ലോകത്തിലെ ഏറ്റവും മികച്ച ആശയവിനിമയ സംവിധാനമായി വാട്‌സ് ആപ്പ് വളര്‍ന്നത് വളരെ പെട്ടെന്നാണ്. ഇന്‍സ്റ്റന്റ് മെസേജിങ് മാത്രം ചെയ്യുന്നതു കൊണ്ട്, എല്ലാവര്‍ക്കും വളരെയെളുപ്പം കമ്മ്യൂണിക്കേഷന്‍ സാധ്യമായി. ഇത്തരം സന്ദേശങ്ങള്‍ കൈമാറാനുള്ള സാങ്കേതികവിദ്യകള്‍ ഇന്ന് ഒട്ടനവധിയുണ്ടങ്കിലും വാട്‌സ് ആപ്പ് പോലെ യൂസര്‍ ഫ്രണ്ട്‌ലിയായത് വേറെയൊന്നുമില്ലെന്നു പറയേണ്ടി വരും. അങ്ങനെ പരസ്പരം മിണ്ടാനും പറയാനും കഴിയുന്നതിന് അപ്പുറത്ത് ഒരു കൂട്ടമാളുകള്‍ ചേര്‍ന്ന് സംസാരിക്കാനും അവസരമൊരുക്കിയ വാട്‌സ് ആപ്പിന് നന്ദി. ഇത് ഒരു വിപ്ലവമാണെന്നു പറയാതെ വയ്യ, സാങ്കേതികത കൊണ്ട് മാനവീകയതയെ സ്വാധീനിച്ച വിപ്ലവം. ഇന്ന് കുടുംബവിശേഷങ്ങള്‍ പങ്കു വെക്കാന്‍, കൂട്ടുകാരുടെ വിശേഷങ്ങള്‍ പങ്കു വയ്ക്കാന്‍, ജോലി സ്ഥലത്തെ വിശേഷങ്ങള്‍ പങ്കു വയ്ക്കാന്‍, വാര്‍ത്തകളറിയാന്‍ ഒക്കെ നിരവധി ഗ്രൂപ്പുകള്‍ ഓരോരുത്തര്‍ക്കമുണ്ട്. ചിലര്‍ അത് നന്നായി ഉപയോഗിക്കുന്നുമുണ്ട്. എന്നാല്‍ എപ്പോഴെങ്കിലും ഈ ഗ്രൂപ്പിലെ സന്ദേശങ്ങള്‍ ശല്യമായി നിങ്ങള്‍ക്കു തോന്നിയിട്ടുണ്ടോ?
അവ നിങ്ങളുടെ ഫോണ്‍ മെമ്മറി കാര്‍ന്നു തിന്നുന്നുവെന്നും, പലപ്പോഴും ശല്യമാണെന്നും തോന്നിയിട്ടുണ്ടോ? ചിലപ്പോള്‍ എനിക്ക് അങ്ങനെ തോന്നിയിട്ടുണ്ടെന്നത് സത്യമാണ്. എന്റെ ഫോണില്‍ നിരവധി ഗ്രൂപ്പുകളുണ്ട്. അവയില്‍ വന്നു നിറയുന്ന പിക്ചര്‍ സന്ദേശങ്ങള്‍ അവ ഉപകാരപ്രദമാണെങ്കില്‍ കൂടി ആവശ്യത്തില്‍ കൂടുതലായതു കൊണ്ട് പലപ്പോഴും ശല്യമായി അനുഭവപ്പെട്ടിട്ടുണ്ട്. വിവിധ ഗ്രൂപ്പുകളില്‍ ഒരേ പോലെയുള്ള സന്ദേശങ്ങള്‍ വരുന്നത് അരോചകമായി തോന്നിയിട്ടുണ്ട്. ഔദ്യോഗിക ഗ്രൂപ്പുകളില്‍ ചിലപ്പോള്‍ ജന്മദിന സന്ദേശങ്ങളും ചിലപ്പോള്‍ വ്യക്തികളെ സംബന്ധിച്ച സ്തുതിഗീതങ്ങളും വരുമ്പോഴും അങ്ങനെ തന്നെ. എപ്പോഴും വാട്‌സ് ആപ്പില്‍ നിറഞ്ഞു നില്‍ക്കുന്നവര്‍ കുത്തിയിരുന്ന് ഫോര്‍വേഡ് ആയി ലഭിക്കുന്ന സന്ദേശങ്ങള്‍ വീണ്ടും വീണ്ടും അയയ്ക്കുമ്പോള്‍ അവരോടു ദേഷ്യവും തോന്നാറുണ്ട്. ഇതിലൊക്കെ അവര്‍ക്കെന്ത് മാനസിക സുഖമാണ് ലഭിക്കുന്നതെന്ന് അതിശയിക്കാറുമുണ്ട്. നൂറു പേരുള്ള ഒരു ഗ്രൂപ്പില്‍ ഒരാളുടെ ജന്മദിനം വരുന്നു. ഒരാള്‍ അതു ഷെയര്‍ ചെയ്യുന്നു. മറ്റു നൂറു പേരും അതേറ്റു പാടുന്നു. എന്തൊരു അരോചകം! എഴുത്തുകാരന്‍ എന്ന് അഭിമാനിക്കുന്ന കുറേ പേരുണ്ട്. മരണവാര്‍ത്ത എഴുതുന്നവനും പത്രകാരനാകുന്ന കലികാലമാണല്ലോ ഇത്. ആ മരണവാര്‍ത്ത വന്ന ഓരോ മാധ്യമത്തിന്റെയും ലിങ്കുകള്‍ വാട്‌സ് ആപ്പിലിട്ട് സായൂജ്യം അടയുന്നവരുടെ മനോനില എന്താണാവോ?
