മോണ്ട്ഗോമറി (അലബാമ)∙ ഡ്രൈവിങ്ങ് ലൈസെൻസ് ഫോട്ടോ എടുക്കുന്നതിന് ശിരോവസ്ത്രം നിർബന്ധപൂർവ്വം മാറ്റണമെന്നാവശ്യപ്പെട്ട അലബാമ മോട്ടോർ വെഹിക്കിൾസ് ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥരുടെ നിലപാടിനെതിരെ ക്രിസ്ത്യൻ വനിത വോൺ അലൻ പരാതിയുമായി കോടതിയിൽ. കഴിഞ്ഞ വാരാന്ത്യത്തിൽ വോൺ അലനുവേണ്ടി അലബാമ അമേരിക്കൻ സിവിൽ ലീബർട്ടീസ് യൂണിയനാണ് ലൊ സ്യൂട്ട് ഫയൽ ചെയ്തിരിക്കുന്നത്. 2011ൽ അലബാമയിലേക്ക് കുട്ടികളുമായി താമസം മാറുമ്പോൾ മാനസികമായി തകർന്ന നിലയിലായിരുന്നുവെന്നും നിരന്തരമായ പ്രാർഥനയുടെ ഫലമായി അനുഭവിച്ച ദൈവിക സാമീപ്യമാണ് തന്നെ ജീവിക്കുവാൻ പ്രേരിപ്പിച്ചതെന്നും അലൻ പ്രസ്താവനയിൽ പറയുന്നു. അനുസരണത്തിന്റേയും സമർപ്പണത്തിന്റേയും അടയാളമാണ് ശിരോവസ്ത്രമെന്നും ശിരോവസ്ത്രം ധരിക്കാതിരിക്കുന്നത് ദൈവ കല്പനാലംഘനമാകുമെന്നും അലൻ വിശ്വസിക്കുന്നു. മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥരുടെ നിർബന്ധത്തിനു വഴങ്ങാൻ തയ്യാറല്ലെന്നും, ശിരോവസ്ത്രം ധരിച്ചു ഫോട്ടോ എടുക്കുവാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് ഇവർ കോടതിയെ സമീപിച്ചിട്ടുളളത്. സിഖ്– മുസ്ലീം നിർബന്ധത്തിനുവഴങ്ങി സംസ്ഥാന സർക്കാർ 2004ൽ ശിരോവസ്ത്രത്തോടെ ഫോട്ടോ എടുക്കുന്നതിനു അനുമതി നൽകിയിരുന്നു. എന്നാൽ ക്രിസ്ത്യൻ സ്ത്രീകളെ അതിൽ ഉൾപ്പെടുത്തിയിട്ടില്ല എന്നാണ് അധികൃതരുടെ വാദം.
Comments