സ്വന്തം രാജ്യത്തെ ജനങ്ങള്‍ക്ക് തൊഴില്‍ നല്‍കുകയെന്ന നിയുക്ത യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ മാതൃക പ്രധാനമന്ത്രി നരേന്ദ്ര മോദിയും നടപ്പാക്കണമെന്ന ശിവസേനയുടെ നിര്‍ദ്ദേശം വിവേകശൂന്യാമാണെന്നു വേണം പറയാന്‍. ശിവസേനയുടെ ഈ നിര്‍ദ്ദേശത്തിന് അവര്‍ നിരത്തുന്ന കാരണങ്ങളാണ് അതിലേറെ രസകരം. ഇന്ത്യയില്‍ ജോലി ചെയ്യുന്ന എല്ലാ പാക് കലാകാരന്മാരെയും മറ്റു ജോലികള്‍ ചെയ്യുന്നവരെയും എത്രയും പെട്ടെന്ന് ഒഴിവാക്കാന്‍ മോദി തയ്യാറാകണമെന്നാണ് ശിവസേന ആവശ്യപ്പെടുന്നത്. "പാക്കിസ്ഥാനി കലാകാരന്മാരും ടെക്നീഷ്യന്മാരും ടെലിവിഷന്‍ പ്രവര്‍ത്തകരും ഇന്ത്യയിലേക്ക് വന്നു പണം നേടുകയാണ്. സൗഹൃദത്തിന്റെയും ബന്ധങ്ങളുടെയും പേരു പറഞ്ഞാണ് അവര്‍ ഇവിടെ വരുന്നത്. അവര്‍ ഒറ്റുകാരാണ്. ഇന്ത്യയെ നശിപ്പിക്കുക എന്ന ഒറ്റ ലക്ഷ്യമേ അവര്‍ക്കുള്ളൂ. ഇന്ത്യക്കാരുടെ പണമാണ് അവര്‍ ഇവിടെ നിന്നും കൊണ്ടുപോകുന്നത്. അത് അനുവദിച്ചുകൂടാ..." അങ്ങനെ പോകുന്നു ശിവസേനയുടെ വിശദീകരണം. അതിനാല്‍ ട്രംപ് പറഞ്ഞതുപോലെ ഒരു നിര്‍ദ്ദേശം ഇന്ത്യയ്ക്ക് നടപ്പിലാക്കാന്‍ സാധിക്കുമോ എന്നാണ് ശിവസേന ചോദിക്കുന്നത്.
പാക്കിസ്ഥാനികള്‍ക്ക് ഇന്ത്യയില്‍ ജോലി ലഭിക്കരുത്. കൂടാതെ ആരാണോ പാക്കിസ്ഥാനികള്‍ക്ക് ജോലി നല്‍കുന്നത് അവരെ ഇന്ത്യയുടെ ശത്രുക്കളായി പ്രഖ്യാപിക്കണമെന്നും ശിവസേന ആവശ്യപ്പെടുന്നു. ഡൊണാള്‍ഡ് ട്രംപിനെപ്പോലെയൊരാള്‍ക്ക് ചെയ്യാന്‍ കഴിയുന്ന കാര്യമാണെങ്കില്‍ മോദിക്ക് തീര്‍ച്ചയായും അത് നടപ്പാക്കാന്‍ സാധിക്കുമെന്നും ശിവസേന പറയുന്നു. അമേരിക്കക്കാരുടെ ജോലി കളയാന്‍ മറുനാട്ടുകാരെ അനുവദിക്കില്ലെന്നു കഴിഞ്ഞ ദിവസമാണ് ട്രംപ് പ്രഖ്യാപിച്ചത്. എച്ച്1ബി വിസയടക്കം എല്ലാ പുറം ജോലിക്കാരുടെ വിസയിലും നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും, അമേരിക്കന്‍ കമ്പനികളിലെ താത്ക്കാലിക ജോലിക്കാരെയെല്ലാം പറഞ്ഞുവിടുമെന്നും ട്രംപ് വെളിപ്പെടുത്തിയിരുന്നു. ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ അടക്കമുള്ളവരുടെ തൊഴില്‍ സാധ്യതയെ ബാധിക്കുന്നതാണ് ട്രംപിന്റെ പ്രഖ്യാപനം. ഐടി മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യക്കാരുടെ ഭാവി അനിശ്ചിതത്തിലാക്കുകയും ചെയ്യും. അടുത്തിടെ ഡിസ്നി വേള്‍ഡ് അടക്കമുള്ള അമേരിക്കന്‍ കമ്പനികള്‍ ഇന്ത്യക്കാര്‍ അടക്കമുള്ള ജീവനക്കാരെ നിയമിച്ചിരുന്നു. ഇതുമൂലം അമേരിക്കക്കാരായ ജീവനക്കാര്‍ക്കാണ് തൊഴില്‍നഷ്ടം സംഭവിച്ചതെന്നും ട്രംപ് പറഞ്ഞിരുന്നു. ട്രംപിന്റെ പ്രസ്താവനയില്‍ ഒളിഞ്ഞുകിടക്കുന്ന വിപത്ത് എന്താണെന്ന് അറിഞ്ഞിട്ടുതന്നെയാണോ ശിവസേന മോദിയോട് അങ്ങനെയൊരു നിര്‍ദ്ദേശം വെച്ചത്?
