കൊച്ചി മെട്രോയുടെ ഏറെ വിവാദമായ ഉൽഘാട നങ്ങൾക്ക് പിറകെയായി കോഴിക്കോട്ടും തിരുവനനപുരത്തും ലൈറ്റ് മെട്രൊക്കു മുറവിളിയും, അവകാശവാദവും തുടങ്ങിക്കഴിഞ്ഞു. എന്നാൽ പ്രായോഗികമായും സാമ്പത്തികമായും നമ്മുടെ സാഹചര്യത്തിനു യോജിച്ചതാണോ എന്നു വികസന മാമാങ്കത്തിന്റെ ആവേശത്തിൽ ആരും തന്നെ ചെവി കൊടുക്കുന്നില്ല എന്നതാണ് യാഥാർത്ഥ്യം. 6000 കോടി മുടക്കിയ കൊച്ചി മെട്രൊ ലാഭകരമാകണമെങ്കിൽ ദിവസം 3.75 ലക്ഷം യാത്രക്കാർ വേണമത്രെ. ആ സ്ഥാനത്ത് ആദ്യ ദിനം 65000 പേർ മാത്രം.( ടിക്കറ്റ് കലക്ഷൻ 20 ലക്ഷം രൂപ) അത് തന്നെ തുടക്കത്തിലെ ആവേശവും കൗതുകവും കഴിഞ്ഞാൽ ബസ്സ് യാത്രയുടെ മൂന്നിരട്ടി മുടക്കി സാധാരണക്കാർ ഒരു നിത്യ യാത്രാ മാർഗ്ഗമായി മെട്രൊ ഉപയോഗപ്പെടുത്തും എന്നു തോന്നുന്നില്ല.
നെടുമ്പാശ്ശേരി ടെർമിനൽ വരെ മെട്രൊ ഉണ്ടായിരുന്നെങ്കിൽ ചിലപ്പോൾ വിമാനയാത്രക്കാർ സൗകര്യം നോക്കി ഉപയോഗിക്കുമായിരുന്നേനെ. കൊച്ചി മെട്രൊ നിർമ്മിക്കുന്നതിനേക്കാൾ എത്രയോ ലാഭകരവും സൗകര്യപ്രദവുമായത് ഒരു 1000/1500 കോടി മുടക്കി ടൗണിൽ കുറച്ചു ഫ്ലയിഓവറുകളും ബാക്കി ഭാഗത്ത് ഡബ്ബിൾ റോഡുകളും നിർമ്മിക്കുന്നതായിരുന്നു എന്ന് ഒരു വർഷത്തിനുള്ളിൽ തന്നെ എല്ലാവർക്കും ബോധ്യപ്പെടും എന്ന കാര്യത്തിൽ സംശയമില്ല. വെറും 3 കോച്ചുകൾ മാത്രം ഉള്ള മെട്രൊ സാമ്പത്തികമായി വൻ നഷ്ടമായിരിക്കുമെന്ന് മാത്രമല്ല ഭാവിയിൽ തന്നെ മറ്റൊരു വെള്ളാനയായി അനുഭവപ്പെടും. നമ്മുടെ KSRTC മറ്റൊരു വെളളാനയാണെങ്കിലും കേരളത്തിലെ സാധാരണക്കാർക്ക് ഉപകാരപ്പെടുന്ന ഒരു പബ്ളിക് ട്രാൻസ്പോർട് സിസ്റ്റം ആണെന്ന കാര്യം മറക്കുന്നില്ല. കനത്ത സുരക്ഷയും, വൃത്തിയും, സൂക്ഷമതയും കൊച്ചി മെട്രൊ അവകാശപ്പെട്ടിരുന്നു. എന്നാൽ രസകരമായ കാര്യം ഒരാഴ്ചക്കുള്ളിൽ തന്നെ മെട്രൊ യിൽ ആളുകൾ അലക്ഷ്യമായി നീണ്ടു നിവർന്നു കിടന്നുറങ്ങാൻ തുടങ്ങി എന്നുള്ളതാണ്. മാത്രമല്ല പുതുപുത്തൻ മെട്രൊ കോച്ചിൽ മഴ വെള്ളം ചോർച്ച ചെയ്യാൻ തുടങ്ങി എന്നും കേൾക്കുന്നു.. അമേരിക്കയിലും മറ്റും 100 വർഷങ്ങൾക്കു് മുൻപാണ് സബ് വേ സിസ്റ്റം നട.പ്പിലാക്കിയത്. അതു തന്നെ ഒരു ട്രെയിൻ പോലെ 15/ 20 കോച്ചുകളുമായി 24 മണിക്കൂറും പ്രവർത്തന സജ്ജമായി. അതും 80 % ഭൂമിക്കടിയിലൂടെ. (അതു കൊണ്ടാണ് യൂറോപ്പിലും മറ്റും ട്യൂബ് / അണ്ടർ ഗ്രൗണ്ട് എന്ന പേര് വന്നത്) പക്ഷെ ഇവിടങ്ങളിലെല്ലാം സാധാരണക്കാരും, മധ്യ/ ഉപരി വർഗ്ഗങ്ങളും പല കാരണങ്ങളാൽ സബ് വേ ഉപയോഗിക്കുന്നു. എങ്കിൽ തന്നെ ലോകത്ത് 100 ൽ പരം മെട്രൊ കമ്പനികളിൽ ലാഭത്തിലോടുന്നത് വിരലിലെണ്ണാവുന്നവ മാത്രം.
