വാഷിങ്ടണ്‍: സായുധ സേനയില്‍ സേവനം അനുഷ്ഠിക്കുന്ന സ്ത്രീകളെ ക്കുറിച്ച് പല വാര്‍ത്തകളും വരാറുണ്ട്. അമേരിക്കയ്ക്ക് വേണ്ടി പോരാടുന്ന മറൈന്‍ സേനയില്‍ സേവനം അനുഷ്ഠിക്കുവാന്‍ ആദ്യമായെത്തിയ സ്ത്രീ ആരായിരുന്നു എന്ന് പലര്‍ക്കും അറിയില്ല. അമേരിക്കയില്‍ സ്ത്രീകള്‍ക്ക് വോട്ടവകാശം ലഭിക്കുന്നതിന് 44 വര്‍ഷം മുന്‍പ്, 1918 ഓഗസ്റ്റ് 13 ന് മറൈന്‍ കോറില്‍ ചേര്‍ന്ന 39 കാരി ഓഫ മേ ജോണ്‍സണാണ് രാജ്യത്തിനുവേണ്ടി എല്ലാ അര്‍ത്ഥത്തിലും പോരാടി ചരിത്രം സൃഷ്ടിച്ച സ്ത്രീ. ഏതാണ്ട് ഒരു നൂറ്റാണ്ടിനുശേഷം ഇക്കഴിഞ്ഞ വ്യാഴാഴ്ച വളരെ ബുദ്ധിമുട്ടുള്ള ഇന്‍ഫന്ററി ഓഫീസര്‍ കോഴ്‌സ് പൂര്‍ത്തിയാക്കി ഒരു സ്ത്രീ ബിരുദ ധാരിണിയായ വിവരം ഔദ്യോഗികമായി പുറത്തു വന്നു. ഇതുവരെ പേര് വെളിപ്പെടുത്തിയിട്ടില്ലാത്ത ഈ സ്ത്രീ 86 ദിവസത്തെ അതികഠിനമായ കോഴ്‌സാണ് പൂര്‍ത്തിയാക്കിയത്. ഈ കോഴ്‌സിന് ചേരുന്ന പുരുഷന്മാരില്‍ 25%വും പൂര്‍ത്തിയാക്കാറില്ല. മൊജാവേ മരുഭൂമിയിലും മലകളിലും പരിശീലനത്തിന്റെ ഭാഗമായി 152 പൗണ്ടിലധികം ഭാരം വഹിച്ച് 9 മൈല്‍ മണിക്കൂറില്‍ 3 മൈലില്‍ കുറയാതെ വേഗത്തില്‍ താണ്ടിയാണ് കോഴ്‌സ് പൂര്‍ത്തിയാക്കിയത്.
ഇതിനിടയില്‍ അരുവികള്‍ കടന്നു, ചീറിപ്പായുന്ന വെടിയുണ്ടകളെ നേരിട്ടു, അമേരിക്കന്‍, വിദേശ നിര്‍മ്മിത യുദ്ധക്കോപ്പുകള്‍ സജ്ജമാക്കി- ഇവയെല്ലാം നിശ്ചിത സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കിയാണ് കോഴ്‌സ് പൂര്‍ത്തിയാക്കിയത്. പുരുഷന്മാര്‍ മാത്രം പാസാവുമായിരുന്ന അതികഠിന പരിശീലനത്തില്‍ ഇവര്‍ വിജയിച്ചതായി ബിരുദം നല്‍കുന്നതിന് മുന്‍പ് തന്നെ അറിയിപ്പ് ഉണ്ടായിരിക്കുകയാണ്. നൂറു വര്‍ഷം മുന്‍പ് ഓഫ ചെയ്തത് ഏതാണ്ട് ഇവയൊക്കെയാണ്. മരുഭൂമി താണ്ടുക മാത്രം ചെയ്തില്ല. ഒരു പുരുഷന്റെ ജോലി ഏറ്റെടുത്ത് വിജയകരമായി ഈ സ്ത്രീ കര്‍മ്മം നിര്‍വഹിച്ചു. ഒന്നാം ലോക മഹായുദ്ധത്തിന്റെ അവസാന നാളുകളിലാണ് പുരുഷന്മാര്‍ നഷ്ടപ്പെട്ടത് മൂലം ഒഴിവുവന്ന തസ്തികകളിലേയ്ക്ക്, വിദേശ യുദ്ധ ഭൂമിയിലേയ്ക്ക് സ്ത്രീകളെ റിക്രൂട്ട് ചെയ്യാന്‍ മറൈന്‍ കോര്‍ തീരുമാനിച്ചത്. മുന്നൂറ് സ്ത്രീകള്‍ സന്നദ്ധരായി എത്തി. ദിനപ്പത്രങ്ങളില്‍ ഇത് തലക്കെട്ടുകളായി. വളരെവേഗം ടൈപ്പ് ചെയ്തിരുന്ന കൊക്കോമോ ഇന്ത്യാനയിലെ ഓഫ മേ ജേക്കബ് (വിവാഹശേഷം ജോണ്‍സണായി) തിരഞ്ഞെടുക്കപ്പെട്ടവരില്‍ ഒരാളായി. വുഡ്‌സ് കോമേഷ്യല്‍ കോളേജിലെ ഷോര്‍ട്ട് ഹാന്‍ഡ് ആന്റ് ടൈപ്പ് റൈറ്റിംഗ് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് ഗ്രാജുവേറ്റ് ചെയ്തതിനുശേഷം ഓഫ ഇന്റര്‍ സ്റ്റേറ്റ് കോമേഴ്‌സ് കമ്മീഷനില്‍ ജോലി ചെയ്ത് വരികയായിരുന്നു.