ഒരു വഴിക്കു ചിന്തിച്ചാല്‍ ട്രംപ് പറയുന്നതിലും ശരികളുണ്ട്. കാരണം, വര്‍ഷം തോറും മില്യന്‍ കണക്കിന് വിദ്യാര്‍ത്ഥികളാണ് കോളേജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി പുറത്തു കടക്കുന്നത്. നാഷണല്‍ സെന്റര്‍ ഫോര്‍ എജ്യുക്കേഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് കണക്കനുസരിച്ച് 2016-17 വര്‍ഷങ്ങളില്‍ കോളെജുകളും യൂണിവേഴ്സിറ്റികളും 1,018,000 അസ്സോസിയേറ്റ്സ് ഡിഗ്രിയും, 1.9 മില്യന്‍ ബാച്ലേഴ്സ് ഡിഗ്രിയും, 798,000 മാസ്റ്റേഴ്സ് ഡിഗ്രിയും, 181,000 ഡോക്ടേഴ്സ് ഡിഗ്രിയും വിതരണം ചെയ്യുമെന്നാണ് പറയുന്നത് (http://nces.ed.gov/fastfacts/display.asp?id=372). ഇങ്ങനെ ബിരുദം സമ്പാദിച്ച് പുറത്തിറങ്ങുന്നവര്‍ക്ക് ജോലി ചെയ്യാനുള്ള സാഹചര്യം സൃഷ്ടിക്കേണ്ടത് പ്രസിഡന്റ് എന്ന നിലയില്‍ ട്രംപിന്റെ ഉത്തരവാദിത്വമാണ്. അമേരിക്കയിലെ കോളേജ് വിദ്യാഭ്യാസമെന്നു പറഞ്ഞാല്‍ ഭീമമായ പണച്ചിലവുള്ളതാണ്. മിക്കവരും സ്റ്റുഡന്റ് ലോണ്‍, പാരന്റ് ലോണ്‍ മുതലായവ കൊണ്ടാണ് അവരുടെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നത്.
ഡിഗ്രി കരസ്ഥമാക്കി ഒരു ജോലി ലഭിച്ച് ബാങ്കുകളില്‍ നിന്നെടുത്ത ലോണ്‍ തിരിച്ചടച്ചു തീര്‍ക്കാന്‍ വര്‍ഷങ്ങളെടുക്കും. അങ്ങനെയുള്ളവര്‍ക്ക് മാന്യമായ ശമ്പളത്തില്‍ ജോലി പോലും ലഭിച്ചില്ലെങ്കിലോ? ആ ആശങ്കയാണ് ട്രംപിനെ അങ്ങനെ ചിന്തിപ്പിക്കാന്‍ പ്രേരിപ്പിച്ചതെന്ന് ഊഹിക്കാം. എന്നാല്‍ മറുവശത്ത് എച്ച്1 ബി പോലുള്ള വിസയില്‍ അമേരിക്കയില്‍ ജോലി ചെയ്യുന്ന നിരവധി വിദേശിയരുടെ, പ്രത്യേകിച്ച് ഇന്ത്യക്കാരുടെ, തൊഴിലിനെ ബാധിക്കുന്നതാണ് ട്രംപിന്റെ പ്രഖ്യാപനം. വര്‍ഷങ്ങളായി എച്ച്1ബി വിസയില്‍ അമേരിക്കയില്‍ ജോലി ചെയ്യുന്ന നിരവധി ഇന്ത്യക്കാര്‍ക്ക് ഒരു വന്‍ തിരിച്ചടിയായിരിക്കുമത്. അങ്ങനെ സംഭവിക്കില്ല എന്ന് പ്രതീക്ഷിക്കാം. അമേരിക്കയില്‍ ജോലി ചെയ്യുന്ന ഇന്ത്യാക്കാരുടെ ആശങ്കകള്‍ കണക്കിലെടുക്കാതെ, അവരുടെ ഭാവിയെക്കുറിച്ച് ആശങ്കപ്പെടാതെ നരേന്ദ്ര മോദിക്ക് തലതിരിഞ്ഞ നിര്‍ദ്ദേശം കൊടുത്ത ശിവസേനയുടെ ലക്ഷ്യം എന്താണ് ?
