ഡാലസ് ∙ ബാലറ്റ് പേപ്പറിലെ റിപ്പബ്ലിക്കൻ പാർട്ടി കോളത്തിൽ വോട്ട് രേഖപ്പെടുത്തുമ്പോൾ ട്രംപിന് ലഭിക്കേണ്ട വോട്ടുകൾ ഹിലറിക്ക് ലഭിക്കുന്നതായി വ്യാപക പരാതി ഉയർന്നു. ടെക്സസിൽ ഏർലി വോട്ടിങ്ങ് ആരംഭിച്ച ഒക്ടോബർ 24 നാണ് വോട്ടർമാർ പരാതിയുമായി ഇലക്ഷൻ ഓഫിസർമാരെ സമീപിച്ചത്. റിപ്പബ്ലിക്കൻ പാർട്ടി കോളത്തിൽ വോട്ട് രേഖപ്പെടുത്തയതിനുശേഷം റിവ്യു ചെയ്യുന്നതിനിടയിലാണ് വോട്ട് ഹിലറിക്ക് ലഭിച്ച വിവരം വോട്ടർമാർ മനസിലാക്കിയത്. ഇത് സൈന്‍ ഇൻ എററാണെന്ന് ( Sign in Error) അധികൃതർ പറയുമ്പോൾ രാജ്യവ്യാപകമായി ട്രംപിനെതിരായ അട്ടിമറി ശ്രമമാണോ എന്നാണ് വോട്ടർമാർ ന്യായമായും സംശയിക്കുന്നത്. ഡാലസ്, സാൻ അന്റോണിയൊ, ഒഡിസ, ആമറില്ലൊ, ഹൂസ്റ്റൺ തുടങ്ങിയ കൗണ്ടികളിൽ നിന്നുളള നിരവധി വോട്ടർമാരാണ് തെറ്റ് അധികാരികളെ ചൂണ്ടി കാണിച്ചത്. ടെക്സസിൽ വോട്ട് രേഖപ്പെടുത്തുന്നവർ, വോട്ട് ചെയ്തതിനുശേഷം വീണ്ടും പരിശോധന നടത്തണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇത്തരം തെറ്റുകൾ ആവർത്തിക്കാതിരിക്കുന്നതിനുളള മുൻ കരുതലുകൾ സ്വീകരിച്ചതായി അധികൃതർ അറിയിച്ചു.
Comments