-ബീയാര്‍ പ്രസാദ്
ഏതൊരാള്‍ക്കും തങ്ങളുടെ രചനയില്‍ എന്തെങ്കിലും പ്രത്യേകത തോന്നുന്നതാകും ഓരോ പാട്ടും. പ്രത്യേകിച്ചും അതില്‍ ആത്മാംശം കടന്നു കൂടിയിട്ടുണ്ടെങ്കില്‍ അത് ഒരു എഴുത്തുകാരനെ സംബന്ധിച്ചിടത്തോളം വളരെയധികം പ്രിയപ്പെട്ടതായിരിക്കും. കുട്ടനാടിനെക്കുറിച്ച് ഒരു ഗാനം വേണമെന്ന് സിബി മലയില്‍ ആവശ്യപ്പെട്ടതിന്റെ ഫലമാണ് 'ജലോത്സവം' എന്ന ചിത്രത്തിലെ 'കേരനിരകള്‍' എന്ന ഗാനം. കുട്ടനാട്ടുകാരനായ ഒരാള്‍ തന്റെ നാടിനെക്കുറിച്ച് അഭിമാനം കൊള്ളുന്നതോടൊപ്പം തന്നെ തന്റെ നാടിന്റെ സൗന്ദര്യത്തെക്കുറിച്ച് മറ്റുള്ളവരോട് പറഞ്ഞ് അവര്‍ക്ക് ആ നാടു കാണാന്‍ താല്പ്പര്യമുണര്ത്തുക എന്നതാണ് ആ പാട്ടിന്റെ ലക്ഷ്യം. അത് ചിത്രത്തിന്റെ ടൈറ്റില്‍ സോംഗായിരുന്നു. കുട്ടനാടാണ് അതിന്റെ പശ്ചാത്തലം. വാക്കുകള്‍ കൊണ്ട് വരഞ്ഞിടുന്ന കാവ്യാത്മകമായ ഒരനുഭവം പ്രേക്ഷകര്‍ക്ക് ഉണ്ടാക്കിക്കൊടുക്കണം എന്നൊരുദ്ദേശ്യം അതിന്റെ പിന്നിലുണ്ടായിരുന്നു. അങ്ങനെ അല്‍ഫോണ്‍സ് എന്ന സംഗീതജ്ഞന്റെ സംഗീതത്തിനനുസരിച്ച് എഴുതപ്പട്ടവയാണ് ആ വരികള്‍. വരികളെഴുതാനായി എനിക്ക് വളരെയധികം സമയം അനുവദിക്കുകയും ചെയ്തിരുന്നു സിബി മലയില്‍. പാട്ട് നന്നാക്കുക എന്നത് ഏതൊരു കുട്ടനാട്ടുകാരന്റെയും സ്വാഭാവികമായ ചുമതലയും കടമയുമാണ്. കുട്ടനാട്ടുകാരനായ ഞാന്‍ എഴുതിയ കുട്ടനാടിനെക്കുറിച്ചുള്ള ഒരു പാട്ട് മോശമാവുകയാണെങ്കില്‍ എന്റെ പേരിനു തന്നെയാവും അതു ദോഷം ചെയ്യുക. അതു കൊണ്ട് പ്രത്യേകിച്ചൊന്നും പറയുന്നില്ല. നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് എത്ര സമയം വേണമെങ്കിലും എടുത്തെഴുതിക്കോളൂ എന്നു പറഞ്ഞു. അതെനിക്ക് വലിയ വെല്ലുവിളിയായിരുന്നു.
