You are Here : Home / എന്റെ പക്ഷം

ബബ് സ്റ്റോക്ക് നിരോധനത്തിന് കടമ്പകളേറെ

Text Size  

ഏബ്രഹാം തോമസ്

raajthomas@hotmail.com

Story Dated: Tuesday, October 24, 2017 12:15 hrs UTC

വാഷിംഗ്ടണ്‍: ലാസ് വ്ഗസില്‍ 58 പേര്‍ വെടിയേറ്റ് മിനിട്ടുകള്‍ക്കുള്ളില്‍ മരിക്കുവാന്‍ കാരണമായത് തുരുതുരെ വെടി വയ്ക്കുവാന്‍ സഹായിക്കുന്ന ബബ് സ്ക്ക് എന്ന ഉപകരണം തോക്കുകളില്‍ ഘടിപ്പിക്കുവാന്‍ കഴിഞ്ഞത് കൊണ്ടാണ് എന്ന കണ്ടെത്തലിന് ശേഷം ബബ് സ്റ്റോക്കുകള്‍ നിരോധിക്കണം എന്ന ആവശ്യം ശക്തമായി ഉയര്‍ന്നു. ഈ പശ്ചാത്തലത്തില്‍ ഈ ഉപകരണത്തിന്റെ വില്പന കുതിച്ചുയര്‍ന്നതായാണ് കച്ചവടക്കാര്‍ പറയുന്നത്. ഒരു സാധനം നിരോധിക്കപ്പെടും എന്നറിയുമ്പോള്‍ അത് എങ്ങനെയെങ്കിലും കൈക്കലാക്കണം എന്ന പൊതുജന മനഃശാസ്ത്രമായി ഇതിനെ ചിലര്‍ വിശേഷിപ്പിച്ചു. ബബ് സ്റ്റോക്കിന് മേല്‍ നിരോധനം ഏര്‍പ്പെടുത്തുക എളുപ്പമല്ല. കാരണം പലരും ലാസ് വേഗസ് ദുരന്തത്തിന് മുന്‍പ് വാങ്ങുകയോ സംഭവം നടന്ന് മണിക്കൂറുകള്‍ക്കുള്ളിലോ ദിവസങ്ങള്‍ക്കുള്ളിലോ സ്വന്തമാക്കിയതാണ്.

 

 

 

ആയിരക്കണക്കിന് ബബ് സ്‌റ്റോക്കുകള്‍ നിയമപരമായി വാങ്ങുകയോ നിയമപരമായി സ്വന്തമാക്കുകയോ ചെയ്തതാണ്. ഇത് നിരോധിച്ചാലും ഓട്ടോമാറ്റിക് തോക്ക് വേണമെന്നുള്ളവര്‍ക്ക് പതിനായിരങ്ങള്‍ മുടക്കിയാല്‍ 1986 ല്‍ യന്ത്രത്തോക്കുകള്‍ക്ക് നിരോധം വന്നവരില്‍ നിന്ന് സ്വന്തമാക്കുവാന്‍ കഴിയും. പശ്ചാത്തല പരിശോധനയും കൈമാറ്റ ഫീസ് 200 ഡോളറും നല്‍കിയാല്‍ മതി. ബബ് സ്‌റ്റോക്ക് വേഗസ് സംഭവത്തിന്റെ റിപ്പോര്‍ട്ടുകളില്‍ ഘാതകന്റെ ഹോട്ടല്‍ മുറിയില്‍ ഇത് കണ്ടെത്തിയെന്ന് പറയുന്നത് വരെ അധികമാര്‍ക്കും 'പരിചിത' മായിരുന്നില്ല. മുന്‍പ് അധികമാരും ഉപയോഗിച്ചിരുന്നുമില്ല. ഓസ്റ്റിനിലെ സെന്‍ട്രല്‍ ടെക്‌സസ് ഗണ്‍ വര്‍ക്‌സ് ഉടമ മൈക്കേല്‍ കാര്‍ഗില്‍ ഒരു നിരോധനം വന്നാല്‍ ശക്തമായി എതിര്‍ക്കും എന്ന് പറയുന്നു. നിയമം നടപ്പാക്കുന്നതില്‍ കാര്‍ഗില്‍ സഹകരിക്കുകയും ഇല്ല. വേഗസ് സംഭവം വരെ ഈ വര്‍ഷം വിറ്റത് ഏതാണ്ട് 20 ബബ് സ്റ്റോക്കുകളാണ്.