തന്റെ ആദ്യ പേരായ ഓഫ മാത്രം ഉപയോഗിച്ചാല്‍ മതി എന്ന അവരുടെ നിര്‍ബന്ധം ലാസ്റ്റ് നെയിം മാത്രം ഉപയോഗിക്കുന്ന ഒരു സംവിധാനത്തില്‍ അസാധാരണമായി മാറി. ഭര്‍ത്താവ് വിക്ടര്‍ ജോണ്‍സണ്‍ വാഷിങ്ടണിലെ ലഫയേറ്റ് സ്‌ക്വയര്‍ ഓപ്പറ ഹൗസില്‍ മ്യൂസിക് ഡയറക്ടര്‍ ആയിരുന്നു. ഭര്‍ത്താവിനൊപ്പമാണ് ഓഫ വാഷിങ്ടണില്‍ എത്തിയത്. ആര്‍ലിംഗ്ടണ്‍, വെര്‍ജീനിയയിലെ മറൈന്‍ കോര്‍ ഹെഡ് ക്വോര്‍ട്ടേഴ്‌സില്‍ ക്ലര്‍ക്കായി ഓഫ വീണ്ടും ഔദ്യോഗിക ജീവിതം ആരംഭിച്ചു. മറൈന്‍ കോറില്‍ വനിതാ ക്ലര്‍ക്കുമാരും പുരുഷന്മാരെ പോലെ പരിശീലനവും ഡ്രില്ലും നടത്തണമായിരുന്നു. ഇവരെ മാരിനെറ്റുകള്‍ എന്ന് വിളിച്ചിരുന്നത് പല സ്ത്രീകള്‍ക്കും ഇഷ്ടപ്പെട്ടിരുന്നില്ല. സ്ത്രീകള്‍ക്ക് മാത്രമായുള്ള ഫസ്റ്റ് അമേരിക്കന്‍ ലീജിയണ്‍ പോസ്റ്റില്‍ സജീവമായിരിക്കുമ്പോഴാണ് ഓഫയെ യുദ്ധ രംഗത്തേയ്ക്ക് വിളിച്ചത്.
മറൈനായി ചെലവഴിച്ച ദശകങ്ങളില്‍ ധാരാളം പുരുഷ സേനാംഗങ്ങളുമായും പിന്നീട് സജീവമായ വനിതാ മറൈനുകളുമായും ഓഫ നല്ല ബന്ധം സ്ഥാപിച്ചു. പലരെയും പരിശീലിപ്പിക്കുകയും ചെയ്തു. 1955 ഓഗസ്റ്റ് 11 ന് മരിച്ച ഓഫയെ രണ്ടു ദിവസത്തിനുശേഷം റോക്ക് ക്രീക്ക് സെമിത്തേരിയില്‍ സംസ്‌കരിച്ചു. മറൈന്‍ കോര്‍ ചരിത്രത്തില്‍ പുതിയ ഒരദ്ധ്യായം ഓഫ എഴുതി ചേര്‍ത്തതിന്റെ 37-ാം വാര്‍ഷികം കൂടി ആയിരുന്നു ആ ദിനം. അമേരിക്കയ്ക്കുവേണ്ടി സജീവ മറൈനായി യുദ്ധം ചെയ്യുമ്പോള്‍ ഓഫയ്ക്ക് വോട്ടു ചെയ്യുവാന്‍ അനുവാദം ഉണ്ടായിരുന്നില്ല. അവര്‍ മരിക്കുമ്പോഴും സ്ത്രീകള്‍ ഈ അവകാശം പൂര്‍ണ്ണമായി നേടിയിട്ടുണ്ടായിരുന്നില്ല.
Comments