ഒരു മകളോട്, ചേച്ചിയോട്, അമ്മയോട് ഉള്ള സ്‌നേഹമാണ് മലയാളിക്ക് ചിത്രയോടുള്ളത്. ആലാപന ലാവണ്യംകൊണ്ട് ഉയരങ്ങള്‍ കീഴടക്കിയപ്പോഴും കൈമോശം വരാത്ത എളിമയും ലാളിത്യവും. അതാണ് ചിത്രയേക്കുറിച്ച് പറയുമ്പോഴേ ആരാധകരുടെ മനസില്‍ നിറയുന്നത്. ഈശ്വരന്‍ കനിഞ്ഞു നല്‍കിയ ശബ്‌ദസൗകുമാര്യം ഒരു നിധിപ്പോലെയാണ് അവര്‍ കാത്തുസൂക്ഷിക്കുന്നത്. ഭാവതീവ്രതകൊണ്ട് പ്രേക്ഷകമനസില്‍ കയറികൂടിയ എത്രയെത്ര ഗാനങ്ങള്‍. ഭക്‌തിയും വാത്സല്യവും പ്രണയവും വിരഹവും ആ സ്വരമാധുരിയില്‍ പെയ്‌തിറങ്ങി.
പാട്ടുകാരിയായ ചിത്രയെ നമ്മുക്കറിയാം. എന്നാല്‍ പാട്ടിനപ്പുറം ഭക്ഷണകാര്യത്തിലും ജീവിതരീതിയിലും കൊച്ചു കൊച്ചു പിടിവാശികളുള്ള ചിത്രയെ നമ്മുക്ക് അത്ര പരിചയമുണ്ടാവില്ല. അധികമാര്‍ക്കും അറിയാത്ത ആ വിശേഷങ്ങളാണ് കേരളത്തിന്‍റെ വാനമ്പാടി അശ്വമേധം വായനക്കാരുമായി പങ്കുവയ്‌ക്കുന്നത്.
Food routine
ചെറിയ തോതിലുള്ള ഭക്ഷണക്രമീകരണം ഉണ്ട്. രാവിലെ ബ്രേക്ക് ഫാസ്‌റ്റിന് പുട്ടോ ഇഡ്‌ഡലിയോ എന്തെങ്കിലും വളരെ കുറഞ്ഞ അളവില്‍ കഴിക്കും. ഉച്ചയ്‌ക്ക് ചപ്പാത്തി അല്ലെങ്കില്‍ ഒരു കപ്പ് ചോറ്. ഒപ്പം തോരനോ അവിയലോ ചിക്കനോ ഉണ്ടാവും. വൈകുന്നേരം ചായയും കൂടെ ബിസ്‌ക്കറ്റോ മുറുക്കോ. രാത്രിയില്‍ പപ്പായയാണ് പതിവ്. അതിനുശേഷം പാല്‍ക്കഷായം കഴിക്കാറു്ണ്ട്.
Favourite foods
എനിക്ക് ചപ്പാത്തി പൊതുവേ താല്‌പര്യമില്ല. എന്നാല്‍ ചോറ് ഒഴിവാക്കാന്‍ ചപ്പാത്തി കഴിക്കും. ചപ്പാത്തിയുടെ കൂടെ ഏറ്റവും ഇഷ്‌ടം രസമാണ് അല്ലെങ്കില്‍ സാമ്പാറ്. മുട്ടക്കറി വലിയ ഇഷ്‌ടമാണ്. കൊഴുപ്പ് അടങ്ങിയിരിക്കുന്നതിനാല്‍ മഞ്ഞക്കരു കഴിക്കാറില്ല. വെള്ള മാത്രമേ കഴിക്കൂ. ഇടനേരങ്ങളില്‍ ഒന്നും കഴിക്കുന്ന പതിവില്ല. മധുരം എനിക്ക് നല്ല ഇഷ്‌ടമാണ്. ഞാന്‍ ആയിട്ട് അതൊന്നും വാങ്ങിക്കാറില്ല. പക്ഷേ ആരെങ്കിലും സ്‌നേഹത്തോടെ തന്നാല്‍ കഴിക്കാതിരിക്കാനാവില്ലല്ലോ.
നോണ്‍വെജ് വേണമെന്ന് നിര്‍ബന്ധമില്ല. കഞ്ഞിയാണ് കൂടുതല്‍ താല്‌പര്യം.
