You are Here : Home / Readers Choice

ഇടക്കാല തിരഞ്ഞെടുപ്പും മതാധിഷ്ഠിത രാഷ്ട്രീയവും

Text Size  

ഏബ്രഹാം തോമസ്

raajthomas@hotmail.com

Story Dated: Tuesday, September 18, 2018 11:19 hrs UTC

വാഷിങ്ടന്‍: ഇടക്കാല തിരഞ്ഞെടുപ്പ് പ്രചാരണം ചൂട് പിടിക്കുമ്പോള്‍ , മതാധിഷ്ഠിത രാഷ്ട്രീയത്തിന്റെ പ്രാധാന്യം വീണ്ടും ചര്‍ച്ച ചെയ്യപ്പെടുന്നു. സ്ഥാനാര്‍ഥി മത ഭക്തനാണോ തന്റെ വിശ്വാസം പങ്കിടുന്നുണ്ടോ എന്ന ചോദ്യങ്ങള്‍ വോട്ടര്‍മാര്‍ ചോദിക്കാറുണ്ട് എന്നാണ് സമീപകാലത്തെ അസോസിയേറ്റഡ് പ്രസ് - എഒആര്‍സി സെന്റര്‍ ഫോര്‍ പബ്ലിക് അഫയേഴ്‌സ് റിസര്‍ച്ചിന്റെ ചോദ്യാവലിക്ക് ലഭിച്ച ഉത്തരങ്ങള്‍ വ്യക്തമാക്കുന്നത്. ഒരു സ്ഥാനാര്‍ഥിക്ക് വ്യക്തമായ ഉറച്ച മതവിശ്വാസം ഉണ്ടായിരിക്കണം എന്ന് വിശ്വസിക്കുന്നവര്‍ 25% ആണ്. മറ്റൊരു 19% സ്ഥാനാര്‍ത്ഥി തങ്ങളുടെ വിശ്വാസം പങ്കിടുന്നവന്‍, പങ്കിടുന്നവള്‍ ആയിരിക്കണം എന്ന അഭിപ്രായക്കാരാണ്. ഏതാണ്ട് പകുതിപ്പേര്‍ സ്ഥാനാര്‍ഥിയുടെ മത വിശ്വാസത്തിന് വലിയ പ്രാധാന്യം കല്‍പിക്കുന്നില്ല. എങ്കിലും ഭൂരിപക്ഷം അമേരിക്കക്കാരും അമേരിക്കയുടെ പൊതു നയ രൂപീകരണത്തില്‍ മതം നിര്‍ണായക പങ്ക് വഹിക്കുന്നു എന്ന് പറഞ്ഞു. ഇവര്‍ (57%) ഗവണ്‍മെന്റ് നയങ്ങളില്‍ മതവും പരമ്പരാഗത സംസ്‌കാരവും ദാരിദ്ര്യ നിര്‍മ്മാജന ശ്രമങ്ങള്‍ക്ക് മുന്‍ തൂക്കം നല്‍കാന്‍ പ്രയോജനപ്പെടുത്തണം എന്നു പറയുന്നു. ഗര്‍ഭഛിദ്രത്തിനും (45%) ലെസ്ബിയന്‍, ഗേ, ബൈ സെക്‌സുവല്‍, ട്രാന്‍സ് ജെന്‍ഡര്‍ പ്രശ്‌നങ്ങള്‍ക്കും (34%) നല്‍കുന്നതിനെക്കാള്‍ കൂടുതല്‍ പ്രാധാന്യം ദാരിദ്ര്യം ഇല്ലാതാക്കുവാന്‍ നല്‍കണമെന്നാണ് 57% ക്കാരുടെയും അഭിപ്രായം. മതനേതാക്കളും മതസംഘടനകളും നികുതിയില്‍ നിന്ന് ഒഴിവായ പരിഗണന തുടരുമ്പോഴും രാഷ്ട്രീയ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ പിന്തുണച്ച് നിലപാട് അറിയിക്കണമെന്ന് വാദിക്കുന്നവരുണ്ട്.

 

