You are Here : Home / എന്റെ പക്ഷം

ഭാഗ്യം ചെയ്ത നായികമാരാണ് ഞങ്ങളുടെ തലമുറയിലുള്ളത്

Text Size  

Story Dated: Tuesday, March 25, 2014 11:09 hrs UTC

തന്മയത്വമുള്ള കഥാപാത്രങ്ങളിലൂടെ നമ്മുടെ ഹൃദയത്തിലേക്ക് കയറിയ നടിയാണ് രേഖ.റാംന്ചി ചിറാവു സ്പീക്കിങ്ങിലെ റാണി, ഏയ് ഓട്ടോയിലെ മീനു, ദശരഥത്തിലെ ആനി അങ്ങനെ വ്യത്യസ്തമായ എത്ര കഥാപാത്രങ്ങള്‍... ആരേയും മോഹിപ്പിക്കുന്ന സംവിധായകരുടെ ചിത്രങ്ങളും സൂപ്പര്‍ സ്റ്റാറുകളുടെ നായിക പദവിയുമായി കത്തിനില്‍ക്കുമ്പോള്‍ അതെല്ലാം വേണ്ടെന്നുവച്ച് വിവാഹിതയായി. അഭിനയം രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നൊരാള്‍ക്ക് അങ്ങനെ അധികനാള്‍ വീട്ടിലിരിക്കാനാവില്ലല്ലോ. രണ്ടാം വരവിലും ഹൃദയ സ്പര്‍ശിയായ കഥാപാത്രങ്ങളിലൂടെ രേഖ തിളങ്ങി. ചൈന്നെ നുങ്കംപങ്കത്തെ വീട്ടിലിരുന്ന് അശ്വമേധത്തോട്‌വിശേഷങ്ങള്‍ പങ്കുവയ്ക്കുമ്പോള്‍ രേഖയ്ക്കരിയില്‍ മകള്‍ അഭിയുമുണ്ട്.

രേഖ മലയാളിയാണെന്ന് പലര്‍ക്കും അറിയില്ല?
ചേര്‍ത്തല ഏഴുപുന്നയാണ് എന്റെ നാട്. കുട്ടിക്കാലത്ത് അച്ഛന്റെ ജോലിക്കൊപ്പം മാറി മാറി താമസിക്കേണ്ടിവന്നു. അങ്ങനെ ഊട്ടിയിലെത്തി. അവിടെ കോണ്‍വെന്റ് സ്‌കൂളിലാണ് ഞാന്‍ പഠിച്ചത്. എന്റെ സ്‌കൂള്‍ ഫോട്ടോ യാദൃശ്ചികമായി കണ്ട തമിഴിലെ പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ കലൈമണി സാര്‍ എന്നെക്കുറിച്ച് ഭാരതിരാജ സാറിനോട് പറഞ്ഞു. അങ്ങനെയാണ് സാര്‍ എന്നെ അഭിനയിക്കാന്‍ വിളിക്കുന്നത്.