ഞാന്‍ അഡ്മിന്‍ ആയ ഒന്നു രണ്ടു ഗ്രൂപ്പുകളുണ്ട്. അവയില്‍ അനാവശ്യമായ ഒരു പോസ്റ്റും അനുവദിക്കാറില്ല. ഗ്രൂപ്പിന്റെ നിയമാവലി അനുസരിക്കാനും പാലിക്കാനും എല്ലാവര്‍ക്കും സാധിക്കുന്നുവെന്നതാണ് ആ ഗ്രൂപ്പിന്റെ മാഹാത്മ്യം. രാവിലെ ഉണര്‍ന്നു നോക്കുമ്പോള്‍ ചില ഗ്രൂപ്പുകളില്‍ പ്രഭാതവന്ദനങ്ങളുടെ പിക്ചറുകളും ജിഫ് ഇമേജുകളും വീഡിയോകളുമായിരിക്കും. അത് ഡിലീറ്റ് ചെയ്യുകയെന്നതു തന്നെ വലിയൊരു പണിയാണ്. അങ്ങനെ ചെയ്തില്ലെങ്കില്‍ ആയിരക്കണക്കിനു സന്ദേശങ്ങളാല്‍ ഫോണ്‍ മെമ്മറി നിറഞ്ഞു പോകുമോയെന്നും അതിനിടയ്ക്ക് ആവശ്യമുള്ള സന്ദേശങ്ങള്‍ നഷ്ടപ്പെട്ടു പോകുമോയെന്നും ഞാന്‍ ഭയപ്പെടാറുണ്ട്. എന്റെ സന്ദേഹങ്ങളൊക്കെയും ഞാന്‍ എന്റെ നിരവധി സുഹൃത്തുക്കളുമായി പങ്കുവച്ചപ്പോള്‍ അവര്‍ക്കും സമാനമായ ചിന്തയാണ് ഉള്ളതെന്നു മനസ്സിലായി. വാട്‌സ് ആപ്പ് ശരിക്കും ഒരു ആപ്പായി മാറിയോയെന്നാണ് അവരും ചിന്തിച്ചത്. വാട്‌സ് ആപ്പ് മികച്ചതാണെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. എന്റെ പ്രശ്‌നം വിവിധ ആവശ്യങ്ങള്‍ക്കായി രൂപീകരിക്കപ്പെട്ട ഗ്രൂപ്പിലെ അനാവശ്യമായ സന്ദേശങ്ങളാണ്.
ഒരു ഗ്രൂപ്പ് എന്തിനാണോ രൂപീകരിച്ചിരിക്കുന്നത്, അതിനു തീരെ യോജിക്കാത്ത വിധത്തിലുള്ള സന്ദേശങ്ങളാണ് അതിനുള്ളില്‍ വന്നു നിറയുന്നതും, നമ്മള്‍ വായിക്കാനും നോക്കാനും നിര്‍ബന്ധിക്കപ്പെടുന്നതും. ഇത് അയയ്ക്കുന്നവര്‍ ഒരിക്കലും മനസ്സിലാക്കുന്നില്ല. അവര്‍ക്കത് ഒരു വിനോദമാണ്. എന്നാല്‍ ഈ വിനോദത്തിന്റെ പരിധി ലംഘിച്ചാണ് പലരുടെയും പെരുമാറ്റം. ഇക്കാര്യം തുറന്നു പറഞ്ഞാല്‍, പിന്നെ വിരോധമായി. അതു കൊണ്ട് തന്നെ പലരും ശല്യങ്ങള്‍ സഹിക്കുന്നു. എന്നാല്‍ നമ്മള്‍ പണം കൊടുത്തു വാങ്ങിച്ച, പണം കൊടുത്ത് ഉപയോഗിക്കുന്ന ഫോണില്‍ ഇങ്ങനെ മറ്റുള്ളവരുടെ ശല്യം സഹിക്കേണ്ടതുണ്ടോ? പലരും ഇക്കാര്യത്തില്‍ അജ്ഞരായിട്ടാണോ, അതോ അനൗചിത്യം കാണിച്ചു കൊണ്ട് മറ്റുള്ളവരുടെ മുന്നില്‍ ഹീറോ ചമയാനാണോ എന്നൊക്കെ ചോദിച്ചാല്‍ എനിക്കറിയില്ല. ഇക്കാര്യത്തില്‍ സമൂഹം ചില അച്ചടക്കങ്ങള്‍ പുലര്‍ത്തിയേ പറ്റൂ എന്നു മാത്രം പറയട്ടെ. ഇത്തരം സന്ദേശങ്ങള്‍ വന്നു നിറയുന്നതു കൊണ്ട് പലപ്പോഴും ഫോണ്‍ മെമ്മറി