You are Here : Home / Readers Choice

ഫുഡ് സ്റ്റാമ്പ് കിട്ടുക വിഷമകരം: നിബന്ധന കര്‍ശനമാക്കി

Text Size  

ഏബ്രഹാം തോമസ്

raajthomas@hotmail.com

Story Dated: Wednesday, May 16, 2018 02:15 hrs UTC

2018ലെ ഫാം ബില്ലില്‍ ഫുഡ് സ്റ്റാമ്പിന് അര്‍ഹത നേടാനുള്ള ആവശ്യകത കൂടുതല്‍ കര്‍ശനമാക്കിയിരിക്കുകയാണ് റിപ്പബ്ലിക്കന്‍ ജനപ്രതിനിധികള്‍. സപ്ലിമെന്റല്‍ ന്യൂട്രിഷന്‍ അസിസ്റ്റന്‍സ് പ്രോഗ്രാം (സ്‌നാപ്) എന്നറിയപ്പെടുന്ന ഫുഡ് സ്റ്റാമ്പ് പദ്ധതിയിലൂടെ ഭക്ഷണ സാധനങ്ങള്‍ വാങ്ങാനുള്ള സഹായം നാലുകോടി അമേരിക്കക്കാര്‍ക്ക് ലഭിച്ചു വരുന്നു. ഫാം ബില്ലിലെ ധനാഭ്യര്‍ഥനയുടെ 80 ശതമാനവും ഈ പദ്ധതിക്കുവേണ്ടിയാണ്. അഞ്ച് വര്‍ഷത്തേയ്ക്കുള്ള നിര്‍ദേശങ്ങളാണ് ബില്ലില്‍ ഉള്ളത്. ഫുഡ് സ്റ്റാമ്പ് സഹായം ദുരുപയോഗം ചെയ്യപ്പെടുന്നതായി വര്‍ഷങ്ങളായി പരാതിയുണ്ട്. ഫുഡ് സ്റ്റാമ്പിലൂടെ വാങ്ങുന്ന ഭക്ഷണ സാധനങ്ങള്‍ മറ്റുള്ളവര്‍ക്ക് വിറ്റ് ആ പണം നല്‍കി മയക്ക് മരുന്ന് വാങ്ങുന്നു. രേഖകളില്ലാതെ കൈപ്പറ്റുന്ന വരുമാനം മറച്ചു വെച്ച് വരുമാനം ഇല്ലെന്നോ കുറവാണെന്നോ കാട്ടി ഫുഡ്സ്റ്റാമ്പിന് അര്‍ഹത നേടുന്നു. ശാരീരികാവശതകള്‍ ഇല്ലാത്തവര്‍ ജോലി ചെയ്യാതെ ആനുകൂല്യം നേടുന്നു. മേലധികാരികള്‍ ചില സമൂഹ വിഭാഗങ്ങളില്‍ ഉള്ളവരുടെ അപേക്ഷകള്‍ ആവശ്യമായ പരിശോധന നടത്താതെ അനുവദിക്കുന്നു തുടങ്ങി ധാരാളം പരാതികള്‍ ഉയരാറുണ്ട്. ചൂണ്ടിക്കാണിക്കപ്പെടുന്ന പ്രശ്‌നങ്ങള്‍ക്ക് തൃപ്തമായ പരിഹാരം ഉണ്ടാകുന്നില്ല എന്നും ആരോപണമുണ്ട്. ആശ്രിതര്‍ ഇല്ലാത്ത 18 വയസ്സിനും 40 വയസ്സിനും ഇടയിലുള്ള കായികമായി പരാധീനതകള്‍ ഇല്ലാത്തവര്‍ ആഴ്ചയില്‍ കുറഞ്ഞത് 20 മണിക്കൂര്‍ ജോലിയോ, പരിശീലനമോ, പഠനമോ നടത്തിയാല്‍ മാത്രമേ മൂന്നു വര്‍ഷ കാലയളവിനുള്ളില്‍ മൂന്ന് മാസത്തിലധികം സ്റ്റാമ്പ് പദ്ധതിയില്‍ തുടരാനാവു എന്നതാണ് നിലവിലെ നിയമം.

