നവരാത്രിമണ്ഡപത്തിലെ നടക്കാത്ത കച്ചേരി- ബിച്ചു തിരുമല
മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ചിത്രങ്ങള്‍ക്കു വേണ്ടി പാട്ടുകളെഴുതി. മൊത്തം 416 പടങ്ങള്‍. അതില്‍ എല്ലാ പാട്ടുകളും എനിക്കിഷ്ടമാണ്. എങ്കിലും ജയവിജയന്‍മാര്‍ സംഗീതം നിര്‍വഹിച്ച് ഭീംസിംഗ് സംവിധാനം ചെയ്ത 'നിറകുടം' എന്ന ചിത്രം. യേശുദാസാണ് ഗാനരംഗത്തില്‍ പാടി അഭിനയിക്കുന്നത്.
നക്ഷത്രദീപങ്ങള്‍ തിളങ്ങി………..
നവരാത്രിമണ്ഡപമൊരുങ്ങി………….
സ്വാതിതിരുനാളിന്‍ രാജധാനി വീണ്ടും രാഗസുധാസാഗരത്തില്‍ നീരാടി………
സംഗീതം എങ്ങനെ കേരളത്തിലേക്ക് വന്നു എന്നതിനെക്കുറിച്ചുള്ള ഒരു ഗാനമാണ്. ത്യാഗരാജന്റ കാലത്ത് തുടങ്ങിയെങ്കിലും സ്വാതിതിരുനാളിന്റെ കാലത്താണ് സംഗീതം കേരളത്തില്‍ അറിയപ്പെട്ടു തുടങ്ങിയത്. സംഗീതത്തെ കേരളത്തില്‍ പ്രശസ്തമാക്കിയ ഒരു 'മഹാരാജാവ്' തന്നെയായിരുന്നു സ്വാതിതിരുനാള്‍. നവരാത്രി മണ്ഡപമൊക്കെ അദ്ദേഹത്തിന്റെയാണ്. അതൊക്കെ മനസ്സില്‍ വെച്ചു കൊണ്ട് എഴുതിയ ഗാനമാണത്. ചെമ്പൈ പാടി ചൗടയ്യ വയലിനും പാലക്കാട് മണി അയ്യര്‍ മൃദംഗവും വായിച്ച് നവരാത്രിമണ്ഡപത്തില്‍ നടന്ന കച്ചേരി. ആ കച്ചേരിയെക്കുറിച്ച് യേശുദാസ് പാടുകയാണ് ചിത്രത്തില്‍.
'നക്ഷത്രദീപങ്ങള്‍ തിളങ്ങി'………..
എന്നു പറയുന്നത് സംഗീതനക്ഷത്രങ്ങളാണ്. ഒരുപാട് കലാകാരന്‍മാരെ കേരളത്തില്‍ കൊണ്ടുവന്നിട്ടുള്ള ആളാണ് സ്വാതിതിരുനാള്‍. നവരാത്രിമണ്ഡപത്തിലാണ് കച്ചേരി നടത്തുക. ഈ പാട്ടില്‍ രസകരമായ ഒരു കാര്യമുണ്ട്. ചെമ്പൈയുടെയും വയലിന്‍ വായിച്ച ചൗടയ്യയുടെയും പാലക്കാട് മണി അയ്യരുടെയുമൊക്കെ കാര്യം എഴുതിയിട്ടുണ്ട് ഗാനത്തില്‍. പക്ഷേ അവര്‍ ഒരുമിച്ച് ഒരിടത്ത് മാത്രമേ അങ്ങനെയൊരു കച്ചേരി നടത്തിയിട്ടുള്ളൂ. ചെമ്പൈ പാടി ചൗടയ്യ വയലിന്‍ വായിച്ച് പാലക്കാട് മണി അയ്യര്‍ മൃദംഗം വായിച്ച് ഒരൊറ്റ പെര്‍ഫോര്‍മന്‍സേ നടന്നിട്ടുള്ളൂ. ഹൈദരാബാദിലെ ദൂരദര്‍ശന്‍ ഉദ്ഘാടനസമയത്താണ് ഇവര്‍ മൂന്നു പേരും ചേര്‍ന്നുള്ള കച്ചേരി നടക്കുന്നത്. പക്ഷേ ഞാനത് മഹാരാജാവിന്റെ നവരാത്രിമണ്ഡപക്കച്ചേരിയിലേക്ക് മാറ്റി പ്രതിഷ്ഠിച്ചു.