ഫുള്ളാവുന്നു, ഫോണ്‍ ഹാങ്ങാവുന്നു എന്നൊരു പ്രശ്‌നമുണ്ട്. അതൊരു സാങ്കേതിക പ്രശ്‌നമാണ്. എന്നാല്‍ അതിനപ്പുറത്ത്, മറ്റൊരാള്‍ ഇത്തരം സന്ദേശങ്ങളെ എങ്ങനെ കാണുന്നുവെന്ന് അയയ്ക്കുന്നവര്‍ എന്താണോ മനസ്സിലാകാത്തത്? ഓരോ ഗ്രൂപ്പിനും ഓരോ ആവശ്യകതയാണുള്ളത്. അത് ഗ്രൂപ്പില്‍ വ്യക്തമായി രേഖപ്പെടുത്തിയിട്ടുമുണ്ടാവും. അത് കാണുമ്പോള്‍ തന്നെ അംഗങ്ങള്‍ക്ക് വ്യക്തമാകുമല്ലോ ഗ്രൂപ്പ് എന്തിനുള്ളതാണെന്ന്. പോസ്റ്റുകളെല്ലാം വിഷയത്തില്‍ ഒതുങ്ങണമെന്നു കര്‍ശനമായ നിര്‍ദേശങ്ങള്‍ കൊടുത്താല്‍ പോലും പലരും ഇക്കാര്യത്തില്‍ ഒട്ടും വിവേകം കാണിക്കാറില്ല. എല്ലാ ഗ്രൂപ്പിലും ഒരുപോലെ പോസ്റ്റുകള്‍ വേണം എന്ന ശാഠ്യം കൊണ്ട് നിരന്തരമായി പോസ്റ്റ് ചെയ്യുന്നവരെയും കാണുമ്പോള്‍ ഒന്നോര്‍ക്കാറുണ്ട്. എന്തിനു വേണ്ടിയാണോ, വാട്‌സ് ആപ്പ് ഗ്രൂപ്പ് തുടങ്ങിയത്, അതില്‍ നിന്നൊക്കെ വ്യതിചലിച്ച് സ്ഥിരമായി നടത്തുന്ന വെറുപ്പിക്കലുകളിലാണ് ചിലര്‍ സായൂജ്യം തേടുന്നത്.
ഇക്കാര്യത്തില്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോക്താവ് എന്ന നിലയില്‍ ഓരോരുത്തരും പുലര്‍ത്തേണ്ടുന്ന അച്ചടക്കബോധം ഓരോ ഫോര്‍വേഡുകളിലും പുലര്‍ത്തണം. ആവശ്യമില്ലാത്തതൊന്നും മറ്റൊരിടത്തും നിക്ഷേപിക്കരുത്. ഇത്തരം സന്ദേശങ്ങള്‍ നല്‍കുന്നതു കൊണ്ടു പ്രത്യേകിച്ച് ആരുമൊന്നും നേടുന്നുമില്ല, നഷ്ടപ്പെടുത്തുന്നുമില്ല. ഓരോന്നിനും അതിന്റേതായ ഗൗരവമുണ്ട്. അതു കാണിക്കേണ്ടിയിരിക്കുന്നു. വാസ്തവത്തില്‍ ഇങ്ങനെ ഫോര്‍വേഡ് മെസേജുകള്‍ അയയ്ക്കുന്നവര്‍ തുറന്നു കാട്ടുന്നത് അവരുടെ തന്നെ വ്യക്തിത്വമാണ്. സന്ദേശങ്ങള്‍ സത്യമാണോ, യാഥാര്‍ത്ഥ്യമാണോ എന്നു പോലും നോക്കാതെ കുത്തിയിരുന്ന് ഫോര്‍വേഡ് ചെയ്യുന്നവര്‍ അനുഭവിക്കുന്ന മാനസികസുഖത്തിനു പിന്നില്‍ തെളിയുന്നത് അവരുടെ മനോ ദൗര്‍ബല്യമാണ്. ഇത്തരക്കാര്‍ക്ക് കൗണ്‍സിലിങ്ങ് വേണം. അവരുടെ ചെയ്തികള്‍ മറ്റുള്ളവര്‍ക്കുണ്ടാക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് അവരെ ബോധ്യപ്പെടുത്തണം. ഇത് ഒരു വിമര്‍ശനമല്ല. മറിച്ച് നമുക്ക് നടത്തിയെടുക്കേണ്ട ശീലങ്ങളാണ്. അത് വാട്‌സ് ആപ്പില്‍ നിന്നും തുടങ്ങേണ്ടിയിരിക്കുന്നു...
Comments