വാഷിങ്ടൻ ∙ പാക്കിസ്ഥാനെ ഭീകര സംസ്ഥാനമായി പ്രഖ്യാപിക്കുന്നവർ ഉന്നയിക്കുന്ന വാദഗതികളെ യാതൊരു കാരണവശാലും പിന്താങ്ങാനാവില്ലെന്ന് യുഎസ് ഗവൺമെന്റ് വ്യക്തമാക്കി. എന്നാൽ പാക്കിസ്ഥാനുമായി സഹകരിച്ചു ഭീകരർ ഇന്ത്യയ്ക്കെതിരെ ഉയർത്തുന്ന വെല്ലുവിളിയെ ചെറുക്കുന്നതിനും പാക്കിസ്ഥാനെ ഭീകരരുടെ സുരക്ഷിത താവളമാക്കി മാറ്റുവാൻ അനുവദിക്കുന്നതല്ലെന്നും യുഎസ് ഗവൺമെന്റ് പറഞ്ഞു. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് ജോൺ കിർബിയാണ് യുഎസ് ഗവൺമെന്റിനു വേണ്ടി വിവരങ്ങൾ വെളിപ്പെടുത്തിയത്. പാക്കിസ്ഥാന്റെ കൈവശമുളള ന്യൂക്ലിയർ ആയുധങ്ങൾ ഭീകരതയുടെ കൈകളിൽ എത്താതെ സൂക്ഷിക്കുന്നതിന് പാക്കിസ്ഥാൻ ഗവൺമെന്റ് ശ്രദ്ധിക്കണമെന്നും വക്താവ് ചൂണ്ടിക്കാട്ടി. പാക്കിസ്ഥാനെ ഭീകര രാഷ്ട്രമായി അംഗീകരിക്കണമെന്നാവശ്യപ്പെട്ടു പ്രവാസി ഇന്ത്യക്കാർ ഒപ്പിട്ടു തയ്യാറാക്കിയ അപേക്ഷ കോൺഗ്രസ് പരിഗണിക്കണമോ എന്ന ചോദ്യത്തിന് അതേക്കുറിച്ച് അറിവില്ല എന്നാണ് ജോൺ കിർബി പ്രതികരിച്ചത്. ഇതിനു സമാനമായ ഒപ്പു ശേഖരണം പ്രവാസി പാക്കിസ്ഥാനികളും നടത്തിയിരുന്നു. ഇന്ത്യയും പാക്കിസ്ഥാനുമായി ബന്ധപ്പെട്ട് അതിർത്തിയിൽ സമാധാനം സ്ഥാപിക്കുവാൻ ആവശ്യമായതെന്തും ചെയ്യുമെന്ന യുഎസ് ഗവൺമെന്റ് വ്യക്തമാക്കി. പാക്കിസ്ഥാൻ ഗവൺമെന്റുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അതീവ ജാഗ്രതയോടെയാണ് സ്റ്റേറ്റ് സെക്രട്ടറി വക്താവ് ജോൺ കിർബി അഭിപ്രായപ്രകടനം നടത്തിയത്.
Comments