ഹൂസ്റ്റൺ ∙ ഹാർവി ചുഴലിക്കാറ്റ് നാശം വിതച്ച ഹൂസ്റ്റണിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി മേയർ രൂപീകരിച്ച ദുരിതാശ്വാസ ഫണ്ടിലേക്ക് ഇന്തോ–അമേരിക്കൻ ദമ്പതികൾ സംഭവാന ചെയ്തത് 250,000 ഡോളർ. അമിത് ഭണ്ഡാരി, ഭാര്യ അർപ്പിത എന്നിവരാണ് തുക കൈമാറിയത്. ഗ്രേറ്റർ ഹൂസ്റ്റൺ കമ്മ്യൂണിറ്റി ഫൗണ്ടേഷന്റെ പേരിൽ നൽകിയ തുക ഹൂസ്റ്റൺ മേയർ സിൽവസ്റ്റർ ടർണർ ഏറ്റുവാങ്ങി. ബയോ ഉർജ കമ്പനിയുടെ ചീഫ് എക്സിക്യൂട്ടിവ് ഒാഫിസറാണ് അമിത് ഭണ്ഡാരി. ഇന്ത്യൻ കമ്മ്യൂണിറ്റിയിലെ സമുന്നതരായ നേതാക്കൾ അമിത് ഭണ്ഡാരിയെ ചടങ്ങിൽ പ്രത്യേകം അഭിനന്ദിച്ചു. ഇന്തോ–അമേരിക്കൻ സമൂഹം കാണിച്ച ഉത്തമ മാതൃകയെ ഹൂസ്റ്റൺ മേയറും പ്രശംസിച്ചു. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ഇന്ത്യൻ സമൂഹം നൽകിയ നേതൃത്വം അഭിനന്ദാവഹമാണെന്ന് ഹൂസ്റ്റണിലെ ഇന്ത്യൻ കോൺസുലർ ജനറലും അഭിപ്രായപ്പെട്ടു. ഗവർണറുടെയും മേയറുടെയും ദുരിതാശ്വാസ ഫണ്ടിലേക്ക് ഒരു മില്യൺ ഡോളർ സംഭാവന നൽകുമെന്ന് ഫൗണ്ടേഷൻ ഭാരവാഹികൾ അറിയിച്ചു.
Comments