍ത്ഥ്യം വിസ്മരിച്ചുകൊണ്ടാണ് അവര്‍ പ്രതികരിക്കുന്നത്. മാധ്യമങ്ങളോട് സംസാരിക്കുന്നതിനുപോലും ദിലീപിന് നിയന്ത്രണങ്ങളുണ്ട്. ആരവങ്ങളും ആര്‍പ്പുവിളികളും ചെണ്ട കൊട്ടലും ഫ്ലക്സ് സ്ഥാപിക്കലും സ്വീകരണങ്ങളുമൊക്കെ ദിലീപിന് തന്നെ ഹാനികരമാകുമെന്ന് അവര്‍ മനസ്സിലാക്കുന്നില്ല. അന്വേഷണത്തെ ബാധിക്കുന്ന എതെങ്കിലും നടപടികള്‍ ദിലീപിന്റെ ഭാഗത്തു നിന്നുണ്ടായാല്‍ ഉടനെ ജാമ്യം റദ്ദാക്കാനുള്ള അപേക്ഷ നല്‍കാന്‍ പ്രോസിക്യൂഷന് അവകാശമുണ്ട്. അതുകൊണ്ടുതന്നെ വ്യക്തിപരമായ താത്പര്യമെടുത്ത് അനുയായികളെ നിയന്ത്രിക്കേണ്ട ബാധ്യത ദിലീപിനുണ്ട്.

 

 

 

 

 

അതല്ല ഈ രീതിയിലാണ് കാര്യങ്ങള്‍ പോകുന്നതെങ്കില്‍ ഇപ്പോള്‍ കിട്ടിയ ജാമ്യം ദിലീപിന് നാളെയുണ്ടാകില്ല. മറ്റൊരു പ്രധാന വിഷയം ദിലീപിനെതിരെ കേന്ദ്ര എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണമാണ്. ദിലീപ് ജയിലിലായതിനുശേഷം ദിലീപിന്റെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കുന്നതിന് കേന്ദ്ര എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ ആലുവ പോലീസ് ക്ലബിലെത്തി അന്വേഷണ സംഘത്തില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ചിരുന്നു. നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ടുള്ള ഗൂഢാലോചനയ്ക്ക് അറസ്റ്റിലായതിനു പിന്നാലെ ദിലീപിന്റെ ഭൂമിയിടപാടുകളും റിയല്‍ എസ്റ്റേറ്റ് ബന്ധങ്ങളും സംബന്ധിച്ച വിവരങ്ങളും പുറത്തുവന്നിരുന്നു. കൊച്ചിയില്‍ മാത്രം 37ല്‍ അധികം ഭൂമിയിടപാടുകള്‍ ദിലീപ് നടത്തിയതായുള്ള രേഖകളാണു പുറത്തുവന്നത്. കൊച്ചിക്കു പുറമെ ആറു ജില്ലകളിലായി നിരവധി ഭൂമിയിടപാടുകള്‍ ദിലീപ് നടത്തിയെന്നാണു രജിസ്ട്രേഷന്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ അന്വേഷണ സംഘത്തിനു നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ടിലെ വിവരം. മതിപ്പുവിലയില്‍നിന്നും മാര്‍ക്കറ്റ് വിലയില്‍നിന്നും ഏറെ കുറച്ചുകാണിച്ചാണ് ദിലീപ് ഓരോ സ്ഥലമിടപാടുകളും നടത്തിയിരിക്കുന്നതെന്നും സൂചനയുണ്ട്.

 

 

 

 

 

 

കൂടാതെ ദിലീപ് നിര്‍മിച്ച സിനിമകള്‍, റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍, തിയേറ്ററുകള്‍, മറ്റ് ബിസിനസ് ബന്ധങ്ങള്‍ എന്നിവയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിച്ചത്. ഇവയുടെ സാമ്പത്തിക സ്രോതസ് സംബന്ധിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് വ്യക്തമായ തെളിവുകളും ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അവയില്‍ ദിലീപിന്റെ നേതൃത്വത്തില്‍ നടന്ന വിദേശ സ്റ്റേജ് ഷോകള്‍, റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകള്‍ എന്നിവയിലായിരുന്നു മുഖ്യമായും അന്വേഷണം നടന്നത്. നടിയെ ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചനക്കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കിയ ഉടനെ ഈ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള അന്വേഷണം ആരംഭിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ദിലീപ് റിമാന്റില്‍ കഴിഞ്ഞിരുന്ന കാലത്ത് ജയില്‍ സന്ദര്‍ശനം നടത്തി പ്രസ്താവനകളിറക്കിയ ചലച്ചിത്ര രംഗത്തെ ചിലരും ഇപ്പോള്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിനു ശേഷമുള്ള അവരുടെ പ്രസ്താവനകളും കൂട്ടി വായിക്കുമ്പോള്‍ ഇന്ത്യയിലെ, പ്രത്യേകിച്ച് കേരളത്തിലെ, നിയമവ്യവസ്തകളേയും നീതിന്യായ വ്യവസ്തകളേയും തെല്ലും മാനിക്കത്തവരാണ് ചലച്ചിത്ര രംഗത്തുള്ളവരെന്ന് മനസ്സിലാകും.

