മാഡിസൺ (അലബാമ)∙വീടിനു സമീപം നടക്കാനിറങ്ങിയ സുരേഷ് ഭായ് പട്ടേലിനെ അകാരണമായി മർദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥൻ എറിക് ഗാർണർ സെപ്റ്റംബർ 6 മുതൽ വീണ്ടും ജോലിയിൽ വീണ്ടും പ്രവേശിപ്പിച്ചു. ജോലിയിൽ പ്രവേശിച്ചെങ്കിലും റി സർട്ടിഫിക്കേഷൻ ലഭിക്കുന്നത് വരെ ട്രെയിനിങ് യൂണിറ്റിലാണ് നിയമനം. ഇംഗ്ലീഷ് ഭാഷ വശമില്ലാതിരുന്ന സുരേഷ് ഭായിയെ ചോദ്യം ചെയ്യുന്നതിനിടെ കൈ പോക്കറ്റിലേക്ക് കൊണ്ടു പോയതാണ് ഓഫീസറെ പ്രകോപിപ്പിച്ചത്. നിലത്തേക്ക് ശക്തിയായി തളളിയിട്ട സുരേഷ് ഭായിയുടെ കഴുത്തിനും നട്ടെല്ലിനും സംഭവിച്ച ക്ഷതം ശരീരത്തിന്റെ ചലനശേഷി ഭാഗികമായി നഷ്ടപ്പെടുത്തി.
അമേരിക്കയിൽ ഇന്ത്യൻ വംശജരുടെ വലിയ പ്രതിഷേധത്തിനിടയാക്കിയ ഈ സംഭവം ദേശീയ മാധ്യമ ശ്രദ്ധ ആകർഷിച്ചിരുന്നു. 2015 ഫെബ്രുവരിയിൽ ഉണ്ടായ ഈ സംഭവത്തിൽ ഉത്തരാവാദിയെന്ന് കണ്ടെത്തിയ എറിക് പാർക്കറിനെ ജോലിയിൽ നിന്നും പിരിച്ചു വിട്ടിരുന്നു. എന്നാൽ കേസിൽ പ്രതി കുറ്റക്കാരനല്ലെന്ന് മേയ് മാസം കോടതി വിധിക്കുകയും കേസ് അവസാനിപ്പിക്കുകയും ചെയ്തു. ഈ സംഭവത്തിൽ അലബാമ ഗവർണർ സുരേഷ് ഭായിയുടെ കുടുംബാംഗങ്ങളോടു ക്ഷമാപണം നടത്തിയിരുന്നു. പൊലീസ് ഓഫീസറുടെ ക്രൂരമായ പെരുമാറ്റത്തിന്റെ വീഡിയോ ലക്ഷക്കണക്കിനു ജനം സോഷ്യൽ മീഡിയയിലുടെ കണ്ടിരുന്ന സുരേഷ് ഭായിയുടെ കുടുംബത്തിനു നീതി ലഭിച്ചിട്ടില്ലെന്നാണ് ഇന്ത്യൻ സമൂഹത്തിന്റെ പ്രതികരണങ്ങളിൽ നിന്നും വ്യക്തമാക്കുന്നത്.
Comments