ഭാരതീയരില്‍ തന്നെ വിഭാഗീയത അല്ലെങ്കില്‍ വിഘടന മനോഭാവം സൃഷ്ടിക്കുക. രാജ്യസ്നേഹമല്ല അവരുടേത്, മറിച്ച് മറാത്ത സ്നേഹമാണ്. മറാത്തികള്‍ മാത്രം മഹാരാഷ്ട്രയില്‍ ജോലി ചെയ്താല്‍ മതി എന്നാണ് ശിവസേനയുടെ നയം. ഇന്ത്യക്കാരായിരുന്നിട്ടുപോലും അന്യസംസ്ഥാനക്കാരെ വിരട്ടിയോടിക്കുന്ന പാരമ്പര്യമാണ് മറാഠികള്‍ക്കുള്ളത്. അമേരിക്കയിലുള്ളതുപോലെ ഇന്ത്യക്കാരെ ജോലിയില്‍ നിന്ന് പുറത്താക്കി എത്ര പാക്കിസ്ഥാനികള്‍ക്കാണ് ഇന്ത്യന്‍ കമ്പനികള്‍ ജോലി കൊടുത്തിട്ടുള്ളത്? പാക്കിസ്ഥാനിയെ കണ്ടാല്‍ ബദ്ധശത്രുക്കളെപ്പോലെ കാണുന്ന ശിവസേനയെ ഭയന്നിട്ടുവേണോ രാജ്യത്തെ മറ്റുള്ളവര്‍ ജീവിക്കാന്‍. ബിജെപിയുടെ സഖ്യകക്ഷിയാണെന്ന ഒരൊറ്റ കാരണത്താല്‍ നരേന്ദ്ര മോദി ശിവസേനയുടെ കളിപ്പാവയാകുകയില്ല എന്ന് പ്രതീക്ഷിക്കാം. ഉറി ആക്രമണത്തെത്തുടര്‍ന്ന് മുംബൈയില്‍ സിനിമാ മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന പാക് കലാകാരന്മാരെയും ടെക്നീഷ്യന്മാരേയും ശിവസേനയുടെ ആഹ്വാനപ്രകാരം പുറത്താക്കിയിരുന്നു. ഉത്തരവ് കിട്ടിയ ഉടനെ അവര്‍ രാജ്യം വിടുകയും ചെയ്തു.
മറ്റൊരു പ്രധാനപ്പെട്ട സംഭവമായിരുന്നു പാക് ഗസല്‍ ഗായകന് ഗുലാം അലിയെ ഇന്ത്യയില്‍ പാടാന്‍ അനുവദിക്കാതിരുന്നത്. അദ്ദേഹം മുബൈയില്‍ പാടാനെത്തിയ ശേഷം അപമാനിതനായി തിരിച്ചുപോകേണ്ടിവന്നു. മുംബൈയില്‍ പാടാന്‍ അനുവദിക്കുകയില്ലെന്ന ശിവസേനയുടെ താക്കീതിനെത്തുടര്‍ന്ന് അദ്ദേഹത്തെ ഡല്‍ഹിയില്‍ പാടാന്‍ ക്ഷണിച്ചെങ്കിലും അവിടേയും ശിവസേന പ്രതിഷേധവുമായെത്തിയതോടെയാണ് പാക്കിസ്ഥാനിലേക്ക് തിരിച്ചു പോകേണ്ടി വന്നത്. ഇനി ഇന്ത്യയിലേക്ക് പാടാന്‍ വരില്ലെന്നും അദ്ദേഹം പറയുകയും ചെയ്തു. എന്നാല്‍, മുംബൈയിലും ഡല്‍ഹിയിലും പാടാന്‍ അനുവദിക്കാത്ത ശിവസേനയ്ക്ക് തിരിച്ചടിയെന്നോണം പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജി അദ്ദേഹത്തെ കൊല്‍ക്കത്തയിലേക്ക് ക്ഷണിച്ചു. അസഹിഷ്ണുതയ്ക്കുള്ള പ്രതിരോധമെന്ന നിലയ്ക്കാണ് ഗുലാം അലിയെ ക്ഷണിച്ചത്.