 

 

 

 

 

 

 

ഉദാഹരണത്തിന് നടനും മുന്‍ മന്ത്രിയും ഇപ്പോള്‍ എം.എല്‍.യുമായ ഗണേഷ്‌കുമാറിന്റെ പ്രസ്താവന തന്നെയെടുക്കാം - "‘ദിലീപിന് അമ്മയില്‍ അംഗത്വമുണ്ടെങ്കിലും ഇല്ലെങ്കിലും അഭിനയിക്കാന്‍ കഴിയും. മമ്മൂട്ടിയാണു ദിലീപിന്റെ പ്രാഥമിക അംഗത്വം റദ്ദാക്കിയെന്നു വ്യക്തമാക്കിയത്. എന്നാല്‍, അമ്മയുടെ നിയമങ്ങള്‍ അനുസരിച്ച് ഇതു സാധ്യമല്ല. അംഗത്വത്തില്‍നിന്നു സസ്‌പെന്‍ഡ് ചെയ്യാം. അതിനുശേഷം വിശദമായ അന്വേഷണങ്ങള്‍ക്കു ശേഷം അച്ചടക്ക സമിതിക്കു മാത്രമേ പുറത്താക്കാന്‍ അവകാശമുള്ളൂ. അതുകൊണ്ടു മമ്മൂട്ടിയുടെ പ്രഖ്യാപനം അടിസ്ഥന രഹിതമാണ്. പൃഥ്വിരാജിനെ പ്രീതിപ്പെടുത്താനായിരുന്നു അത്. നിലവില്‍ അമ്മയുടെ ഭാഗമാകണോ വേണ്ടയോ എന്നതു ദിലീപിനു തീരുമാനിക്കാം. ഞാനായിരുന്നു സ്ഥാനത്തെങ്കില്‍ തിരികെ പ്രവേശിക്കില്ല. പൊന്നുകൊണ്ടു പുളിശേരി വച്ചുതരാമെന്നു പറഞ്ഞാലും അമ്മയിലേക്കു പോകില്ല. ദിലീപിന് ശക്തമായി സിനിമകളുമായി മുന്നോട്ടു പോകാം. ദിലീപിനു ജാമ്യം കിട്ടിയതില്‍ അങ്ങേയറ്റം സന്തോഷിക്കുന്നു. അദ്ദേഹത്തിനൊപ്പം നില്‍ക്കാന്‍ കഴിയുന്നതില്‍ അഭിമാനിക്കുന്നു. മാധ്യമങ്ങള്‍ എത്ര ആക്രമിച്ചാലും ഇതാണു നിലപാട്. ജനങ്ങളും അദ്ദേഹത്തിനൊപ്പമാണ്." ഒരു ജനപ്രതിനിധിയെന്ന നിലയ്ക്ക് പറയാന്‍ പാടില്ലാത്ത കാര്യങ്ങളാണ് ഗണേഷ്‌കുമാര്‍ പറഞ്ഞിരിക്കുന്നത്. നീതിന്യായവ്യവസ്തയ്ക്ക് തെല്ലും വില കല്പിക്കുന്നില്ലെന്നു മാത്രമല്ല, ദിലീപിന്റെ അറസ്റ്റിനു പിന്നില്‍ മമ്മൂട്ടിയും പൃഥ്വിരാജും മറ്റുമൊക്കെ ഉണ്ടെന്നും ഗണേഷ്‌കുമാര്‍ പറയാതെ പറഞ്ഞുവെച്ചു. ദിലീപിന്റെ അറസ്റ്റിനെത്തുടര്‍ന്ന് തിയ്യേറ്റര്‍ സംഘടനയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് അവരോധിക്കപ്പെട്ട ആന്റണി പെരുമ്പാവൂര്‍ ആ സ്ഥാനം ദിലീപിന് തിരിച്ചു നല്‍കിയപ്പോള്‍ പറഞ്ഞത് ദിലീപിനെക്കുറിച്ച് ഇപ്പോഴുള്ളത് വെറും കേട്ടുകേള്‍‌വി മാത്രമാണെന്നാണ്. അതായത് ദിലീപ് യാതൊരു കുറ്റവും ചെയ്തിട്ടില്ല എന്ന്. ഗണേഷ്‌കുമാറിന്റെ പരസ്യപ്രസ്താവനക്ക് ശേഷം അതുവരെ സം‌യമനം പാലിച്ചിരുന്ന ദിലീപ് ഫാന്‍സ് അസ്സോസിയേഷന്‍ കൊലവിളിയുമായി എത്തിക്കഴിഞ്ഞു. പൃഥ്വിരാജിനെതിരെയും മാധ്യമങ്ങള്‍ക്കെതിരെയുമാണ് അവര്‍ സൈബര്‍ ആക്രമണം അഴിച്ചുവിട്ടിരിക്കുന്നത്. പൃഥ്വിരാജിനെ കൂടാതെ ചാനല്‍ അവതാരകന്‍ വിനു വരെ ഫാന്‍സിന്റെ ഹിറ്റ് ലിസ്റ്റിലുണ്ടായിരുന്നു. മുന്‍ ഡിജിപി സെന്‍കുമാറിനെ അവര്‍ വാഴ്ത്തുന്നു. അദ്ദേഹമായിരുന്നത്രേ ദിലീപിനെ അറസ്റ്റില്‍ നിന്ന് ഒഴിവാക്കി നിര്‍ത്തിയത്. തുടക്കത്തില്‍ ദിലീപിന് ജയ് വിളിച്ചുകൊണ്ടിരുന്ന ഇവര്‍, ദൃശ്യമാധ്യമങ്ങള്‍ തത്സമയ സംപ്രേഷണം ആരംഭിച്ചതോടെ മുദ്രാവാക്യങ്ങളുടെ സ്വഭാവം മാറ്റുകയായിരുന്നുവെന്നു പറയുന്നു. ‘പൃഥ്വിരാജേ നിന്നെപ്പിന്നെ കണ്ടോളാം… സെന്‍കുമാറിനഭിവാദ്യങ്ങള്‍’ എന്നിങ്ങനെയായിരുന്നു ആദ്യ മുദ്രാവാക്യങ്ങള്‍.