ചെമ്പടതാളത്തില്‍ ശങ്കരാഭരണത്തില്‍
ചെമ്പൈ വായ്പ്പാട്ടു പാടി……
അങ്ങനെയൊരു വായ്പ്പാട്ട് യഥാര്‍ത്ഥത്തില്‍ നവരാത്രിമണ്ഡപത്തില്‍ വെച്ച് പാടിയിട്ടില്ല. പക്ഷേ ഹൈദരാബാദില്‍ പാടിയ പാട്ടിനെ ഇങ്ങോട്ട് ഒരു പറിച്ചുനടീല്‍ നടത്തിയുണ്ടാക്കിയ ഗാനമാണത്. മനസാകുന്ന നവരാത്രിമണ്ഡപത്തില്‍ ഇതൊക്കെ നടക്കും. അങ്ങനെയാണ് ഇങ്ങനെയൊരു കച്ചേരി നവരാത്രിമണ്ഡപത്തില്‍ നടക്കുന്നതായി ഞാന്‍ എഴുതിയത്. ആ പാട്ട് സംഗീതത്തിന്റെ കാര്യത്തില്‍ വളരെ വളരെ പാഠങ്ങള്‍ കൂടി പഠിച്ചു കൊണ്ട് എഴുതിയതാണ്.
വടിവേലു തിരുമുന്‍പില്‍ പണ്ടു കാണിയ്ക്ക വെച്ച
വയലിനില്‍ ചൗഡയ്യ ഖ്യാതി നേടി……….
വയലിന്‍ എന്ന വാദ്യോപകരണം സത്യത്തില്‍ നമ്മുടെയല്ല. അത് ശരിക്കും ബ്രിട്ടീഷുകാരുടെയാണ്. അവരുടെ ഇംഗ്ലീഷ് വാദനത്തിലൊന്നാണ് ഫിഡില്‍ എന്ന ഈ വയലിന്‍. ആ ഫിഡിലില്‍ നമ്മുടെ സംഗീതം കൊണ്ടുവന്നത് വടിവേലു നര്‍ത്തനാര്‍ എന്ന നര്‍ത്തകനായിരുന്നു. ബ്രിട്ടീഷുകാര്‍ ഇവിടെ ഭരിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് ഇതൊക്കെ നടക്കുന്നത്. ചൗടയ്യ ആന്ധ്രാപ്രദേശിലെ ഏറ്റവും വലിയ വയലിനിസ്റ്റാണ്.
മൃദംഗത്തില്‍ പാലക്കാട്ടു മണി നെയ്ത ലയതാള തരംഗങ്ങള്‍
ഉയര്‍ന്നെങ്ങും പ്രതിധ്വനിച്ചു…………
മൃദംഗത്തില്‍ ഏറ്റവും പ്രശതസ്തനായിരുന്നു പാലക്കാട് മണി അയ്യര്‍. ഇപ്പോള്‍ ആരും ജീവിച്ചിരിപ്പില്ല. പക്ഷേ ഞാനത് എഴുതിയ സമയത്ത് മണി അയ്യരുണ്ടായിരുന്നു. അദ്ദേഹം എന്നെ വിളിച്ച് ഇതൊക്കെ എങ്ങനെ എവിടെ നിന്ന് വന്നു എന്നു ചോദിച്ചു. അതു പറയുമ്പോള്‍ അദ്ദേഹവും പറഞ്ഞു. ഇങ്ങനെയൊരു കച്ചേരി നടന്നത് ഹൈദരാബാദിലാണ് എന്ന്. ഇവരെയെല്ലാവരെയും വെച്ച് ചെമ്പൈ പാടുന്നതായാണ് പാട്ടെഴുതിയത്. ജയവിജയന്‍മാരുടെയും യേശുദാസിന്റെയുമൊക്കെ ഗുരുവാണ് ചെമ്പൈ.
ത്യാഗരാജന്റെ സംഗീതത്തെ സ്വാതിതിരുനാള്‍ വളര്‍ത്തി മലയാളികള്‍ക്ക് സുപരിചിതമാക്കി. അങ്ങനെ എല്ലാവരെയും ഏകോപിപ്പിച്ചുകൊണ്ടുള്ള ഒരു കച്ചേരിയുടെ ഓര്‍മയില്‍ ജയവിജയന്‍മാര്‍ മനോഹരമായി ഈണംകൊടുത്ത ആ പാട്ട് ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്തതാണ്. പ്രത്യേകിച്ച് ജയവിജയന്‍മാര്‍ക്കൊപ്പമുള്ള ഒരു വര്‍ക്ക്. എന്റെ ആദ്യത്തെ സംഗീതസംവിധായകരായിരുന്നു അവര്‍. എന്റെ സിനിമാജീവിതം തുടങ്ങുന്നത് 'ബ്രഹ്മമുഹൂര്‍ത്തത്തില്‍' എന്ന പാട്ടോടു കൂടി.യാണ് . അതിന്റെ ട്യൂണിട്ടത് അവരാണ്. ആ പാട്ടൊന്നും പക്ഷേ പുറത്തു വന്നില്ല. പിന്നീടും ഒരുപാട് ഗാനങ്ങള്‍ ഞങ്ങള്‍ ചെയ്തു. അതിലൊന്നാണ് നക്ഷത്രദീപങ്ങള്‍………..
Comments