ഈ വര്‍ഷം ജനുവരിയില്‍ അദ്ദേഹം വരികയും കൊല്‍ക്കത്തയില്‍ പരിപാടി അവതരിപ്പിക്കുകയും ചെയ്തു. തുടര്‍ന്നാണ് അദ്ദേഹത്തെ കേരളത്തില്‍ പാടാന്‍ ക്ഷണിച്ചത്. സാംസ്ക്കാരിക കേരളം അദ്ദേഹത്തെ രണ്ടു കൈയ്യും നീട്ടി സ്വീകരിച്ചു. ജനുവരി 15ന് തിരുവനന്തപുരത്തും 17ന് കോഴിക്കോട്ടും അദ്ദേഹം പരിപാടി അവതരിപ്പിച്ചു. ഡിവൈഎഫ്ഐ ഉള്‍പ്പെടെയുള്ള യുവജന സംഘടനകളുടെ ക്ഷണപ്രകാരമാണ് അദ്ദേഹം കേരളത്തിലെത്താമെന്ന് സമ്മതിച്ചതെന്നതും ഇവിടെ പ്രത്യേകം പരാമര്‍ശിക്കേണ്ടതാണ്. കാരണം, ശിവസേനയുടെ ശാഖകള്‍ കേരളത്തിലുമുണ്ടല്ലോ. എന്നാല്‍ അങ്ങനെ പ്രതിഷേധവുമായി അവര്‍ രംഗത്തുവരികയാണെങ്കില്‍ പ്രതിരോധിക്കുമെന്ന ഉറച്ച തീരുമാനത്തിലായിരുന്നു ഡിവൈഎഫ്ഐ. കലാകാരന്മാരെ മാറ്റി നിര്‍ത്തിയാല്‍, പിന്നെയുള്ളത് സ്പോര്‍ട്സിലാണ്. പാക്കിസ്ഥാന് ക്രിക്കറ്റര്‍മാരെ ഇന്ത്യയില്‍ കളിയ്ക്കാന്‍ അനുവദിക്കുകയില്ല എന്ന ശിവസേനയുടെ താക്കീതു പ്രകാരം അവരെ ഇന്ത്യയില്‍ കളിയ്ക്കാന്‍ അനുവദിച്ചിട്ടില്ല. എന്നുവെച്ച് ശിവസേന പറയുന്നതെല്ലാം അപ്പാടെ സ്വീകരിച്ച് അതേപടി പ്രവര്‍ത്തിച്ചാല്‍ പ്രധാനമന്ത്രി എന്ന സ്ഥാനത്തിന് എന്തു പ്രസക്തി?
