അറ്റ്ലാന്റാ: അറ്റ്ലാന്റാ ഫ്ലോയ്ഡ് കൗണ്ടിയില്‍ ഫെബ്രുവരി 6 ചൊവ്വാഴ്ച്ച ഉണ്ടായ രണ്ടു വ്യത്യസ്ത സംഭവങ്ങളില്‍ ഇന്ത്യന്‍ വംശജരും സ്റ്റോര്‍ ക്ലാര്‍ക്കുമാരുമായ രണ്ടു പേര്‍ക്കു വെടിയേറ്റു. ബെര്‍ണറ്റ് ഫെറി റോഡിലുള്ള ഹൈടെക് ഫ്യൂവല്‍ സ്റ്റോറിലെ ക്ലാര്‍ക്ക് പരംജിത്ത് (44) കൊല്ലപ്പെട്ടു. നോര്‍ത്ത് ഈലം സ്ട്രീറ്റിലുള്ള ഈലം സ്ട്രീറ്റ് ഫുഡ് ആന്റ് ബിവറേജ് കടയിലെ പാര്‍ത്ഥെ പട്ടേലിന് (30) ഗുരുതരമായി പരുക്കേറ്റു. ലമാര്‍ റഷീദ് നിക്കള്ബണ് (28) രാത്രി ഒന്‍പതു മണിയോടെ ഹൈടെക് ഫൂവല്‍ സ്റ്റോറില്‍ വന്നു യാതൊരു മുന്നറിയിപ്പും കൂടാതെ പരംജിത്തിനു നേരെ മൂന്നു റൗണ്ട് വെടിവയ്ക്കുകയായിരുന്നു. 12 സെക്കന്റിനുള്ളില്‍ പ്രതി അവിടെ നിന്നും രക്ഷപ്പെട്ടു. പരംജിത്തിനോട് എന്തെങ്കിലും ആവശ്യപ്പെടുകയോ, പണം മോഷ്ടിക്കുകയോ, എന്തെങ്കിലും സാധനങ്ങള്‍ കൊണ്ടുപോകുകയോ ചെയ്തില്ല. മിനിട്ടുകള്ക്കു ശേഷം ഈലം സ്ട്രീറ്റില്‍ വന്ന പാര്‍ത്ഥെ പട്ടേലിനോട് പണം ആവശ്യപ്പെട്ടു. ഉടന്‍ നിറയൊഴിക്കുകയായിരുന്നു. പട്ടേലിനെ ഫ്ലോയ്ഡ് മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചു. സംഭവത്തിനുശേഷം പൊലീസ് പ്രതിയെ അനിഷ്ട സംഭവങ്ങള്‍ ഒന്നും ഇല്ലാതെ അറസ്റ്റ് ചെയ്ത് ഫ്ലോയ്ഡ് കൗണ്ടി ജയിലിലടച്ചു. ചില ആഴ്ചകള്‍ക്കു മുന്‍പു ലാമാര്‍ ചൈല്‍ഡ് ക്രൂവല്‍ട്ടി കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടിരുന്നു. ഇന്ത്യന്‍ വംശജര്‍ക്കു നേരെ വെടിവയ്ക്കുന്നതിനു പ്രതിയെ പ്രേരിപ്പിച്ചതെന്താണെന്ന് അന്വേഷിച്ചു വരുന്നതായി ഫ്ലോയ്ഡ് കൗണ്ടി പൊലീസ് പറഞ്ഞു. വെടിവയ്പില്‍ കൊല്ലപ്പെട്ട പരംജിത്ത് സിങ്ങിന്റെ ഉടമസ്ഥതയിലാണ് ഐ ടെക്ക് ഫൂവല്‍ സ്റ്റോര്‍. രണ്ട് ഇന്ത്യന്‍ വംശജര്‍ക്ക് ഒരേ ദിവസം വെടിയേറ്റതില്‍ ഇന്ത്യന്‍ സമൂഹം ഉല്‍കണ്ഠാകുലരാണ്.
Comments