 

ഹൗസ് അഗ്രികള്‍ച്ചര്‍ കമ്മിറ്റി ഏപ്രില്‍ 18 ന് അംഗീകരിച്ചതും ഇപ്പോള്‍ റിപ്പബ്ലിക്കനുകള്‍ സഭയില്‍ അവതരിപ്പിക്കുവാന്‍ ശ്രമിക്കുന്നതുമായ ബില്ലില്‍ 40 വയസ് 59 വയസായി ഉയര്‍ത്തുന്നു. ആറ് വയസിന് മുകളിലുള്ള ജനയിതാക്കളെ ഉള്‍പ്പെടുത്തുന്നു. ആഴ്ചയില്‍ ജോലി ചെയ്തിരിക്കേണ്ട മണിക്കൂറുകള്‍ 20 ല്‍ നിന്ന് 25 ആയി ഉയര്‍ത്തുന്നു. കൂടുതലാളുകള്‍ക്ക് തൊഴില്‍ ലഭിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ ധനസഹായം നല്‍കി കൂടുതല്‍ തൊഴിലവസരങ്ങളും പരിശീലന പദ്ധതികളും ഉറപ്പുവരുത്തുമെന്ന് റിപ്പബ്ലിക്കനുകള്‍ പറയുന്നു. ബില്ലില്‍ നിര്‍ദേശിക്കുന്ന മാറ്റങ്ങള്‍ യുക്തവും നടപ്പാക്കുവാന്‍ വളരെ വൈകിയെന്നും മിഡ് ലാന്റില്‍ നിന്നുള്ള റിപ്പബ്ലിക്കനും കമ്മിറ്റി ചെയര്‍മാനുമായ മൈക്ക് കോണ്‍എവേയും പാര്‍ട്ടിയുടെ മറ്റ് ജനപ്രതിനി ധികളും പറയുന്നു. ജോലി ചെയ്തിരിക്കണം എന്ന നിബന്ധന ഗര്‍ഭിണികളും മുതിര്‍ന്നവരും കുട്ടികളും ശാരീരിക പരാധീനതകള്‍ ഉള്ളവരും ഉള്‍പ്പടെ ഇപ്പോള്‍ സ്‌നാപ്പിന്റെ കീഴിലുള്ള മൂന്നില്‍ രണ്ടു പേരെയും ബാധിക്കുകയില്ലെന്ന് കോണ്‍എവേ പറയുന്നു. എന്നാല്‍, ബില്ലിനെ എതിര്‍ക്കുന്ന ഡെമോക്രാറ്റുകള്‍ നിര്‍ദേശങ്ങള്‍ സ്‌നാപ് കൃത്യമായി മനസ്സിലാക്കാത്തവരാണ് മുന്നോട്ട് വയ്ക്കുന്നതെന്നാരോപിച്ചു. സ്‌നാപ് ലഭിക്കുന്നവരില്‍ പലരും ഒരു തൊഴില്‍ കണ്ടെത്താനോ തൊഴില്‍ സമയം 25 മണിക്കൂറാക്കി ഉയര്‍ത്തി ലഭിക്കുവാനോ കഴിയാതെ ബുദ്ധി മുട്ടുന്നവരാണ്.

 

പ്രത്യേകിച്ച് 50 വയസ് കഴിഞ്ഞവര്‍ക്ക് തൊഴില്‍ കിട്ടുക വളരെ പ്രയാസമാണ്. ഇവരുടെ തൊഴില്‍ അന്വേഷണം പലപ്പോഴും അനന്തമായി നീളും, വിമര്‍ശകര്‍ പറയുന്നു. ടെക്‌സസില്‍ താഴ്ന്ന വരുമാനക്കാര്‍ക്ക് വേണ്ടി വാദിക്കുന്നവര്‍ പുതിയ സ്‌നാപ് നിബന്ധനകളില്‍ ആശങ്ക രേഖപ്പെടുത്തി. അര്‍ഹതയ്ക്കുള്ള നിബന്ധനകള്‍ പാലിച്ചില്ലെങ്കില്‍ മുന്നറിയിപ്പും പിന്നീട് മൂന്നു വര്‍ഷത്തേക്ക് സഹായം നിര്‍ത്തലാക്കുകയും ചെയ്യും. ഒരു തവണ പിഴച്ചാലും നിങ്ങള്‍ പട്ടിണിയിലാവും-ഓസ്റ്റിനിലെ സെന്റര്‍ ഫോര്‍ പബ്ലിക് പോളിസീസ് സീനിയര്‍ പോളിസി അനാലിസ്റ്റ് റേച്ചല്‍ കൂപ്പര്‍ പറഞ്ഞു. ഇടത് പക്ഷ ചിന്താഗതിക്കാര്‍ മാത്രമല്ല ബില്ലിനെ എതിര്‍ക്കുന്നത്. ചില സംസ്ഥാനങ്ങള്‍ ചില ജനവിഭാഗങ്ങളെ ജോലി ചെയ്തിരിക്കണം എന്ന നിബന്ധനയില്‍ നിന്ന് ഒഴിവാക്കും. ആനുകൂല്യം നഷ്ടപ്പെടാതിരിക്കുവാന്‍ ചിലര്‍ (ഔദ്യോഗികമായി) വിവാഹം കഴിക്കുകയില്ല എന്നും ഇവര്‍ പറയുന്നു. പകരം രഹസ്യ വിവാഹങ്ങളാവും നടത്തുക.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.