ഫ്ലോറിഡ ∙ ദേശീയ മുഖ്യധാര മാധ്യമങ്ങളും ക്ലിന്റനും ചേർന്നു തനിക്കെതിരെ ഗൂഢാലോചന നടത്തുന്നതായി ട്രംപ്. ഈയ്യിടെ ഉയർന്നുവന്ന ആരോപണങ്ങൾ തികച്ചും അടിസ്ഥാനരഹിതമാണെന്ന് തെളിയിക്കുന്നതിനുളള ആവശ്യമായ രേഖകൾ തങ്ങളുടെ കൈവശം ഉണ്ടെന്നും താമസിക്കാതെ തെളിവുകൾ പുറത്തു വിടുമെന്നും ട്രംപ് പറഞ്ഞു. തിരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങൾക്കു മുമ്പ് ക്ലിന്റൻ ഉയർത്തിയ ആരോപണങ്ങൾ ശരിയാണെന്ന് വിശ്വസിക്കുവാൻ സാധ്യമല്ലെന്ന് ട്രംപിന്റെ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥി മൈക്ക് പെൻസും അഭിപ്രായപ്പെട്ടു. കൃത്യമമായി ഉണ്ടാക്കിയ തെളിവുകളാണിതെല്ലാമെന്നും പെൻസ് കൂട്ടിച്ചേർത്തു.
ഫ്ലോറിഡാ വെസ്റ്റ് പാം ബീച്ചിൽ ഒക്ടോബർ 13 വ്യാഴാഴ്ച നടത്തിയ പ്രസ്താവനയിൽ ട്രംപ് ക്ലിന്റന്റെ തരംതാഴ്ന്ന കുപ്രചരണ തന്ത്രങ്ങളെ നിശിത ഭാഷയിൽ വിമർശിച്ചു. തിരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ച് ഒരു വർഷം പിന്നിട്ടു. പ്രൈമറിയിൽ ശക്തരായ പ്രതിയോഗികളെ പിൻതളളി റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥിത്വം ലഭിക്കുന്നതുവരെ ഒരു ആരോപണം പോലും ഉന്നയിക്കാത്ത ഹിലറി തിരഞ്ഞെടുപ്പിൽ പരാജയപ്പെടും എന്ന് ബോധ്യമായതോടെ പുതിയ ആരോപണങ്ങളുമായി രംഗത്തെത്തിയത് രാഷ്ട്രീയ സദാചാരത്തിന് നിരക്കാത്തതാണ്.
സ്റ്റേറ്റ് സെക്രട്ടറി എന്ന നിലയിൽ തികഞ്ഞ പരാജയമായിരുന്ന ഹിലറി കളളം പറയുന്നതിൽ അതിസമർത്ഥയാണ്. ഇ-മെയിൽ വിവാദത്തിൽ ഹിലരി കുറ്റക്കാരിയാണ്. കുറ്റം ചെയ്തിട്ട് തെറ്റി പോയി എന്ന് പറഞ്ഞാൽ ശിക്ഷയിൽ നിന്നും ഒഴിവാക്കാൻ സാധ്യമല്ല. ഹിലറി പ്രസിഡന്റായാൽ ഭരണം നടത്തുക ബിൽ ക്ലിന്റനായിരിക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. ഹിലറിയുടെ മാനസിക ശാരീരിക സ്ഥിതിയിൽ അമേരിക്കൻ പ്രസിഡന്റാകുന്നതിനുളള യോഗ്യതയില്ലെന്നും ട്രംപ് പറഞ്ഞു.
Comments