You are Here : Home / എന്റെ പക്ഷം

എനിക്ക്‌ ഒരു നല്ല ഭാര്യയാകാന്‍ പറ്റുമോ ?

Text Size  

Aswamedham News Team

mail@aswamedham.com

Story Dated: Tuesday, March 04, 2014 01:22 hrs UTC

ഭാവന എപ്പോഴും അങ്ങനെയാണ്‌ കലപില സംസാരിച്ചുകൊണ്ടേയിരിക്കും. എന്ത്‌ കാര്യവും ധൈര്യമായി തുറന്നു പറയും. ഒരു ചോദ്യത്തില്‍നിന്നും ഒളിച്ചോടില്ല. ഈ ആത്മധൈര്യമാണ്‌ ഭാവനയുടെ കരുത്ത്‌. നായികമാര്‍ വന്നു പോയിക്കൊണ്ടിരിക്കുന്ന മലയാള സിനിമയില്‍ 12 വര്‍ഷം നായികയായി തുടരുക എന്നത്‌ ചെറിയ കാര്യമല്ല. അതില്‍ ഏറെയും അഭിനയ പ്രാധാന്യമുള്ള വേഷങ്ങള്‍. ഭാവന സിനിമയേ അത്രമേല്‍ സ്‌നേഹിക്കുന്നുണ്ട്‌. അതിനുവേണ്ടി എത്ര ഹാര്‍ട്ട്‌വര്‍ക്ക്‌ ചെയ്യാനും അവര്‍ക്കു മടിയില്ല. പ്രണയത്തെക്കുറിച്ച്‌ ജീവിതത്തെക്കുറിച്ച്‌ ഫിറ്റ്‌നെസിനെക്കുറിച്ച്‌ ഭാവന തുറന്നു പറയുന്നു.

വിവാഹത്തെക്കുറിച്ച്‌ ചിന്തിച്ച്‌ തുടങ്ങിയോ?
സ്‌കൂളില്‍ പഠിക്കുന്ന സമയം മുതല്‍ അഭിനയിക്കുന്ന ആളാണ്‌ ഞാന്‍. അച്‌ഛനും അമ്മയ്‌ക്കും ചേട്ടനും ഒപ്പമുള്ള ജീവിതത്തില്‍ ഉത്തരവാദിത്വങ്ങള്‍ ഒന്നും ഏറ്റെടുക്കേണ്ടിവരുന്നില്ല. എന്റേതു മാത്രമായ ജീവിതത്തില്‍ അങ്ങനെ പറ്റില്ലല്ലോ? അതോര്‍ക്കുമ്പോഴാണ്‌ ടെന്‍ഷന്‍. എനിക്ക്‌ ഒരു നല്ല ഭാര്യയാകാന്‍ പറ്റുമോ എന്ന്‌ മനസില്‍ തോന്നാറുണ്ട്‌.

പ്രണയ വിവാഹമാകാനാണോ സാധ്യത?
പ്രണയം എല്ലാവരുടെ ജീവിതത്തിലും സംഭവിക്കുന്നതല്ലേ. അതേക്കുറിച്ചൊന്നും ഇപ്പോള്‍ പറയുന്നില്ല. എന്തായാലും എന്റെ വിവാഹം എല്ലാവരേയും അറിയിച്ചുകൊണ്ടു മാത്രമേ നടക്കൂ. വീട്ടുകാരേ വേദനിപ്പിക്കുന്ന ഒരു തീരുമാനവും എടുക്കാന്‍ എനിക്കാവില്ല. പ്രണയ വിവാഹമാണോ അല്ലയോ ആരാണ്‌ വരന്‍ എന്നൊക്കെ അപ്പോള്‍ അറിയാമല്ലോ?

ഭാവനയെ കണ്ടാല്‍ ബോളിവുഡ്‌ നടിമാരെപ്പോലുണ്ട്‌?
ബോളിവുഡ്‌ നടിമാരാണ്‌ ശരീരസംരക്ഷണത്തില്‍ എന്റെ മാതൃക. വിവാഹം ഒക്കെ കഴിഞ്ഞ്‌ രണ്ട്‌ കുട്ടികളായശേഷവും അവര്‍ ബോഡി മെയന്റെയിന്‍ ചെയ്യുന്നത്‌ കാണുമ്പോള്‍ അസൂയ തോന്നാറുണ്ട്‌.

