അരിച്ചിറങ്ങുന്ന തണുപ്പില്‍ വളഞ്ഞു പുളഞ്ഞ വഴിയിലൂടെ എര്‍ത്ത് വ്യൂവിലേക്കുള്ള യാത്ര. മറക്കാനാവില്ല പൂര്‍ണിമ ഇന്ദ്രജിത്തിന് ആ ദിവസം. പ്രകൃതിയെ അടുത്തറിഞ്ഞ ആ യാത്രയെക്കുറിച്ച് പറഞ്ഞിട്ടും പറഞ്ഞിട്ടും പൂര്‍ണിമയ്‌ക്ക് മതിവരുന്നില്ല. ഇതെല്ലാം കേട്ട് ഇന്ദ്രജിത്തും മക്കളായ പ്രാര്‍ഥനയും നക്ഷത്രയും തൊട്ടടുത്ത് ഇരിക്കുന്നുണ്ട്. ഇടയ്‌ക്ക് യാത്രയിലെ രസച്ചരടുകള്‍ അവര്‍ മുറിക്കുന്നുണ്ട്. ``യാത്രകള്‍ എപ്പോഴും അങ്ങനെയാണ് ശരീരത്തിനും മനസിനും ഒരു റീ ചാര്‍ജ്.'' യാത്രകളെ ഏറെ സ്‌നേഹിക്കുന്ന പൂര്‍ണിമയ്‌ക്കും ഇന്ദ്രജിത്തിനും ഒരുപോലെ പറയുന്നു. എര്‍ത്ത് വ്യൂവില്‍ തടികൊണ്ട് നിര്‍മ്മിച്ച മനോഹരമായ റിസോട്ടിലായിരുന്നു താമസം. അവിടെയെത്തി ക്യാമ്പ്‌ഫയറും മറ്റുമായി കുറച്ചു സമയത്തിനുശേഷം കിടന്നു. രാവിലെ എഴുന്നേറ്റപ്പോള്‍ ശരിയ്‌ക്കും അതിശയിച്ചുപോയി. ഒരു ചിത്രത്തിലെന്നതു പോലെ മനോഹരമായ സ്‌ഥലം. ഞങ്ങള്‍ താമസിക്കുന്നതിനു ചുറ്റും പച്ചവിരിപ്പുപോലെ പുല്ലു. അവിടെ പശുവും കുതിരയും ചെമ്മരിയാടുമെല്ലാം മേഞ്ഞു നടക്കുന്നു. മറ്റൊരിടത്തും കാണാന്‍ കഴിയാത്ത ഒരു കാഴ്‌ച. പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാത്ത സ്‌ഥലമാണിത്. മൊബൈലിന് റെഞ്ചില്ല. ഇന്റര്‍നെറ്റില്‍.
എന്തെങ്കിലും ഒരു സാധനം വാങ്ങണമെങ്കില്‍ പോലും 45 കിലോ മീറ്റര്‍ യാത്ര ചെയ്‌തു ഊട്ടിയിലെത്തണം. ശരിയ്‌ക്കും പ്രകൃതി ഒരുക്കിയ വിസ്‌മയം. മറക്കനാവാത്ത ട്രക്കിംഗ് നക്ഷത്രയെ എട്ടുമാസം ഗര്‍ഭിണിയായിരുന്നപ്പോള്‍ കോട്ടയത്തിനടുത്ത് പച്ചകാനത്തേക്ക് പോയ യാത്ര. അത് അല്‌പം സാഹസികമായിരുന്നു. ആശുപത്രി സൗകര്യമോ ഫോണ്‍ സൗകര്യമോ ഒന്നുമില്ലാതെ വളരെ ഒറ്റപ്പെട്ട സ്‌ഥലം. അത് ഒരു അഹങ്കാരമായിരുന്നില്ലേയെന്ന് പിന്നീട് തോന്നിയിട്ടുണ്ട്. പക്ഷേ അന്ന് അനുഭവിച്ച ആ ത്രില്ല് മറക്കാനാവില്ല.
പൂര്‍ണിമ ബ്യൂട്ടി സീക്രട്ട്‌സ്
ഓരോരുത്തര്‍ക്കും ജന്മനാല്‍തന്നെ ഓരോ ശരീര ഘടനയാണല്ലോ. എനിക്ക് പൊതുവേ മെലിഞ്ഞ ശരീര പ്രകൃതിയാണ്. അതിനാല്‍ വണ്ണം കുറയ്‌ക്കാന്‍ കഠിന നിയന്ത്രണങ്ങളൊന്നും ആവശ്യമായി വന്നിട്ടില്ല. കല്യാണ സമയത്ത് പെണ്‍കുട്ടിയ്‌ക്ക് വണ്ണം കുറവാണെന്ന പരാതി ഒഴിവാക്കാന്‍ അമ്മ പാലും പഴവും അടിച്ചുതന്നിരുന്നു. അങ്ങനെ അമ്മ വണ്ണം വപ്പിച്ചതല്ലാതെ വണ്ണം കുറയ്‌ക്കാന്‍ വേണ്ടി എനിക്കൊന്നും ചെയ്യേണ്ടി വന്നിട്ടില്ല.