അത്യധികമായി നിര്‍ബന്ധിക്കാതെ, ഒരു കഥയുടെ സ്വാഭാവികതയും പ്രത്യേകതകളും നിറഞ്ഞ സന്ദര്‍ഭങ്ങളില്ലാതെ ഒരാശയത്തെ മാത്രം മുന്‍നിര്‍ത്തിക്കൊണ്ടു വേണം പാട്ടെഴുതാന്‍. കുട്ടനാടിന്റെ ഹരിതാഭമായ ഭംഗിയാണ് ഏതൊരു സഞ്ചാരിയുടെയും മനസിലുണ്ടാവുക. പച്ചപ്പട്ടു വിരിച്ച പാടങ്ങള്‍ക്ക് നടുവിലൂടെ കടന്നു പോകുന്ന ഒരാളുടെ ഭാവത്തില്‍ നമ്മുടെ നാടിനെ ഒന്നു സങ്കല്പ്പിച്ചു നോക്കാന്‍ ശ്രമിക്കുകയായിരുന്നു ആദ്യം ചെയ്തത്. കേരനിരകള്‍ എന്ന പ്രയോഗത്തിലൂടെയാണ് അതിനു പ്രത്യേകത കൈവരുന്നത്. കാരണം തെങ്ങിന് തോപ്പുകള്‍ എവിടെയുമുണ്ട്. പക്ഷേ ദൂരെ വരമ്പില്‍ ഒരേ നിരയായി നില്ക്കുന്ന തെങ്ങുകളുടെ ഒരു രൂപം കുട്ടനാടിന്റെ മാത്രം പ്രത്യേകതയാണ്. അതുപോലെ അരിയ നേരിനാല്‍ എന്ന വരി, അതിലെ അരിയ എന്നതിന് ഏറ്റവും ശ്രഷ്ഠമായ എന്നാണര്‍ത്ഥം. കൂടാതെ അരി എന്ന വാക്കും വരുന്നുണ്ട് അതില്‍. അന്നത്തെക്കുറിച്ച് പറയുന്നത് കേരളത്തിന്റെ നെല്ലറ എന്നതില്‍ നിന്നാണ്. എനിക്ക് മാത്രമല്ല, മറ്റുള്ളവര്‍ക്കു കൂടി അന്നമുട്ടേണ്ടത് എന്റെ ഉത്തരവാദിത്തമാണ് എന്ന് ചിന്തിക്കുന്ന പറപ്പുലയന്മാരുണ്ടായിരുന്നു ഇവിടെ. കൃഷിയെ രക്ഷിക്കാന്‍ ആത്മത്യാഗം ചെയ്ത അവരെപ്പോലെ ഇവിടുത്തെ മണ്ണും അന്യനെ അന്നമൂട്ടാന്‍ ത്യാഗം ചെയ്യുന്നതാണ്. ഇവയൊക്കെയാണ് ആ വരികളിലൂടെ വരച്ചിട്ടിരിക്കുന്നത്.
പാരലല്‍ കോളേജില്‍ അധ്യാപകനായിരുന്ന കാലത്ത് ഞാന്‍ പഠിപ്പിച്ച പല കുട്ടികളും ജീവിതത്തിന്റെ നൈരന്തര്യത്തില്‍ കര്‍ഷകത്തൊഴിലാളികളായി മാറി പാടത്ത് പണിക്കു പോകുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ഒരുങ്ങിച്ചമഞ്ഞു നടന്ന സുന്ദരികളായിരുന്ന അവര്‍ക്ക് സ്വന്തം സൗന്ദര്യത്തെ ചെളിയില്‍ പൂഴ്ത്തേണ്ടി വന്നു. അവര്‍ക്ക് കാലില്‍ സ്വര്ണപ്പാദസരമണിയാനാകില്ല. പകരം അവരുടെ കാലുകളില്‍ കുട്ടനാടന്‍ ചെളിയുടെ പതയാണ് കൊലുസായി കിടക്കുന്നത്. ഒപ്പം അവരുടെ കൈകളില്‍ ഞാറിന്റെ ഓലകള്‍ കൊണ്ടുള്ള പച്ച വളയിട്ടു കൊടുക്കുകയും ചെയ്യുന്നു കുട്ടനാട്. കാമുകനെ പ്രതീക്ഷിച്ചു നില്ക്കുന്ന പെണ്ണിന്റെ മനസാണ് കുട്ടനാടിനുമുള്ളത്. പാടത്തിനു നടുവില്‍ ധ്യാനനിരതനായിരിക്കുന്ന കൊക്ക് ഒരു കാമുകിയെപ്പോലെയാണ്. ഏകാന്തധ്യാനത്തിലൂടെയേ ഒരു മീനിനെ അതിന് കൊത്തിയെടുക്കാനാവൂ. ആ മനസാണ് ഈ മണ്ണിനും ഇവിടെ കൃഷി ചെയ്യുന്ന പെണ്ണിനും. കുട്ടനാടിന് അതിന്റേതായ ഗന്ധം പോലുമുണ്ട്. കുട്ടനാടന്‍ വള്ളംകളി പോലും ഈ കാര്‍ഷിക സംസ്കാരത്തിന്റെ ഭാഗമാണ്. അങ്ങനെ എന്റെ നാടിന്റെ ഓരോ ചലനങ്ങളുമാണ് ഞാനതില്‍ കുറിച്ചിട്ടത്.