Avoiding food
തൊണ്ടയ്‌ക്ക് പ്രശ്‌നം ഉണ്ടാക്കുമെന്നതിനാല്‍ തണുത്ത സാധനങ്ങള്‍ ഒഴിവാക്കും. തക്കാളി അലര്‍ജിയുണ്ടാക്കും. അതിനാല്‍ പൊതുവേ കഴിക്കാറില്ല. നാരങ്ങ, ഓറഞ്ച് തുടങ്ങിയവയും ഒരുപാട് പുളിയുള്ള ഭക്ഷണം, മസാല അമിതമായി അടങ്ങിയ ഭക്ഷണം ഇവയും എന്റെ തൊണ്ടയ്‌ക്ക് പ്രശ്‌നമാണ്. എണ്ണ അധികമുള്ള ഭക്ഷണം, എരിവ് ഇവയും ശീലമില്ല. ഒരു ഗായികയ്‌ക്ക് മറ്റെന്തിനേക്കാളും പ്രധാനമാണല്ലോ ശബ്‌ദം. അത് കാത്തുസൂക്ഷിക്കേണ്ട ഉത്തരവാദിത്വം നമ്മുടേതാണ്. ചൂടുവെള്ളം മാത്രം റെക്കോഡിംഗിന് പോകുമ്പോള്‍ കൈയില്‍ കരുതും. റെക്കോഡിംഗ് ഉണ്ടെങ്കിലും ഇല്ലെങ്കിലും ദിവസവും ധാരാളം വെള്ളം കുടിക്കും.
Workout
രാവിലെ വീട്ടിലുള്ള ദിവസങ്ങളിലെല്ലാം നടക്കുന്ന ശീലമുണ്ട്. ട്രെഡ് മില്ലില്‍ 45 മിനിട്ട് നടക്കും. എന്നാല്‍ റെക്കോഡിംഗും പരിപാടികളുമായി യാത്രകളായിരിക്കും അധികവും. അതിനാല്‍ വ്യായാമം ചെയ്യാന്‍ കഴിയാറില്ല.
Cooking experience
ഞാന്‍ നല്ലൊരു പാചകക്കാരിയൊന്നുമല്ല. ചിലപ്പോള്‍ ഉപ്പ് കൂടും അല്ലെങ്കില്‍ കുറയും എന്നിങ്ങനെ എന്തെങ്കിലുമൊക്കെ അബദ്ധങ്ങള്‍ പറ്റും. സ്‌ഥിരമായി പാചകം ചെയ്യാന്‍ പറ്റിയിരുന്നെങ്കില്‍ അതൊക്കെ ശരിയായേനെയെന്നു തോന്നുന്നു. ഒരുദിവസം സംഗീത സംവിധായകന്‍വിദ്യാധരന്‍മാഷ് വീട്ടില്‍ വന്നു. അന്ന് വീട്ടില്‍ ജോലിക്കാരൊന്നും ഇല്ലായിരുന്നു. മാഷിന് ഊണ് തയാറാക്കാന്‍ ഞാന്‍ തന്നെ അടുക്കളയില്‍ കയറി. സാമ്പാറായിരുന്നു സ്‌പെഷല്‍ വിഭവം. സാമ്പാറിന് പരിപ്പ് വെന്ത് ഉടയണമല്ലോ. പക്ഷേ അതിനൊന്നുമുള്ള ക്ഷമ എനിക്കില്ല. ഒരുവിധത്തില്‍ സാമ്പാറ് തയാറാക്കി. രസം മാതിരി. സാമ്പാറിന്റെ കഷണവും പരിപ്പുമെല്ലാം അടിയില്‍ പോയി. വെള്ളം മാത്രം മുകളില്‍നിന്നു. ഇതു കിട്ട് മാഷ് തെറ്റിദ്ധരിച്ച് രസം നന്നായിട്ടുണ്ട് മോളെയെന്നു പറഞ്ഞു.
Habits
അമ്മ എനിക്കു പകര്‍ന്നുതന്ന ശീലങ്ങള്‍തന്നെയാണ് ഇപ്പോഴും തുടരുന്നത്. എണ്ണ കുരുമുളകൊക്കെയിട്ട് കാച്ചിയാണ് തലയില്‍ തേയ്‌ക്കാന്‍ തന്നിരുന്നത്. അതിനൊന്നും സമയം കിട്ടാത്തതിനാല്‍ നീലഭൃംഗാദിയും കേശവര്‍ധിനിയും ചൂടാക്കി കുരുമുളകു ചേര്‍ത്ത് യോജിപ്പിച്ചാണ് ഇപ്പോള്‍ തലയില്‍ തേയ്‌ക്കുന്നത്. ചെറുപ്പത്തില്‍ സ്വരം നന്നാവാന്‍ അമ്മ കുറച്ച് വെണ്ണ എടുത്ത് അതില്‍ കുരുമുളക് പൊടിച്ചതുചേര്‍ത്ത് ചേച്ചിയ്‌ക്കും എനിയക്കും വായില്‍വച്ചുതരുമായിരുന്നു.
