'ഗുരോ, ഈ സ്ത്രീയെ വ്യഭിചാരകര്‍മ്മത്തില്‍ തന്നെ പിടിച്ചിരിക്കുന്നു. ഇങ്ങനെയുള്ളവരെ കല്ലെറിയേണം എന്നു മോശ ന്യായപ്രമാണത്തില്‍ ഞങ്ങളോടു കല്പിച്ചിരിക്കുന്നു- നീ ഇവളെക്കുറിച്ച് എന്തു പറയുന്നു' എന്നു ചോദിച്ചു-യേശുവോ കുനിഞ്ഞു വിരല്‍കൊണ്ട് എഴുതികൊണ്ടിരുന്നു-'നിങ്ങളില്‍ പാപമില്ലാത്തവന്‍ അവളെ ഒന്നാമത് കല്ല് എറിയട്ടെ' എന്നു അവരോടു പറഞ്ഞു. അവര്‍ അതു കേട്ടിട്ട് മനഃസാക്ഷിയുടെ ആക്ഷേപം ഹേതുവായി ഓരോരുത്തരായി വിട്ടുപോയി(ഞാന്‍ ഉള്‍പ്പെടെ!). അടുത്ത കാലത്തായി പുരോഹിതന്മാരുടെ ലൈംഗിക പീഡനത്തേക്കുറിച്ചുള്ള വാര്‍ത്തകള്‍ ഒന്നിനു പിറകേ ഒന്നായി വരികയാണ്. ഏറ്റവും അവസാനം എത്തിയ വാര്‍ത്ത, ചോപ്പിന്റെ സാമ്പത്തിക ഉപദേഷ്ഠാവായ കര്‍ഡിനാള്‍ ജോര്‍ജ് പെല്ലിനേക്കുറിച്ചാണ്- നിഷേധിക്കാന്‍ പറ്റാത്ത തെളിവുകളാണ് ഫ്രഞ്ച് പോലീസ് അദ്ദേഹത്തിനെതിരെ ഹാജരാക്കിയിരിക്കുന്നത്. 'ദിലീപിന്റെ ക്രൂരകൃത്യങ്ങള്‍'- രംഗം ഒന്ന്, രണ്ട്- എന്ന രീതിയില്‍ നാട്ടില്‍ മുന്നേറുന്നു. അമേരിക്കന്‍ സംഘടനകളുടെ ഹരമായ റിമി ടോമിയേയും, കാവ്യമാധവനേയും പോലീസ് ചോദ്യം ചെയ്തു കഴിഞ്ഞു. ഇവരുമായും മറവും പണമിടപാടു ഉള്‍പ്പെടെ പല അമേരിക്കന്‍ മലയാളികളുടെ പേരും ഒളിഞ്ഞും തെളിഞ്ഞും വരുന്നുണ്ട്- ഒന്നു കരുതിയിരുന്നാല്‍ നന്ന്- കുറേ നാളത്തേയ്ക്ക് എങ്കിലും ഇവറ്റകളെ അമേരിക്കയിലോട്ട് എഴുന്നെള്ളിച്ച് പൊങ്ങച്ചം കാണിക്കല്ലേ എന്ന് സംഘടനകളുടെ സംഘാടകരോട് ഒരു വിനീതമായ അഭ്യര്‍ത്ഥന! അത് അവിടെ നില്ക്കട്ടെ! ഒരു പെന്തക്കോസ്ത് ഉപദേശിയെ പീഢനകുറ്റത്തിനു പിടിച്ചു. കത്തോലിക്കാ പുരോഹിതന്മാരെ നിരന്തരം പിടിക്കുന്നു. മാര്‍ത്തോമ്മ സഭയിലെ സ്ഥിതിയും അത്ര മെച്ചമൊന്നുമല്ല. പാത്രിയര്ക്കസുകാരും ഒട്ടും പിന്നോക്കമല്ല- സ്വാമിയുടെ ലിംഗം പോയി. എന്നാല്‍ ഞാനുള്‍പ്പെടെയുള്ള ഓര്‍ത്തഡോക്സ് വിഭാഗത്തില്‍ നിന്നും ഇങ്ങനെ ആണത്വം ഉള്ള പുരോഹിതന്മാര് ഇല്ലാത്തതില്‍ എനിക്കു ചെറിയ നിരാശയുണ്ടായിരുന്നു. എന്നാല്‍ സഭയുടെ മൊത്തം അഭിമാനം രക്ഷിക്കുവാന്‍ ഒരു 'മാന്യദേഹം' തന്നെ മുന്നോട്ടു വന്നു എന്നാണ് സോഷ്യല്‍ മീഡിയായില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍. കുളികഴിഞ്ഞ് ഈറനുമുടുത്ത് ഇറങ്ങി വന്ന പെണ്‍കുട്ടിയെ കണ്ടപ്പോള്‍, വികാരം അണ പൊട്ടി-അമേരിക്കയില്‍ വളരുന്ന നമ്മുടെ പെണ്‍കുട്ടികള്‍ എന്തിനും വഴങ്ങുന്നവരാണെന്ന വിചാരം ചില കിഴങ്ങന്മാര്ക്കുണ്ട്. പെണ്‍കുട്ടിയെ കെട്ടിപ്പിടിച്ചു ചുംബിക്കുവാന്‍ ശ്രമിച്ചു എന്നാണ് ആരോപണം. ഒരു പക്ഷേ 'സ്നാനം' കഴിഞ്ഞു വന്നതായിരിക്കും എന്നു കരുതി 'അനുഗ്രഹമാരി' ചൊരിയാന്‍ വേണ്ടി പിടിച്ചതായിരിക്കാം. കുടുംബത്തിന്റെ മാന്യത പോകുമെന്നു കരുതിയതുകൊണ്ടാവും, രക്ഷിതാക്കള്‍ പോലീസില്‍ പരാതിപ്പെട്ടില്ല. ഇതറിഞ്ഞ സഭാനേതൃത്വം ഈ കെട്ടുകഥ ഒതുക്കിത്തീര്‍ത്തു- ഒരാളു പിടിക്കപ്പെട്ടാല്‍ ഒരു പക്ഷേ മറ്റുള്ളവരുടെ രഹസ്യം കൂടി പുറത്തുവന്നാലോ? ഏതായാലും ഓര്‍ത്തഡോക്സ് സഭയിലും ഇത്തരത്തിലുള്ള പുരോഹിതന്മാരും, മഹാപുരോഹിതന്മാരും ഉണ്ടെന്ന് ഓര്‍ത്ത് ഞാന്‍ ഊറ്റം കൊള്ളുന്നു. ഇവരെ എഴുന്നള്ളിക്കുമ്പോള്‍ മുത്തുക്കുടകളുടെ എണ്ണം കുറയാതെയും കതിനാവെടികളുടെ ഒച്ച കുറയാതെയും നമ്മള് ശ്രദ്ധിക്കണം. "എന്റെ ആലയം ദൈവാലയമാകുന്നു-നിങ്ങളോ അതിനേ കള്ളന്മാരുടെ ഗുഹയാക്കിയിരിക്കുന്നു'- എന്ന് പണ്ടു ഒരു ആശാരിയുടെ മകന് പറഞ്ഞതായി എവിടെയോ വായിച്ചിട്ടുണ്ട്.
Comments