സത്യത്തില്‍ ഇന്ത്യയും പാക്കിസ്ഥാനുമായുള്ള പ്രശ്നം ഒരു വണ്‍വേ ട്രാഫിക് പോലെയാണോ എന്ന് പലപ്പോഴും സംശയിക്കാറുണ്ട്. എപ്പോഴും ശത്രുതയുടെ കനലുകൾ വിതറി, ഭാവിയിലെ സാമ്പത്തിക ചൂഷണത്തിന് വഴിതെളിക്കുക എന്നത് കോളനി വാഴ്ചയുടെ ചരിത്ര സത്യങ്ങളാണ്. ഇന്നും അത് നിർബാധം തുടർന്നുകൊണ്ടിരിക്കുന്നു. സ്വാതന്ത്ര്യാനന്തര ഇന്ത്യയെ നയിച്ച നെഹ്റു മുതലുള്ള എല്ലാ ഭരണാധികാരികളും പല സമയങ്ങളിൽ വിവിധ രൂപങ്ങളിൽ അയൽ ബന്ധങ്ങൾ സൗഹൃദമാക്കാൻ ശ്രമിച്ചിട്ടുണ്ട്. അതിന്റെ തുടര്‍ച്ചയെന്നോണം ഇപ്പോഴത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ശ്രമിച്ചിട്ടുണ്ട്. പരസ്പരം യോജിപ്പിന്റെ മേഖലയിൽ എത്തുന്ന ഘട്ടങ്ങളിലൊക്കെ സംഘടിത തല്പര കക്ഷികളുടെ ഇടപെടലുകൾ ഉണ്ടാകും, അറിഞ്ഞോ അറിയാതെയോ രാഷ്ട്രീയ നേട്ടത്തിന് വേണ്ടി ഈ കക്ഷികളിൽപ്പെട്ടവരാണ് ഇന്ന് കേന്ദ്രം ഭരിക്കുന്നതെന്ന സത്യം നിലനില്ക്കുന്നു. അവര്‍ തന്നെ പാക്കിസ്ഥാനെ കുറ്റപ്പെടുത്തുകയും ചെയ്യുന്നു. സത്യത്തില്‍ പാക്കിസ്ഥാന് മാത്രമാണോ കുറ്റക്കാര്‍? അതോ സംഘ്പരിവാര്‍, ആര്‍എസ്എസ്, ശിവസേന മുതലായ വര്‍ഗീയ സഖ്യമാണോ?
മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന (എംഎന്‍എസ്), ശിവസേന മുതലായ വര്‍ഗീയ പാര്‍ട്ടികള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇടപെട്ട് ചെയ്തുകൂട്ടുന്ന അന്യായങ്ങള്‍ ചില്ലറയല്ല. അവരുടെ വര്‍ഗ്ഗീയവിദ്വേഷ-വിഭാഗീയ രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുന്നത് ബിജെപിയുടെ മാത്രമല്ല, എല്ലാ രാഷ്ട്രീയ കക്ഷികളുടേയും അടിത്തറ ഇളക്കുമെന്നു തീര്‍ച്ച. ഇന്ത്യയിലെ വിവിധ വര്‍ഗീയ സംഘടനകളുടെ അജണ്ടയെക്കാള്‍ എളുപ്പത്തില്‍ പ്രചരിക്കാനാവുന്നതും, അതിനേക്കാള്‍ എത്രയോ ഇരട്ടി അപകടസാധ്യതകളുമുള്ള ഒരു പ്രാദേശികവാദമാണ് എം.എന്‍.എസ്സിന്റെയും ശിവസേനയുടേയും. ഇന്ത്യയൊട്ടാകെ പ്രചരണം ഏറ്റെടുത്തു നടത്താന്‍ ആഗ്രഹിക്കുന്ന വലിയ ഒരു അജണ്ടയെ, കൂടുതല്‍ സൗകര്യപ്രദമായ ചെറു യൂണിറ്റുകളായി പ്രാദേശികമായി കൈകാര്യം ചെയ്യാന്‍ ശിവസേന-എം.എന്‍.എസ് കൂട്ടുകെട്ടിന് കഴിയുന്നു എന്നതുകൊണ്ടാണ് അവയെ കൂടുതല്‍ അപകടകരം എന്നു വിളിക്കേണ്ടിവരുന്നത്. മഹാരാഷ്ട്ര എന്ന സംസ്ഥാനത്തിന്റെ സ്വത്വരാഷ്ട്രീയവുമായി അതിന് യാതൊരു പുലബന്ധവുമില്ല. ഇന്ത്യ എന്ന സമഗ്രവികാരം പോലും അതിലില്ല.