 

 

 

 

 

 

പിന്നീട് ഇവ കുറേക്കൂടി രൂക്ഷമായി. ദിലീപിനെതിരെ പ്രതികരണം നടത്തിയ സ്ത്രീകളെ മൊബൈലിലെ തുണ്ടുപടത്തിലാക്കും അതിന് ദിലീപേട്ടന്‍ ഒന്ന് മനസ്സുവെച്ചാല്‍ മാത്രം മതിയെന്നും ദിലീപ് ആരാധകരുടെ പേരില്‍ ലോസേര്‍സ് മീഡിയ എന്ന ഫേസ്ബുക് പേജില്‍ വന്ന പോസ്റ്റ് നേരത്തെ വിവാദമായിരുന്നു. ബലാത്സംഗക്കേസില്‍ ദിലീപ് റിമാന്‍ഡില്‍ കഴിയുമ്പോള്‍ പിആര്‍ പ്രചാരണം നടത്തിയ ഫേസ്ബുക് പേജുകളില്‍ ഒന്നായിരുന്നുവത്രേ ഇത്. ദിലീപ് നിരപരാധിയോ അപരാധിയോ ആകട്ടെ, കോടതിയില്‍ വിചാരണ തുടങ്ങി അന്തിമ വിധി വരുന്നത് വരെ കാത്തിരിക്കാനുള്ള ക്ഷമ ദിലീപ് ആരാധകരും ഫാന്‍സ് അസ്സോസിയേഷനും കാണിച്ചില്ലെങ്കില്‍ 'വെളുക്കാന്‍ തേച്ചത് പാണ്ടായി' എന്നു പറഞ്ഞ പോലെയാകും ദിലീപിന്റെ അവസ്ഥ.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.More From എന്റെ പക്ഷം
More
View More