ന്യൂയോർക്ക് ∙ ഈ മയിലിന്റെ പേരു ഡെക്സ്റ്റർ. ചിത്രകാരിയും ഫൊട്ടോഗ്രഫറുമൊക്കെയായ ബ്രൂക്ക്ലിൻ സ്വദേശിനി വെന്റിക്കോയ്ക്ക് ഡെക്സ്റ്റർ ഏറെ പ്രിയപ്പെട്ടവനാണ്. കണ്ടാൽ ആരുമൊന്നു കൊതിക്കും. ഇതു പോലൊരു മയിലിനു വേണ്ടി. ഊണിലും ഉറക്കത്തിലും എന്നു വേണ്ട, എവിടെ പോയാലും ഡെക്സ്റ്റർ ഒപ്പമുണ്ട്. അപ്പോഴാണ് വെന്റിക്കോയ്ക്ക് വിമാനം കയറേണ്ട ആവശ്യമുണ്ടായത്. രണ്ടാമതൊന്ന് ആലോചിച്ചില്ല യുണൈറ്റഡ് എയർ ലൈൻസ് ഫ്ലൈറ്റിൽ രണ്ടു ടിക്കറ്റ് റിസർവ് ചെയ്തു. ന്യൂവാർക്ക് വിമാനത്താവളത്തിൽ ലഗ്ഗേജ് കാർട്ടിനു മുകളിൽ മയിലുമായി എത്തിയ വെന്റിക്കോയെ കണ്ട സുരക്ഷാഭടന്മാർ അമ്പരന്നു. ഒരു തരത്തിലും മയിലിനെ അകത്തു പ്രവേശിപ്പിക്കില്ലെന്നു അവർ. ടിക്കറ്റുണ്ടെന്നും പോയേ പറ്റുവെന്നും വെന്റിക്കോയും മയിലുമായുള്ള മാനസികമായ അടുപ്പം മൂലമാണ് താൻ ഇതിനു തയാറായതെന്നും ഇക്കാര്യത്തിൽ ഏവിയേഷൻ നിയമത്തിൽ കാതലായ മാറ്റമുണ്ടാക്കണമെന്നുമാണ് ഇവരുടെ ആവശ്യം.
ഒടുവിൽ ഇരുവരുമില്ലാതെ വിമാനം പറന്നു. ഇത്തരത്തിൽ മാനസികമായ അടുപ്പമുള്ള മൃഗങ്ങളും പക്ഷികളുമായി വിമാനത്തിൽ സഞ്ചരിക്കാനെത്തിയവരുടെ എണ്ണത്തിൽ കാര്യമായ വർധനയുണ്ടായിട്ടുണ്ടെന്ന് എയർലൈൻസും സമ്മതിക്കുന്നു. എന്നാൽ ഇക്കാര്യത്തിൽ നിലവിൽ വിട്ടുവീഴ്ചയ്ക്ക് കമ്പനി തയ്യാറല്ലെന്ന് ഡെയ്‍ലി മെയ്‍ലിനു നൽകിയ അഭിമുഖത്തിൽ അവർ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം സ്നേഹികൾ ഇനി വിമാനയാത്ര ചെയ്യുമ്പോൾ ആവശ്യമായി മുൻ കരുതലെടുക്കേണ്ടിയിരിക്കുന്നു.
Comments