ചിത്രത്തില്‍ ഈ ഗാനം ടൈറ്റില്‍ സോംഗായാണ് ഉപയോഗിക്കുന്നത്. അതുകൊണ്ടു തന്നെ പിന്നണിപ്രവര്‍ത്തകരുടെ പേരെഴുതിക്കാണിക്കുമ്പോഴാണ് ഈ പാട്ട് കേള്‍ക്കുന്നത്. അതുകൊണ്ടു തന്നെ ഈ പാട്ട് ചിത്രീകരണ സ്വഭാവത്തോടു കൂടി ഒരിക്കല്‍ പോലും ടിവിയില്‍ കണ്ടിട്ടില്ല. ചിത്രത്തില്‍ പൂര്‍ണമായും ഉപയോഗിക്കാത്ത ഒരു പാട്ട്. അതില്‍ പൂര്‍ണമായും ഉപയോഗിച്ച ഒരു പാട്ടുണ്ട്. 'കുളിരില്ലം വാഴും കരുമാടിപ്പെണ്ണാളേ' എന്ന പാട്ട്. ആ പാട്ടിനേക്കാളേറെ ശ്രദ്ധിക്കപ്പെട്ടത് ഈ ഗാനമായിരുന്നു. അതിനെവിടെയെങ്കിലും ഒരു വശ്യത ഉണ്ടായിരുന്നിരിക്കാം. അതു കൊണ്ടു തന്നെ പലരുടെയും ആവശ്യപ്രകാരം ചിത്രത്തിലെ തന്നെ ചില ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് ആരോ രണ്ടാമത് ചിത്രീകരിച്ചതാണ് ഇപ്പോള്‍ ടെലിവിഷനില്‍ കാണുന്ന പാട്ട്. അത് ആരോ കൗതുകപൂര്‍വ്വം ഉണ്ടാക്കിയെടുത്തതാണ്. അതിനു മുമ്പ് കല്ല്യാണവീഡിയോ എടുക്കുന്ന പേരു പോലും അജ്ഞാതമായ സമര്‍ത്ഥരായ ചിലര്‍ ഈ ഗാനം വരികളോടു ചേരുന്ന ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തി ചിത്രീകരിച്ചു. പല വീഡിയോകളിലും ടൈറ്റിലാക്കി അത് ഉപയോഗിക്കുകയും ചെയ്തു. പിന്നീട് ലോകമെമ്പാടുമുള്ള മലയാളി സമാജങ്ങള്‍ അവരുടെ പരിപാടികളില്‍ ഈ പാട്ടുപയോഗിച്ചു. പിന്നീട് കേരളത്തിന്റെ തന്നെ ഐക്കണായി മാറി ഈ ഗാനം. യാദൃശ്ചികമായി സംഭവിച്ച ഒന്ന്. അതിന്റെ പേരില്‍ പലരുമെന്നെ തിരിച്ചറിഞ്ഞു. പലരും പാട്ട് ശ്രദ്ധേയമായി എന്നഭിപ്രായപ്പെട്ടു. ജനം സ്വീകരിച്ചു. അത് കുട്ടനാടിന്റയും എന്റെയും ഭാഗ്യം. എന്തു തന്നെയായാലും ഈ ഗാനത്തെ സ്വീകരിച്ചതിന് ഞാന്‍ എല്ലാവരോടും എന്നും അങ്ങേയറ്റം നന്ദിയുള്ളവനായിരിക്കും.
Comments