ഗോസിപ്പുകള്‍ക്ക്‌ സിനിമയില്‍ പഞ്ഞമില്ലല്ലോ? അത്‌ കേള്‍ക്കുമ്പോള്‍ സങ്കടം വരാറില്ലേ?
മനസില്‍പ്പോലും വിചാരിക്കാത്ത കാര്യങ്ങളാണ്‌ ഗോസിപ്പായി കേള്‍ക്കുന്നത്‌. സിസിഎല്‍ മായി ബദ്ധപ്പെട്ട്‌ വന്ന പ്രണയ വാര്‍ത്തകളിലൊന്നും ഒരു സത്യവുമില്ല. നമ്മള്‍ ആത്മാര്‍ഥമായി വിശ്വസിക്കുന്നര്‍ വിഷമിപ്പിക്കുക, സ്വപ്‌നത്തില്‍പോലും വിചാരിക്കാത്ത കാര്യങ്ങള്‍ മറ്റുള്ളവര്‍ പറഞ്ഞു പരത്തുക ഇതെല്ലാം പെട്ടെന്ന്‌ ടെന്‍ഷന്‍ ഉണ്ടാക്കും. എന്നെ അറിയുന്നവര്‍ക്ക്‌ എന്നെ മനസിലാക്കാനും കഴിയും. അതുകൊണ്ട്‌ ഗോസിപ്പുകളെ അതിന്റെ വഴിയ്‌ക്കു വിടും.

എല്ലാ കാര്യങ്ങളും വളരെ പോസിറ്റീവായി എടുക്കുന്ന ആളാണെന്ന്‌ തോന്നുന്നല്ലോ?
എനിക്ക്‌ എന്റേതായ പ്രശ്‌നങ്ങള്‍ ഉണ്ട്‌. അതിനെ കൈകാര്യം ചെയ്യുന്ന രീതിയാണ്‌ വ്യത്യസ്‌തം. എന്നോട്‌ നെഗറ്റീവായി ഒട്ടും ശുപാപ്‌തി വിശ്വാസമില്ലാതെ സംസാരിക്കുന്നവരുടെയൊപ്പം ഇരിക്കാന്‍ എനിക്കു ഇഷ്‌ടമില്ല. എന്തെങ്കിലും സങ്കടങ്ങള്‍ ഉണ്ടായാലും അതു കുറച്ചു നേരത്തേക്കേയുള്ളൂവെന്ന്‌ കരുതി സ്വയം ആശ്വസിക്കും.

എന്താണ്‌ ഭാവനയുടെ സിനിമയ്‌ക്കപ്പുറമുള്ള ഇഷടങ്ങള്‍?
മരിക്കുന്നതിനുമുമ്പ്‌ ഭൂമിയിലുള്ള എല്ലാ നല്ല സ്‌ഥലങ്ങളും കാണണം. മനുഷ്യ നിര്‍മിതമായ എല്ലാം അടുത്തുനിന്ന്‌ കണ്ടറിയണം. വ്യത്യസ്‌തതയുള്ള ഭക്ഷണങ്ങള്‍ കഴിക്കണം. ധാരാളം ആളുകളെ പരിചയപ്പെടണം. ഇതൊക്കെ എന്റെ വലിയ ആഗ്രഹങ്ങളാണ്‌.

സിനിമാ താരമായപ്പോള്‍ ജീവിതത്തില്‍ എന്തൊക്കെ മാറ്റങ്ങളാണ്‌ വന്നത്‌?
വ്യക്‌തിപരമായി ഞാന്‍ മാറിയിട്ടില്ല. എന്നാല്‍ ഫിറ്റ്‌നെസില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. വീട്ടിലായാലും ഷൂട്ടിംഗിനു പോകുമ്പോഴും ജിമ്മില്‍ പോകുന്നത്‌ ഒഴിവാക്കാറില്ല. പത്തു ദിവസമോ മറ്റോ ആയിരിക്കും ഷൂട്ടിങ്‌ തിരക്കിനിടയില്‍ വീട്ടില്‍ എത്താന്‍ കഴിയുന്നത്‌. ആ സമയത്തും വ്യായാമം മുടക്കില്ല. സിനിമയ്‌ക്കു വേണ്ടി എത്ര ഹാര്‍ട്ട്‌വര്‍ക്ക്‌ ചെയ്യാനും എനിക്ക്‌ മടിയില്ല. ഇനിയും നല്ല നല്ല വേഷങ്ങള്‍ ചെയ്യണമെന്നാണ്‌ എന്റെ ആഗ്രഹം. സിനിമ എത്രനാള്‍ നമ്മുടെ ഒപ്പം ഉണ്ടാവുമെന്ന്‌ പറയാനാവില്ല. അതുകൊണ്ട്‌ അഭിനയ പ്രാധാന്യമുള്ള ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങള്‍ മാത്രമേ ഇപ്പോള്‍ തെരഞ്ഞെടുക്കുന്നുള്ളൂ.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From എന്റെ പക്ഷം
More
View More