കോഴിക്കോട് ലൈറ്റ് മെട്രൊ വേണമെന്ന പത്രവാർത്തയും ഓൺ ലൈൻ കാമ്പയിനും ശ്രദ്ധയിൽ പെട്ടതാണു് ഈ കുറിപ്പിന്നാധാരം. സ്വാഭാവികമായും എല്ലാ വികസന പ്രവർത്തനങ്ങളെയും സർവ്വാത്മനാ നമ്മൾ എല്ലാവരും പിന്തുണക്കുന്നവരാണ് എന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ കോഴിക്കോട് ലൈറ്റ് മെട്രൊയെ കുറിച്ച് വേണ്ടത്ര ചിന്തിക്കേണ്ടിയിരിക്കുന്നു, പഠനം നടത്തേണ്ടിയിരിക്കുന്നു. പ്രത്യേകിച്ച് ഇപ്പോൾ ഉദ്ദേശിക്കുന്ന റൂട്ട് മെംഡിക്കൽ കോളേജിൽ നിന്നും തുടങ്ങി മീഞ്ചന്തയിൽ അവസാനിക്കുന്നതാണ്. എന്നാൽ മെഡിക്കൽ കോളേജിൽ നിന്നും തുടങ്ങി കോഴിക്കോട്/ ഫറോക്ക് റെയിൽവെ സ്റ്റേഷനുകൾ വഴി കരിപ്പൂർ വിമാനത്താവള ടെർമിനൽ വരെ വേഗതയുള്ള ഒരു മാസ്സ് പബ്ലിക് ട്രാൻസ്പോർട്ടേഷൻ സിസ്റ്റത്തിന് നേരിയ ഒരു സാധ്യത തള്ളിക്കളയുന്നില്ല. പക്ഷെ മീഞ്ചന്ത വരെ ഇത്രയും ചിലവേറിയ ഒരു പാത വേണമോ എന്നും അത് എത്രത്തോളം പ്രായോഗികമാണ് എന്നും നന്നായി ചിന്തിക്കണം.അത് കൊണ്ടു വേണ്ടത്ര പഠനങ്ങൾ നടത്താതെ നമ്മുടെ നികുതിപ്പണം വികസനത്തിന്റെ പേരിൽ വിദേശ കമ്പനികൾക്ക് ഈട് കൊടുക്കേണ്ടതുണ്ടോ?
നമുക്ക് കേരളത്തിൽ അത്യാവശ്വമായി വേണ്ടത് അതി വേഗ പാതകളാണ്. എക്സ്പ്രസ്സ് ഹൈവേക്കും, പറ്റുമെങ്കിൽ അതിവേഗ തീവണ്ടി പാതക്കും ഉതകുന്ന എന്നാൽ നമ്മുടെ സ്ഥല പരിമിതിക്ക് യോജിച്ച ഒരു പ്ലാൻ അടിയന്തിരമായി തയ്യാറാക്കേണ്ടിയിരിക്കുന്നു. സ്ഥലമെടുപ്പിനെതിരെ സമര രംഗത്ത് മുൻ നിരയിൽ നിൽക്കുന്നവർ വരെ വാഹനം ഉപേക്ഷിച്ചു മാതൃക കാണിക്കുന്നില്ല. അഞ്ചു മിനുട്ട് നടക്കാനുള്ള ദൂരത്തിന് വരെ എല്ലാവരും ഏതെങ്കിലും വാഹനങ്ങൾ അല്ലെങ്കിൽ ഓട്ടൊ റിക്ഷ ഉപയോഗിക്കുന്നു. കൊച്ചു കേരളത്തിൽ വാഹന പെരുപ്പം ഏറി വരുന്നു. റോഡുകളിൽ വിലപ്പെട്ട സമയം മണിക്കൂറുകൾ പാഴാകുന്നു. കൂട്ടത്തിൽ അലക്ഷ്യമായ ഡ്രൈവിംഗും, ധൃതിയും കാരണം ദിനേന എന്ന കണക്കിനു റോഡപകടങ്ങൾ പെരുകുന്നു, കുട്ടത്തിൽ മനുഷ്യ ജീവനുകൾ ഹോമിക്കപ്പെടുന്നു. സർക്കാർ പ്രഖ്യാപനങ്ങളിൽ ഒതുങ്ങുന്നു എന്നല്ലാതെ ജല ഗതാഗത സാധ്യതകളും നാം ഇതേ വരെ പ്രയോജനപ്പെടുത്താൻ നോക്കിയിട്ടില്ല. കാസർകോഡ് നിന്നും തിരുവനന്തപുരം വരെ അത്യന്താധുനിക സ്പീഡ് ബോട്ട് നമുക്ക് നമ്മുടെ തീരദേശത്ത് കൂടെ പരീക്ഷിക്കാവുന്നതാണ്. അതുപോലെ ഉൾനാടൻ ജല ഗതാഗത സർവ്വീസിനും കേരളത്തിൽ പല സ്ഥലത്തും പരീക്ഷിക്കാം. അതേ പോലെ തന്നെ എക്സ്പ്രസ്സ് ഹൈവേ സ്ഥലമെടുപ്പിന്റെ പ്രശ്നത്തിൽ ഇനിയും നീണ്ടു പോകുകയാണെങ്കിൽ, എലിവേറ്റഡ് റോഡ്, ഡബ്ബിൾ ഹൈവേ ,ബൈ പാസ്സ് റോഡുകൾ തുടങ്ങിയവ നിലവിലുള്ള റോഡുകളിൽ അടിയന്തിരമായി നടപ്പാക്കാനുള്ള സമയം എന്നോ അതിക്രമിച്ചിരിക്കുന്നു.
യു.എ.നസീർ, ന്യൂയോർക്ക്.
Comments