ആകെയുള്ളത്, മാനസികവൈകല്യം മൂര്‍ച്ഛിച്ച ഏതാനും മാഫിയകളും, അധികാരമോഹികളും മാത്രമാണ്. എങ്കിലും മറാത്തകളെ പ്രതിനിധീകരിക്കുന്നു എന്നു വരുത്തിത്തീര്‍ക്കാന്‍ അവര്‍ക്ക് കഴിയുന്നു. ഇപ്പോള്‍ ഡൊണാള്‍ഡ് ട്രംപിനെ മാതൃകയാക്കാന്‍ മോദിക്ക് വേദമോദിക്കൊടുത്ത ശിവസേന 1960-കളില്‍ മഹാരാഷ്ട്രയില്‍ ദക്ഷിണേന്ത്യക്കാര്‍ക്കെതിരെ നടത്തിയ ആക്രമണങ്ങളെക്കുറിച്ച് ഒരു വിചിന്തനം നടത്തുന്നത് ഉചിതമായിരിക്കും. അന്ന് തെക്കേ ഇന്ത്യക്കാര്‍ക്കെതിരെ വ്യാപകമായ അക്രമമാണ് ശിവസേന അഴിച്ചുവിട്ടത്. ഹോട്ടലുകളില്‍ പണിയെടുക്കുന്നവരും, തെരുവു കച്ചവടക്കാരും, ചായക്കടക്കാരും, പലവ്യജ്ഞന കച്ചവടക്കാരുമൊക്കെ അന്ന് ശിവസേനയുടെ അക്രമങ്ങളില്‍ ബലിയാടുകളായി. അതിന്റെ തുടര്‍ച്ചയെന്നോണമാണ് ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് മഹാരാഷ്ട്രയില്‍ നടന്ന സംഭവങ്ങള്‍. ഭിക്ഷാംദേഹികളായി അലഞ്ഞു തിരിഞ്ഞു നടക്കുന്ന, നിസ്വരും, സാധാരണക്കാരും വൃദ്ധരുമായ സാധുക്കളെയും, ബീഹാറികളടക്കമുള്ള വടക്കേ ഇന്ത്യക്കാരേയും, കാലാകാലമായി ബോംബെയില്‍ കുടിയേറിപ്പാര്‍ത്ത് അദ്ധ്വാനിച്ചു ജീവിക്കുന്ന ബംഗ്ളാദേശികളേയും, മുസ്ലീമുകള്‍ക്കും നേരെയായിരുന്നു നവനിര്‍മ്മാണ സേന അക്രമം അഴിച്ചുവിട്ടത്. മറാത്ത മറാഠികള്‍ക്കു മാത്രമുള്ളതാണ്, മറ്റുള്ളവര്‍ക്ക് ഇവിടെ എന്തു കാര്യം എന്നാണ് അവര്‍ ചോദിച്ചത്. ഇന്ത്യന്‍ ബഹുസ്വരതയുടെ അഭിമാനമാക്കി മുംബൈയെ മാറ്റിത്തീര്‍ത്തതിന്റെ കുത്തകാവകാശം മറാത്തികളില്‍ മാത്രം ഒതുങ്ങുന്നതല്ല. ഉത്തര്‍പ്രദേശുകാരന്റെയും ബീഹാറിയുടെയും ബംഗാളിയുടെയും മലയാളിയുടെയും തമിഴന്റെയുമൊക്കെ നിരവധി തലമുറകള്‍ സ്നേഹിച്ചും സഹവസിച്ചും, കഠിനാദ്ധ്വാനം ചെയ്ത് വിയര്‍പ്പൊഴുക്കിയും സൃഷ്ടിച്ചതാണ് ഇന്നു നമ്മള് കാണുന്ന മുംബൈ (ബോംബെ) എന്ന മഹാനഗരം. അവരെക്കൂടാതെയുള്ള ഒരു നിലനില്‍പ്പ് ഭാവിയില്‍ അതിനുണ്ടാകാനും പോകുന്നില്ല. സാധാരണക്കാരായ മറാത്തികള്‍ ഇത് നിശ്ചയമായും തിരിച്ചറിയുന്നുണ്ടാകും.
