റിച്ചാര്‍ഡ്‌സണ്‍: ഒക്ടോബര്‍ 7 ശനിയാഴ്ച വെളുപ്പിന് 3.15 ന് അപ്രത്യക്ഷമായ ഷെറിന്‍ മാത്യുവിനെ (3) കണ്ടെത്തുന്നതിനുള്ള അന്വേഷണം ത്വരിതഗതിയില്‍ പുരോഗമിക്കുകയാണെന്നും ജനങ്ങള്‍ അക്ഷമരാകരുതെന്നും, ആത്മ സംയമനം പാലിക്കണമെന്നും റിച്ചാര്‍ഡ്‌സണ്‍ പോലീസ് അഭ്യര്‍ത്ഥിച്ചു. ഷെറിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് എന്തെങ്കിലും സൂചനകള്‍ ലഭിക്കുകയാണെങ്കില്‍ റിച്ചാര്‍ഡ്‌സണ്‍ പോലീസിനെ വിവരം അറിയിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഒക്ടോബര്‍ 7 ശനിയാഴ്ച അര്‍ദ്ധ രാത്രിക്ക് ശേഷം പാല്‍ കുടിക്കുവാന്‍ വിസമ്മതിച്ചതിന് ശിക്ഷയായിട്ടാണ് ഫെന്‍സിനു പുറത്ത് നൂറടിയോളം ദൂരെയുള്ള വൃക്ഷ ചുവട്ടില്‍ ഷെറിന്‍ മാത്യുവിനെ തനിയെ നിര്‍ത്തിയത്. 3.15 ന് വന്ന് നോക്കിയപ്പോള്‍ ഷെറിനെ കണ്ടെത്താനായില്ല. ചുറ്റുപാടും അന്വേഷിച്ചതിന് ശേഷം വീട്ടില്‍ എത്തി വസ്ത്രങ്ങ്ള്‍ അലക്കുന്ന യന്ത്രം പ്രവര്‍ത്തിപ്പിക്കുകയായിരുന്നു എന്നാണ് ഷെറിന്റെ വളര്‍ത്തച്ചന്‍ വെസ്ലി പോലീസില്‍ അറിയിച്ചത്. ഇത്രയും സംഭവങ്ങള്‍ വീടിനകത്ത് അരങ്ങേറിയപ്പോള്‍ ഭാര്യ വീടിനകത്ത് ഉറക്കത്തിലായിരുന്നുവെന്ന് പോലീസിന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് ഇവരെ ഒഴിവാക്കി വെസ്ലിയെ അറസ്റ്റ് ചെയ്തു. എന്‍ഡെയ്ഞ്ചര്‍മെന്റ്, എബാന്‍ഡന്‍മെന്റ് എന്ന രണ്ട് വകുപ്പുകള്‍ ഉള്‍പ്പെടുത്തി കേസ്സെടുത്ത ശേഷം ജാമ്യത്തില്‍ വിടുകയും ചെയ്തു. വെസ്ലിയുടെ നീക്കങ്ങള്‍ നിരീക്ഷിക്കുന്നതിന് ആംഗിള്‍ മോണിറ്റര്‍ ധരിക്കണമെന്ന നിബന്ധനയോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.
Comments