അനില്‍ പുത്തന്‍ചിറ
ഉച്ചരിക്കാത്ത വാക്കിൻറെ ഉടമയും, ഉച്ചരിച്ച വാക്കിൻറെ അടിമയും ആണ് മനുഷ്യർ! വായിൽ നിന്നൊരു വാക്ക് വീണാൽ പിന്നെ അതിൻറെ ഉത്തരവാദിത്വം അവനവനു തന്നെയാണ്. കേരളത്തിൽ നടക്കുന്ന നഴ്സുമാരുടെ സമരവും അതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ചില മതമേലദ്ധ്യക്ഷന്മാരുടെ പ്രതികരണങ്ങളും കാണുമ്പോൾ മറ്റു സഭകളോടുള്ള അവരുടെ അസഹിഷ്ണുത, അവരുടെ തന്നെ വിവേകത്തെ കീഴ്മേൽ മറിച്ചിരിക്കുന്നു എന്ന് തോന്നിപ്പോകുന്നു. ഏത് സ്ഥാപങ്ങളിലും ഏത് ജോലിക്കും, അത് നേഴ്സ് ആയാലും ഡോക്ടർ ആയാലും, കമ്പോണ്ടർ ആയാലും ഫാർമസിസ്ററ് ആയാലും, ‘ശംബളം കൊടുക്കേണ്ട’ എന്ന് ഉത്തരവാദിത്വമുള്ള ആരും പറയും എന്ന് തോന്നുന്നില്ല. കേരളത്തിലെ ഒരു മാതിരി ആശുപത്രികളെല്ലാം തന്നെ കത്തോലിക്കാ സഭയുടേതാണ്.
ആശുപത്രികൾ ചാരിറ്റിക്കുവേണ്ടി മാത്രം നടത്തുന്നതല്ല, ലാഭം ഇച്ഛിച്ചുതന്നെയാണ്. എന്നാൽ പോലും കഴുത്തറപ്പൻ വെട്ടിക്കലോ പറ്റിക്കലോ അല്ല, അവരുതരുന്ന സേവനത്തിനു ന്യായമായ തുക മേടിക്കുന്നു. അവിടെ തൊഴിലിൽ ഒരു അഭിപ്രായവത്യാസം ഉണ്ടാകുമ്പോൾ, പുറമെനിന്നുള്ള ഇടപെടൽ പ്രത്യേകിച്ചും ആരും ക്ഷണിക്കാതെ, രംഗം വഷളാക്കാൻ മാത്രമേ ഉപകരിക്കൂ! മുട്ടനാടുകൾ കൂട്ടിയിടിക്കുമ്പോൾ അതിന്റെ ഇടക്കുനിന്നു ചോരകുടിക്കുന്ന കുറുക്കന്മാരാവുകയാണ് ചിലർ പ്രസ്താവനകളിലൂടെ. മറ്റേതെങ്കിലും സഭാ അദ്ധ്യക്ഷൻ വന്ന്, "200 ഏക്കറിൽ പണിയാൻ പോകുന്ന രാജകീയ അരമന വേണ്ടെന്നു വെക്കൂ..
ആ പൈസ സമരം ചെയ്യുന്ന കേരളത്തിലെ പാവപ്പെട്ട നേഴ്സ്മാർക്കു കൊടുക്കൂ" എന്ന് പറഞ്ഞാൽ ഇവരുടെയൊക്കെ പ്രതികരണം എന്തായിരിക്കും?
നാല് തല കൂടിയാലും, രണ്ടു അംശവടി കൂടില്ലേ?
Comments