ഇവരില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഉള്‍പ്പെടുന്നു. ഈ വാദത്തെ എതിര്‍ക്കുന്നവര്‍ 53% ആണ്. 13% അനുകൂലിക്കുന്നു. നിഷ്പക്ഷരായ 34% ത്തെയും ഇവര്‍ക്കൊപ്പം കൂട്ടാം എന്നാണ് സര്‍വ്വേകളുടെ സാധാരണ മാനദണ്ഡം. മതനേതാക്കള്‍ രാഷ്ട്രീയ സ്ഥാനാര്‍ത്ഥികളെ പിന്തുണയ്ക്കാം എന്ന നിലപാട് ട്രംപിന് വെളുത്ത വര്‍ഗക്കാരായ ഇവാഞ്ചലിക്കല്‍ ക്രിസ്ത്യാനികളുടെ പിന്തുണ നിലനിര്‍ത്തുവാന്‍ സഹായകമാകുന്നു. എപി-എന്‍ഒആര്‍സി പോള്‍ അനുസരിച്ച് 10 ല്‍ 7 വെളുത്ത വര്‍ഗക്കാരായ ഇവാഞ്ചലിക്കല്‍ പ്രോട്ടസ്റ്റന്റുകള്‍ ട്രംപിനെ പിന്തുണയ്ക്കുന്നവരാണ്. ഒരു സ്ഥാനാര്‍ത്ഥിയുടെ മത വിശ്വാസത്തിന്റെ പ്രാധാന്യത്തിന് മത സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും തങ്ങള്‍ക്ക് അനുയോജ്യമാംവിധം ഏറ്റക്കുറച്ചിലുകള്‍ നല്‍കുന്നു. വെളുത്ത വര്‍ഗക്കാരായ ഇവാഞ്ചലിക്കല്‍ പ്രോട്ടസ്റ്റന്റുകളില്‍ 51% നും സ്ഥാനാര്‍ത്ഥിക്ക് ശക്തമായ ഉറച്ച മതവിശ്വാസം ഉണ്ടായിരിക്കണം എന്ന് അഭിപ്രായമുണ്ട്. 25% ന് അത്രയും കടുത്ത അഭിപ്രായമില്ല. കത്തോലിക്കരിലും മുഖ്യധാര വെളുത്ത വര്‍ഗ പ്രോട്ടസ്റ്റന്റുകളും ഇതിന് അത്ര വലിയ പ്രാധാന്യം നല്‍കുന്നില്ല. റിപ്പബ്ലിക്കനുകളില്‍ 67% ന് ഉറച്ച ശക്തമായ മതവിശ്വാസമുള്ള സ്ഥാനാര്‍ത്ഥികളെ ഇഷ്ടപ്പെടുന്നു. ഡെമോക്രാറ്റുകളില്‍ ഇത് 37% മാത്രമാണ്.താന്‍ നിരീശ്വര വാദിയല്ല എന്ന് വ്യക്തമാക്കുവാനുള്ള വ്യഗ്രത സ്ഥാനാര്‍ഥി മത്സരിക്കുന്ന പദവിയുടെ ഔന്നത്യത്തിനനുസരിച്ച് വര്‍ധിക്കുന്ന പ്രവണതയാണ് കാണാറുള്ളത്. സാധാരണ അമേരിക്കക്കാരില്‍ 10% മാത്രമേ ഒരു വലിയ ശക്തി (ദൈവം) യില്‍ വിശ്വസിക്കുന്നുള്ളൂ. വിരലില്‍ എണ്ണാവുന്ന കോണ്‍ഗ്രസംഗങ്ങള്‍ മാത്രമേ മതവിശ്വാസികളല്ല എന്ന് അറിയിക്കുവാന്‍ ധൈര്യപ്പെടാറുള്ളൂ. എന്നാല്‍ മതപരമായ നാനാത്വത്തിനു ചില സാഹചര്യങ്ങളില്‍ പരിഗണന ലഭിക്കാറുണ്ട്.

മിഷിഗനിലും മിനിസോട്ടയിലും നടന്ന ഡെമോക്രാറ്റിക്ക് കോണ്‍ഗ്രഷനല്‍ പ്രൈമറികളില്‍ മുസ്‌ലിം സ്ത്രീ സ്ഥാനാര്‍ഥികള്‍ വിജയിച്ചത് ഉദാഹരണങ്ങളാണ്. മതപരമായ താല്‍പര്യത്തിനു നയപരമായ ഒരുപാട് കാര്യങ്ങളില്‍ സ്വാധീനം ചെലുത്താന്‍ കഴിയുമെന്ന് അഭിപ്രായ സര്‍വേ കണ്ടെത്തി. ദാരിദ്ര്യ നിര്‍മ്മാര്‍ജനത്തിന് നല്‍കിയ പ്രാധാന്യത്തോടൊപ്പം 49% അമേരിക്കക്കാര്‍ വിദ്യാഭ്യാസത്തിലും 44% പേര്‍ ആരോഗ്യ പരിരക്ഷാ നയത്തിലും 43% പേര്‍ കുടിയേറ്റ നയത്തിലും 38% തോക്ക് നിയന്ത്രണത്തിലും 36% വരുമാനത്തില്‍ തുല്യത വരുത്തുന്നതിലും 32% കാലാവസ്ഥ വ്യതിയാന നയത്തിലും പ്രധാന്യം കല്പിക്കണം എന്നാവശ്യപ്പെട്ടു. കണ്ടെത്തലുകള്‍ക്ക് എന്തു പ്രാധാന്യം ഉണ്ട് എന്നു തിരഞ്ഞെടുപ്പ് ഫലങ്ങള്‍ വ്യക്തമാക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.More From Featured News
View More
More From Trending
View More