ദശരഥത്തിലെ അമ്മ റോള്‍ ഏറെ വ്യത്യസ്തമായിരുന്നു. ആ കഥാപാത്രത്തെ എങ്ങനെ അത്ര മനോഹരമാക്കാന്‍ കഴിഞ്ഞു?
ദശരഥം ചെയ്യുന്ന സമത്ത് എനിക്ക് ആ റോള്‍ ചെയ്യാനുള്ള പക്വതയൊന്നുമില്ലായിരുന്നു. സിബി സാറിന്റെയും ലാല്‍ സാറിന്റെയും ലോഹിതദാസ് സാറിന്റെയും മാന്ത്രിക സ്പര്‍ശമാണ് ഇത്രയും വര്‍ഷം കഴിഞ്ഞിട്ടും ആ സിനിമ ഹൃദയസ്പര്‍ശിയായി നില്‍ക്കുന്നതിനു പിന്നില്‍. അവര്‍ പറഞ്ഞുതന്നതു ഞാന്‍ അതേപടി അഭിനയിക്കുകയായിരുന്നു. അതുകൊണ്ടു മാത്രമാണ് അത്രയെങ്കിലും ചെയ്യാന്‍ കഴിഞ്ഞത്. ഇപ്പോഴെനിക്ക് അമ്മയുടെ വികാരങ്ങള്‍ എന്താണെന്ന് നന്നായി അറിയാം. അന്ന് അങ്ങനെയല്ലല്ലോ. പഠിച്ചുകൊണ്ടിരിക്കുന്ന പ്രായം. ഒരു ടെസ്റ്റിയൂബ് ബേബിയുടെ അമ്മയാവണമെങ്കില്‍ അത്രയും പക്വത വേണം. അഭിനയിച്ചു കഴിഞ്ഞപ്പോള്‍ ലാല്‍ സാര്‍ (മോഹന്‍ലാല്‍) അഭിനന്ദിച്ചു. സിബി സാറ്, പൊന്നമ്മ ചേച്ചി, സുകുമാരി അമ്മ എല്ലാവരും പറഞ്ഞു നല്ല കാരക്ടറാണ് മോള്‍ക്ക് കിട്ടിയതെന്ന്. അവരെപ്പോലുള്ള വലിയ ആര്‍ട്ടിസ്റ്റുകള്‍ അത് പറഞ്ഞപ്പോള്‍ വലിയ സന്തോഷം തോന്നി. ആനിയുടെ കഥാപാത്രമൊന്നും ആളുകളുടെ മനസില്‍നിന്ന് ഒരിക്കലും മാഞ്ഞുപോകില്ല. അത്ര വികാരതീവ്രമായ സിനിമയാണത്.

ഒരു പക്വത രേഖയുടെ ജീവിതത്തില്‍ എപ്പോഴും ഉണ്ട്. നടിയുടെ ഗ്ലാമര്‍ ജീവിതത്തിലേക്ക് പോകാന്‍ തോന്നിയിട്ടില്ലേ?
ഒരിക്കലും ഒരു നടിയുടെ ആഡംബര ജീവിതത്തിലേക്ക് ഞാന്‍ പോയിട്ടില്ല. ജീവിതം വേറെ സിനിമ വേറെ അങ്ങനെ കാണാനാണ് എനിക്കിഷ്ടം. 'അയ്യേ ഇവര്‍ എന്താ ഇങ്ങനെ' എന്നു തോന്നിപ്പിക്കുന്ന ഒരു കഥാപാത്രത്തിലും ഞാന്‍ അഭിനയിച്ചിട്ടില്ല. ആള്‍ക്കാരുടെ വെറുപ്പു നേടാതെ ചീത്തപേരു കേള്‍പ്പിക്കാതെ അഭിനയിക്കാന്‍ കഴിഞ്ഞു. സിനിമരംഗത്തും ഒരാളും ഇതുവരെ എന്നോട് മോശമായി പെരുമാറിയിട്ടില്ല.

സിനിമയിലേ സൗഹൃദങ്ങള്‍ക്ക് ആഴം കുറവാണെന്ന് പലരും പറയാറുണ്ട്. രേഖയ്ക്ക് എന്ത് തോന്നുന്നു?
എനിക്ക് സുഹൃത്തുക്കള്‍ വളരെക്കുറവാണ്. ലൊക്കേഷനിലൊക്കെ വച്ചു കാണുമ്പോള്‍ എല്ലാവരുമായി സംസാരിക്കാറുണ്ട്. അതിനപ്പുറമുള്ള സൗഹൃദങ്ങളൊന്നും ആരുമായുമില്ല. ശോഭന, ഉര്‍വ്വശി, രേവതി, സുഹാസിനി എല്ലാവരും സ്‌നേഹത്തോടെയാണ് പെരുമാറിയിട്ടുള്ളത്. ഒന്നിച്ച് അഭിനയിച്ച കാലത്തു മാത്രമല്ല ഇപ്പോഴും ആ സ്‌നേഹം അവര്‍ക്കുണ്ട്. പുതിയ നായികമാരില്‍ സംവൃത സുനില്‍ നല്ല കുട്ടിയാണ്. ആദ്യം കണ്ട അതേ സ്വഭാവമാണ് ഇപ്പോഴും. ചിലര്‍ അങ്ങനെയല്ല. ആദ്യം കാണുന്ന സ്വഭാവമായിരിക്കില്ല പിന്നീട്. അവസരത്തിനനുസരിച്ച് സ്വഭാവം മാറിക്കൊണ്ടിരിക്കും. അതെനിക്ക് ഇഷ്ടമല്ല.