Memorable song
ജലദോഷംവച്ച് ഒരുപാടു പാട്ടുകള്‍ പാടിയിട്ടു്ണ്ട്. അതില്‍ മറക്കാന്‍ കഴിയാത്ത പാട്ടാണ് മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍ എന്ന സിനിമയിലെ നെറ്റിയില്‍ പൂവുള്ള.... എന്ന ഗാനം. ആ സമയത്ത് ഭയങ്കര ജലദോഷമായിരുന്നു. എന്നാല്‍ പാടുമ്പോള്‍ ഞാനതൊന്നും ഓര്‍ക്കാറേയില്ല. എല്ലാം ഈശ്വരാധീനം കൊണ്ടുമാത്രമാണ്. പിന്നെ സംഗീതത്തിനുവേണ്ടി എത്ര അധ്വാനിക്കാനും മടിയില്ല. വീട്ടിലുള്ള ദിവസങ്ങളിലൊന്നും സാധകം ചെയ്യുന്നത് മുടക്കാറില്ല. രാവിലെ എഴുന്നേറ്റ് കുളിയൊക്കെ കഴിഞ്ഞ് വളരെ ശുദ്ധിയോടെയാണ് സാധകം ചെയ്യുക.
Hobbies
മലയാളം നോവലുകള്‍ വായിക്കാന്‍ വലിയ ഇഷ്‌ടമാണ്. യാത്രക്കിടയിലാണ് വായിക്കുന്നത്. അപ്പോഴാണ് സ്വസ്‌ഥമായിരുന്ന് വായിക്കാന്‍ കഴിയുന്നത്. മലയാളം നോവലുകളുടെ ചെറിയൊരു ശേഖരംതന്നെ ഇപ്പോഴെനിക്കുണ്ട്.
Advice
ദാസേട്ടന്‍ ഒരുപാട് കാര്യങ്ങള്‍ പറഞ്ഞുതരാറുണ്ട്. ഒരിക്കല്‍ പ്രോഗ്രാമിനു പോയപ്പോള്‍ ഈന്തപ്പഴം പോലിരിക്കുന്ന പ്രൂണ്‍സ് ഞാന്‍ ഈന്തപ്പഴമാണെന്ന് കരുതി കഴിക്കാന്‍ എടുത്തു. അപ്പോള്‍ ദാസേട്ടന്‍ അത് ശബ്‌ദത്തിന് നല്ലതല്ലെന്നു പറഞ്ഞു കഴിക്കാന്‍ സമ്മതിച്ചില്ല. കടലയുടെ തോല് ശബ്‌ദത്തെ ബാധിക്കാമെന്ന് പറയാറു്ണ്ട്. അതുപോലെ ഈസ്‌റ്റ് അടങ്ങിയ വിഭവങ്ങള്‍ ദാസേട്ടന്‍ കഴിക്കാറില്ല. ഓരോരുത്തര്‍ക്കും ഓരോ രീതിയാണ്. ജാനകിയമ്മ തനി വെജിറ്റേറിയനാണ്.
ശുദ്ധസംഗീതത്തിന് കുറുക്കു വഴികളൊന്നുമില്ല. ഓരോരുത്തര്‍ക്കും ഓരോ തരത്തിലുള്ള പ്രശ്‌നങ്ങളാണ്. ചിലര്‍ക്ക് തണുത്ത വെള്ളം കുടിച്ചാലും തൊണ്ടയ്‌ക്കു പ്രശ്‌നം കാണില്ല. ചിലര്‍ക്ക് ചില ഭക്ഷണങ്ങളായിരിക്കും പ്രശ്‌നം. ഓരോരുത്തരും അവരവരുടെ തൊണ്ടയ്‌ക്കു പ്രശ്‌നമുണ്ടാക്കുന്ന കാരണങ്ങള്‍ കണ്ടെത്തി ഒഴിവാക്കാന്‍ ശ്രമിക്കണം.
Comments