എങ്കിലും ഇന്ന് അവര്‍ ഈ തെരുവുഗുണ്ടകളുടെ കാട്ടുനീതിയുടെ ഭീഷണമായ വലയത്തിനകത്ത് പെട്ടുപോയിരിക്കുന്നു. അതില്‍നിന്ന് അവരെ പുറത്തുകടക്കാന്‍ സഹായിക്കേണ്ടത് ഓരോ ഇന്ത്യക്കാരന്റെയും ഓരോ ജനാധിപത്യ-മതേതരവിശ്വാസിയുടെയും ചരിത്രപരവും ധാര്‍മ്മികവുമായ കര്‍ത്തവ്യമാണ്. ഈ വര്‍ഗീയ പാര്‍ട്ടികളുടെ വക്താവായി പ്രധാന മന്ത്രി നരേന്ദ്ര മോദി മാറുകയില്ല എന്നുതന്നെയാണ് നന്മകള് കാംക്ഷിക്കുന്ന ഏതൊരു ഭാരതീയന്റേയും വിശ്വാസം. അമേരിക്കയേയും ഇന്ത്യയേയും താരതമ്യം ചെയ്ത് ഒരു ദ്രുവീകരണമാണ് ശിവസേന ലക്ഷ്യമിടുന്നതെങ്കില്‍, അത് ഇന്ത്യന്‍ ജനാധിപത്യത്തിന് കളങ്കമായി അവശേഷിക്കുകയും, അതിന്റെ കാരണക്കാരനായി നരേന്ദ്ര മോദി ചരിത്രത്തില്‍ ഇടംപിടിക്കുകയും ചെയ്യും. പാക്കിസ്ഥാന് വംശജര്‍ക്ക് ഇന്ത്യയിലേക്കുള്ള പ്രവേശനം കര്‍ശനമായി നിയന്ത്രിച്ചിരിക്കുന്ന സാഹചര്യത്തില്‍ എങ്ങനെയാണ് അവര്‍ക്ക് ഇന്ത്യന്‍ കമ്പനികള്‍ ജോലി കൊടുക്കുന്നത്? കേരളത്തിലേക്ക് അന്യസംസ്ഥാന തൊഴിലാളികള്‍ വന്ന് പണിയെടുക്കുന്നതുപോലെ, മെക്സിക്കോയില്‍ നിന്ന് ദിവസവും അമേരിക്കയില്‍ വന്ന് ജോലി ചെയ്യുന്ന ഹിസ്പാനിക്കുകളെപ്പോലെ , പാക്കിസ്ഥാനികള്‍ക്ക് ഇന്ത്യയില്‍ വന്ന് ജോലി ചെയ്യാന്‍ സാധിക്കുമോ? അഥവാ വന്നാല്‍ നിമിഷനേരം കൊണ്ട് അവരെ പിടികൂടാനുള്ള സംവിധാനം നിലനില്‍ക്കേ എന്തുകൊണ്ടാണ് ശിവസേന ഇങ്ങനെയൊരു നിര്‍ദ്ദേശം പ്രധാനമന്ത്രിയുടെ മുന്പില് അവതരിപ്പിച്ചതെന്ന് മനസ്സിലാകുന്നില്ല. ഒരു പാക്കിസ്ഥാനിക്കും ഇന്ത്യയില്‍ ജോലി ചെയ്യാന്‍ (നയതന്ത്രജ്ഞരൊഴികെ) അനുമതിയില്ലെന്ന് ശിവസേന നേതാക്കള്‍ക്ക് അറിവില്ലാത്തതുകൊണ്ടാണോ? അല്ല, പ്രകോപനം സൃഷ്ടിക്കുകയാണ് അവരുടെ ലക്ഷ്യം. ഇന്ത്യയും പാക്കിസ്ഥാനും ഒരിക്കലും രമ്യതയിലെത്തരുതെന്ന ഒരൊറ്റ ലക്ഷ്യത്തില്‍ ഭീകരര്‍ അതിര്‍ത്തിയിലൂടെ നുഴഞ്ഞു കയറി ഇന്ത്യയെ ആക്രമിക്കുന്നു. ഇന്ത്യയിലാണെങ്കില്‍ അതേ ലക്ഷ്യത്തോടെ ശിവസേനയും അവരോട് സഖ്യമുള്ള വര്‍ഗീയ പാര്‍ട്ടികളും പ്രകോപനങ്ങള്‍ സൃഷ്ടിച്ച് പ്രശ്നങ്ങള്‍ വഷളാക്കുന്നു. പാക്കിസ്ഥാന്റെ പേരു പറഞ്ഞ് മതേതര ഇന്ത്യയെ ജാതി-മത-വര്‍ഗ-ദേശപരമായി വിഘടിപ്പിക്കുകയെന്ന വര്‍ഗീയ പാര്‍ട്ടികളുടെ ഗൂഢ ലക്ഷ്യങ്ങളെ ബുദ്ധിപൂര്‍വ്വം കൈകാര്യം ചെയ്യാനും, ഉചിതമായ തീരുമാനമെടുക്കാനും പ്രധാനമന്ത്രിക്ക് കഴിയണം.
Comments