എപ്പോഴായിരുന്നു വിവാഹം?
1997 ല്‍. കൊച്ചിയില്‍ എന്റെ അങ്കിളിന്റെ വീടിന്റെ അടുത്താണ് ഹാരിസിന്റെ വീട്. അവിടെ വച്ചാണ് ഞങ്ങള്‍ പരിചയപ്പെടുന്നത്. പരിചയമുള്ള ഒരാളെ കല്യാണം കഴിക്കുമ്പോള്‍ കംഫര്‍ട്ട് കൂടുതലായിരിക്കുമല്ലോ. അങ്ങനെ കല്യാണം കഴിക്കാമെന്ന് തീരുമാനിക്കുകയായിരുന്നു (രേഖ നാണത്തോടെ ചിരിക്കുന്നു). എന്റെ വീട്ടുകാര്‍ക്ക് ആദ്യം ചില്ലറ എതിര്‍പ്പുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ സ്‌നേഹത്തിലാണ്. ഹാരിസിന് ബിസിനസാണ് ചൈന്നെയില്‍. അതുകൊണ്ട് ഇവിടെതന്നെ ഞങ്ങള്‍ സെറ്റിലായി. മകള്‍ അഭി.

സിനിമയുടെ ബഹളങ്ങളില്‍നിന്ന് കുടുംബിനിയായി ഒതുങ്ങിക്കൂടാന്‍ എങ്ങനെ കഴിഞ്ഞു?
തിരക്കിനിടയില്‍നിന്നുള്ള ഇടവേള ബോറടിപ്പിക്കുന്നതുതന്നെയാണ്. എന്നാല്‍ കുടുംബജീവിതത്തിന്റെ തിരക്കില്‍ അതൊന്നും അറിഞ്ഞില്ല. ആരുടെ അടുത്തും മോളെ ആക്കിയിട്ടു മാറിനില്‍ക്കാന്‍ എനിക്കു മനസുവന്നില്ല. അവള്‍ സ്‌കൂളില്‍ പോകാന്‍ തുടങ്ങിയപ്പോഴാണ് വീണ്ടും അഭിനയിച്ചു തുടങ്ങിയത്. സിനിമയുടെ ബഹളങ്ങളില്‍നിന്ന് പെട്ടെന്ന് ഒഴിഞ്ഞു മാറാന്‍ ഒരു അഭിനേതാവിന് ആവില്ല. കുറച്ചു വര്‍ഷത്തേക്ക് മാറി നില്‍ക്കാനാവുമായിരിക്കും. പക്ഷേ അഭിനയം പൂര്‍ണമായും ഉപേക്ഷിക്കാനാവില്ല.


നായിക പ്രാധാന്യമുള്ള സിനിമകള്‍ കുറഞ്ഞുവരികയാണോ ഇപ്പോള്‍?
ശരിയ്ക്കും ഭാഗ്യം ചെയ്ത നായികമാരാണ് ഞങ്ങളുടെ തലമുറയിലുള്ളത്. അത് മലയാള സിനിമയുടെ സുവര്‍ണ കാലഘട്ടമായിരുന്നു. പഞ്ചാഗ്നി, ആകാശദൂത് തുടങ്ങി സ്ത്രീ പ്രാധാന്യമുള്ള എത്ര കഥാപാത്രങ്ങളാണുഅന്നുണ്ടായിട്ടുള്ളത്. ഇനി ഒരിക്കലും ആ കാലം തിരിച്ചു വരികയില്ല. അന്നും ഇന്നും ഞാന്‍ അവസരം ചോദിച്ച് എങ്ങും പോയിട്ടില്ല. എന്നെ അന്വേഷിച്ച് വന്ന കഥാപാത്രങ്ങള്‍ മാത്രമാണ് ചെയ്തിട്ടുള്ളത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From എന്റെ പക്ഷം
More
View More