ആരോഗ്യപാചകം
കുടുംബത്തിന്റെ ആരോഗ്യകാര്യങ്ങളിലും വളരെയധികം ശ്രദ്ധിക്കാറുണ്ട്. ഉപയോഗിച്ച എണ്ണ വീണ്ടും ചൂടാക്കി ഉപയോഗിക്കാറില്ല. ആവശ്യത്തിലധികം ഭക്ഷണം ഉണ്ടാക്കി വയ്‌ക്കുന്ന പതിവില്ല. ഫ്രിഡ്‌ജില്‍ ഭക്ഷണം സൂക്ഷിച്ച് ഉപയോഗിക്കാറില്ല. വറുത്ത സാധനങ്ങള്‍, ബേക്കറി ഇവയും ഒഴിവാക്കും.
ടെന്‍ഷന്‍ മറികടക്കാന്‍
ഒരു സ്‌ത്രീയ്‌ക്കു മാത്രമേ വീട്ടിലെ എല്ലാ കാര്യങ്ങളും മനസിലാക്കി ഭംഗിയായി ചെയ്യാന്‍ കഴിയൂ. അപ്പോള്‍ പലതരം ടെന്‍ഷനുകള്‍ ഉണ്ടാകാം. നമ്മുക്ക് പരിഹരിക്കാന്‍ പറ്റുന്ന പ്രശ്‌നമാണോ അതോ മറ്റാരുടെയെങ്കിലും സഹായം ആവശ്യമാണോ എന്ന് നോക്കുക. അല്ലാതെ ആ സാചര്യത്തില്‍നിന്ന് ഒഴിഞ്ഞു മാറുകയല്ല വേണ്ടത്. എനിക്ക് ഒന്നും അറിയില്ലെന്നു പറഞ്ഞ് ഒഴിഞ്ഞു മാറിയാല്‍ ഒരു കാര്യവും ജീവിതത്തില്‍ നേരിടാനാവില്ല.
ഡയറ്റിംങ്ങ്
പ്രസവശേഷം ഭക്ഷണക്രമീകരണത്തിലൂടെതന്നെ ഞാന്‍ വണ്ണംകുറച്ചു. എന്നാല്‍ മുലപ്പാല്‍ കൊടുത്തുകൊണ്ടിരുന്ന സമയത്ത് ഡയറ്റ് നോക്കിയിട്ടില്ല. വണ്ണം കുറയാന്‍ ഭക്ഷണത്തില്‍ ചില നിയന്ത്രണങ്ങള്‍ കൊണ്ടുവന്നു. രാവിലെ ഒരു മുട്ട, ഒരു ഗ്ലാസ് ഓട്‌സ്, ഒരു പഴവര്‍ഗവും. ഉച്ചയ്‌ക്കും അത്താഴത്തിനും ചപ്പാത്തിയും പച്ചക്കറികളും. ആറു മാസം കൂടുമ്പോള്‍ എല്ലാ രക്‌ത പരിശോധനകളും ഞങ്ങള്‍ ചെയ്യാറുണ്ട്. ശരീരം ആരോഗ്യകരമായാല്‍ മാത്രമേ നമ്മള്‍ ഓടിച്ചാടി നടക്കാനും നമ്മുക്ക് ഇഷ്‌ടമുള്ള കാര്യങ്ങള്‍ ചെയ്യാനും കഴിയൂ. നമ്മുടെ പ്രായത്തില്‍ ചെയ്യാന്‍ കഴിയുന്ന ജോലികള്‍ ചെയ്യാന്‍ കഴിയണം. അതാണ് ആരോഗ്യകരമായ ശരീരത്തിന്റെ ലക്ഷണം.
വിവാഹശേഷം
വിവാഹത്തിനു ശേഷമാണ് ഞാന്‍ കൂടുതല്‍ ആക്‌ടീവായതെന്നു തോന്നുന്നു. അതു ഞാന്‍ വന്ന കുടുംബത്തിന്റെ പ്രത്യേകതയാണ്. ഇവിടെ എല്ലാവരും എപ്പോഴും ആക്‌ടീവാണ്. കലയെ ആത്മാര്‍ഥമായി സ്‌നേഹിക്കുന്നവര്‍. ഇന്ദ്രന്റെ അമ്മ വളരെ ചിട്ടയോടെ ജീവിക്കുന്ന വ്യക്‌തിയാണ്. ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്ന കാര്യത്തിലും ശ്രദ്ധാലുവാണ്. അതുകൊണ്ടാകാം ഈ പ്രായത്തിലും അമ്മയ്‌ക്ക് യാതൊരു ആരോഗ്യ പ്രശ്‌നങ്ങളുമില്ലാത്തത്. നമ്മുടെ കണ്ണില്‍ നമ്മള്‍ എപ്പോഴും സുന്ദരിയായിരിക്കം. നമ്മളെ മറ്റുള്ളവരുമായി താരതമ്യം ചെയ്യുമ്പോഴാണ് ടെന്‍ഷന്‍.
നൃത്തം
ഞാന്‍ നാലു വയസു മുതല്‍ നൃത്തം പഠിക്കാന്‍ തുടങ്ങിയതാണ്. ശരീരത്തിനു മാത്രമല്ല നന്നായി നൃത്തം ചെയ്‌താല്‍ മനസിനും സംതൃപ്‌തിയാണ്. അത് മാറ്റി നിറുത്തി മത്സര കണ്ണിലൂടെ കലയെ കാണുന്നത് ദൈവംതന്ന അനുഗ്രഹം ഇല്ലാതാക്കുന്നതിന് തുല്യമാണ്. ടെന്‍ഷനടിച്ച് സമ്മാനം കിട്ടുമോ എന്ന ചിന്തയില്‍ നൃത്തം ചെയ്യുമ്പോള്‍ ആ സംതൃപ്‌തി കിട്ടണമെന്നില്ല.
Comments