ഡാളസ്: 2015 ജൂണ്‍ 16ന് ന്യൂയോര്‍ക്ക് സിറ്റിയില്‍ തിരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചു ഒരു വര്‍ഷം പൂര്‍ത്തിയാകുന്ന ദിവസം ഡാളസ്സിലെത്തിയ റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രമ്പിന് ആവേശോജ്ജ്വല സ്വീകരണമാണ് ലഭിച്ചത്. ജൂണ്‍ 16 വ്യാഴം ഉച്ചക്ക് രണ്ടരമണിയോടെ ഡാളസ് ലവ് ഫീല്‍ഡ് വിമാനതാവളത്തില്‍ സ്വന്തം ട്രമ്പ് ജെറില്‍ വന്നിറങ്ങി നേരെ തൊട്ടടുത്തുള്ള തിരഞ്ഞെടുപ്പ് ഫണ്ട് സമാഹരണ യോഗത്തിലാണ് ട്രമ്പ് പങ്കെടുത്തത്. ഐലാന്റ് ഹോട്ടലിലെ യോഗത്തില്‍ പങ്കെടുക്കുന്നതിന് 500 മുതല്‍ 250,000 ഡോളര്‍ വരെയുള്ള ടിക്കറ്റുകള്‍ മുന്‍കൂട്ടി നല്‍കിയിരുന്നു. തുടര്‍ന്ന് സൗത്ത് സൈഡ് ബോള്‍ റൂമില്‍ ഒത്തുചേര്‍ന്ന നാലായിരത്തില്‍ പരം അംഗങ്ങളെ ട്രമ്പ് അഭിസംബോധന ചെയ്ത് അമേരിക്കയുടെ സുരക്ഷിതത്വം ഉറപ്പാക്കുക എന്നതാണ് പരമപ്രധാനലക്ഷ്യമെന്ന് ട്രമ്പ് വ്യക്തമാക്കി. സംഘര്‍ഷ സാധ്യത കണക്കിലെടുത്തു വന്‍പോലീസ് സന്നാഹമാണ് നിലയുറപ്പിച്ചിരുന്നത്. ട്രമ്പ് അനുകൂലികളും, പ്രതിഷേധക്കാരും പരസ്പരം ഏറ്റുമുട്ടല്‍ ഒഴിവാക്കുന്നതിന് പോലീസ് ഇരുവര്‍ക്കും നടുവില്‍ അണിനിരന്നു. ടെക്‌സസ് പ്രൈമറിയില്‍, ടെക്‌സസ്സില്‍ നിന്നുള്ള ടെഡ് ക്രൂസാണ് വിജയിച്ചിരുന്നതെങ്കിലും, പൊതു തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സംസ്ഥാനമായി അറിയപ്പെടുന്ന ടെക്‌സസ്സില്‍, ഹില്ലരിയെ പരാജയപ്പെടുത്തുമെന്ന് ട്രമ്പ് പ്രഖ്യാപിച്ചത് ശ്രോതാക്കള്‍ കരഘോഷത്തോടെയാണ് സ്വീകരിച്ചത്. ട്രമ്പിന്റെ പ്രസംഗം തടസ്സപ്പെടുത്താന്‍ ചിലര്‍ ശ്രമിച്ചുവെങ്കിലും പോലീസ് അവരെ പിടിച്ചു പുറത്താക്കി. ഭരണഘടനാ സെക്കന്റ് അമന്റ്‌മെന്റ് സംരക്ഷിക്കുമെന്നും, ഭീകരരുമായി അടുപ്പമുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് അമേരിക്കയിലേക്ക് പ്രവേശനാനുമതി നിഷേധിക്കുമെന്നും, മെക്‌സിക്കന്‍ ബോര്‍ഡറില്‍ മതില്‍ നിര്‍മ്മിക്കുമെന്നും ട്രമ്പ് പ്രസംഗത്തില്‍ ആവര്‍ത്തിച്ചു.
Comments