 

 

 

 

 

വേഗസിന് ശേഷം 24 മണിക്കൂറിനുള്ളില്‍ സ്‌റ്റോക്കുണ്ടായിരുന്ന 23 എണ്ണവും വിറ്റുതീര്‍ന്നു. അയാളുടെ 10 വിതരണക്കാരും പെട്ടെന്ന് സ്റ്റോക്ക് കാലിയായി എന്നാണ് പറയുന്നത്. പുതിയ സ്റ്റോക്ക് എപ്പോള്‍ വരുമെന്ന് ഇവര്‍ക്കോ കാര്‍ഗിലിനോ അറിയില്ല. സാന്‍ഡി ഹുക്ക് എലിമെന്ററി ദുരന്തത്തിന് ശേഷം എആര്‍ 15 തോക്കുകളുടെ വില്പന പെട്ടെന്ന് വര്‍ധിച്ചത് കാര്‍ഗില്‍ അനുസ്മരിച്ചു. 'ദിവസവും 100 എണ്ണം വീതം വിറ്റു', അയാള്‍ പറയുന്നു. അനുകൂല, പ്രതികൂല വാദികളുടെ മുറവിളികള്‍ തുടരുകയാണ്. കാലിഫോര്‍ണിയായില്‍ നിന്നുള്ള ഡെമോക്രാറ്റിക് സെനറ്റര്‍ ഡയാല്‍ ഫീന്‍സ്റ്റീന്‍ അവതരിപ്പിച്ച ബില്ലില്‍ ബബ് സ്റ്റോക്ക് ഉടമകള്‍ 180 ദിവസത്തിനകം തങ്ങളുടെ കൈവശം ഉള്ളവ നശിപ്പിക്കുകയോ അധികാരികള്‍ക്ക് നല്‍കുകയോ ചെയ്യണമെന്ന് ആവശ്യപ്പെടുന്നു. 90 ദിവസത്തിന് ശേഷം ബബ് സ്റ്റോക്കിന്റെ വില്പനയും ഉപയോഗവും നിരോധിക്കണം എന്നാവശ്യപ്പെടുന്നത് ജനപ്രതിനിധി സഭയ്ക്ക് മുന്‍പിലുള്ള കാര്‍ലോസ് കര്‍ബലോ(ഫ്‌ളോറിഡ റിപ്പബ്ലിക്കന്‍), സേത്ത് മഗ്രള്‍ടണ്‍(മാസച്യൂസറ്റ്‌സ് ഡെമോക്രാറ്റ്) എന്നിവരുടെ ബില്ലാണ്. ബില്ലിന് 10 ഡെമോക്രാറ്റുകളുടെയും 10 റിപ്പബ്ലിക്കനുകളുടെയും പിന്തുണയുണ്ട്.

 

 

 

 

ബബ് സ്റ്റോക്കുകള്‍ക്ക് മേല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന് ചര്‍ച്ചകള്‍ നടത്താന്‍ സന്നദ്ധരാണെന്ന് റിപ്പബ്ലിക്കന്‍ നേതാക്കളായ പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പും സ്പീക്കര്‍ പോള്‍ റയാനും ടെക്‌സസില്‍ നിന്നുള്ള സെനറ്റര്‍ ജോണ്‍ കോര്‍നിനും അറിയിച്ചു. സെനറ്റിലെ രണ്ടാമത്തെ റിപ്പബ്ലിക്കന്‍ നേതാവായ കോര്‍നിന്‍ സെനറ്റ് ജുഡീഷ്യറി കമ്മിറ്റി വേഗസ് കൂട്ടക്കൊലയെക്കുറിച്ച് ഈ മാസം തന്നെ വിചാരണ നടത്തണമെന്ന് ആവശ്യപ്പെട്ടു. ദിവസങ്ങള്‍ക്ക് ശേഷം കോര്‍നിന്‍ ബ്യൂറോ ഓഫ് ആല്‍ക്കഹോള്‍, ടുബാക്കോ ഫയര്‍ ആംസ് ആന്റ് എക്‌സ്‌പ്ലോസിവ്‌സിനയച്ച കത്തില്‍ 2010 ല്‍ ബബ് സ്‌റ്റോക്ക് വില്പന അനുവദിച്ച തീരുമാനവും ബബ് സ്റ്റോക്ക് ഉപകരണവും വീണ്ടും പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു. നാഷ്ണല്‍ റൈഫിള്‍ അസോസിയേഷന്‍ സാധാരണ തോക്ക് നിയന്ത്രണശ്രമങ്ങള്‍ക്ക് എതിരാണ്. എന്നാല്‍ ബബ് സ്‌റ്റോക്കുകള്‍ പുനഃപരിശോധന ചെയ്യുന്നതില്‍ തങ്ങള്‍ക്ക് എതിര്‍പ്പില്ല എന്നറിയിച്ചു. അതേ സമയം സെനറ്റിലെയും പ്രതിനിധി സഭയിലെയും നിയമശ്രമങ്ങള്‍ എതിര്‍ത്തു. ഇവ മനഃപൂര്‍വ്വം പരിധി ലംഘിക്കുവാനും സാധാരണ കൈവശം വയ്ക്കുന്ന തോക്കുകളുടെ അനുബന്ധ ഉപകരണങ്ങള്‍ നിരോധിക്കുവാനും ഉള്ള നീക്കങ്ങളായി എന്‍ആര്‍എ വിശേഷിപ്പിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From എന്റെ പക്ഷം
More
View More