സഹോദരി സഹോദര ബന്ധത്തിന്റെ തീക്ഷണതക്കൊപ്പം ഊഷ്മളമായ സ്നേഹ ബന്ധത്തിന്റേയും സാഹോദര്യത്തിൻറെയും നിറപ്പകിട്ടുകളോടുംകൂടി രക്ഷാബന്ധന് മഹോത്സവം ശ്രാവണ മാസത്തിലെ ഈ പൌര്ണ്ണമി നാളില് ആഗസ്റ്റ് 26 ന് ആചരിക്കുന്നു .പുരാണേതിഹാസങ്ങളിലൂടെ തുടങ്ങുന്ന ഇതിൻറെ ചരിത്രവും പൌരാണികതയും മഹത്വവും സാമാന്യ ജനങ്ങൾക്കായി പങ്ക് വെക്കുന്നു .
നിങ്ങളെ രക്ഷിക്കുന്ന ബന്ധനമാണ് രക്ഷാബന്ധൻ !. കുറേക്കൂടി ഉന്നതമായ എന്തിനോടോ ഉള്ള നിങ്ങളുടെ ബന്ധനമാണ് നിങ്ങളുടെ രക്ഷ .ജീവിതത്തിൽ ബന്ധങ്ങൾ ആവശ്യമാണ് .എന്നാൽ ആരോടാണ് ഈ ബന്ധം ? ജ്ഞാനത്തിനോട് ,ഗുരുവിനോട് ,സത്യത്തിനോട് ,ആത്മാവിനോട് ഉള്ള ബന്ധനമാണത് .ആ ബന്ധം നിങ്ങളെ രക്ഷിക്കുന്നു .നിങ്ങളെ കയറുകൊണ്ട് കെട്ടിയാൽ ആ കയറിന് നിങ്ങളെ സംരക്ഷിക്കാൻ കഴിയും. അതല്ലെങ്കിൽ ശ്വാസം മുട്ടിക്കും .അതുപോലെ ഭൗതികകാര്യങ്ങളിൽ കുരുങ്ങിക്കിടക്കുന്ന മനസ്സിന് നിങ്ങളെ ശ്വാസം മുട്ടിക്കാം .എന്നാൽ മഹാമനസ്സ് ,ജ്ഞാനം ,നിങ്ങളെ രക്ഷിക്കുന്നു. സ്വതന്ത്രരാക്കുന്നു . ബന്ധങ്ങൾ മൂന്നുവിധം സാത്വതികം ,രാജസികം ,താമസികം എന്നിങ്ങനെ മൂന്നുതരത്തിലുള്ള ബന്ധങ്ങളുണ്ട് സാത്വതിക ബന്ധനം നിങ്ങളെ ജ്ഞാനവുമായി ബന്ധിപ്പിക്കുന്നു .രാജസിക ബന്ധനം എല്ലാതരത്തിലുള്ള ആഗ്രഹങ്ങളോടും അത്യാർത്തികളോടും നിങ്ങളെ ബന്ധിപ്പിക്കുന്നു .താമസിക ബന്ധനത്തിൽ ആനന്ദമില്ല .പക്ഷെ എന്തോ ഒരു ബന്ധനമുണ്ട് . ഉദാഹരണത്തിന് പുകവലി ശീലമാക്കിയ ഒരാൾക്ക് ഒരു സന്തോഷവും അനുഭവപ്പെട്ടേക്കില്ല .എന്നാൽ അതുവിടാൻ ബുദ്ധിമുട്ടുണ്ടാകും .രക്ഷാബന്ധൻ നിങ്ങളെ എല്ലാവരുമായും ,ജ്ഞാനമായും സ്നേഹമായും.ബന്ധിപ്പിക്കുന്നു .
ഈ ദിവസം സഹോദരീസഹോദരന്മാർ ബന്ധങ്ങൾ ഉറപ്പിക്കുന്നു .സഹോദരിമാർ സഹോദരന്മാരുടെ കൈയ്യിൽ പവിത്രമായ ചരട് കെട്ടുന്നു .പവിത്രമായ സഹോദരസ്നേഹത്തിന്റെ തുടിപ്പാർന്ന ചരടിനെ ''രാഖി'' എന്ന് വിളിക്കുന്നു .പകരം സഹോദരന്മാർ സഹോദരിമാർക്ക് സമ്മാനങ്ങൾ നൽകുകയും അവരെ സംരക്ഷിക്കുമെന്ന് വാഗ്ദ്ധാനം കൊടുക്കുകയും ചെയ്യുന്നു.പലരൂപത്തിലും ആഘോഷിക്കപ്പെടുന്ന രക്ഷാ ബന്ധൻ 'രാഖി ' ' ബെലെവ' ' സലുനോ' എന്ന പല പേരുകളിലും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ അറിയപ്പെടുന്നു . രക്ഷാ ബന്ധനെക്കുറിച്ചുള്ള കഥകൾ ഭാരതീയപുരാണങ്ങളോട് ബന്ധപ്പെട്ട് രക്ഷാബന്ധനെക്കുറിച്ച് നിരവധി കഥകളുണ്ട്. ബലി എന്ന അസുരരാജാവിൻറെ കഥയാണ് അവയിലൊന്ന് .ബാലീ വലിയൊരു വിഷ്ണു ഭക്തനായിരുന്നു .വൈകുണ്ഠത്തിൽ താമസമുപേക്ഷിച്ച് വിഷ്ണു ബാലിയുടെ രാജ്യം സംരക്ഷിക്കാൻ ഭൂമിയിലെത്തി .എന്നാൽ ഭർത്താവിനോടൊപ്പം വൈകുണ്ഠത്തിൽ താമസിക്കാനായുന്നു ലക്ഷ്മിയുടെ ആഗ്രഹം . മഹാലക്ഷ്മി ഒരു ബ്രാഹ്മണസ്ത്രീയുടെ രൂപത്തിൽ തന്റെ ഭർത്താവ് തിരിച്ചുവരുന്നവരെ ബലിയുടെ രാജ്യത്തിൽ അഭയം പ്രാപിച്ചു .ബലി ദേവിയെ സ്വന്തം സഹോദരിയെപ്പോലെ സംരക്ഷിച്ചു , ശ്രാവണ പൂർണ്ണിമ ആഘോഷിക്കുന്ന വേളയിൽ ലക്ഷ്മിദേവി പവിത്രമായ ചരട് ബലിയുടെ കൈയ്യിൽ കെട്ടി .ഇതു കണ്ട് സ്നേഹാർദ്ധനായ ബലി ദേവിയോട് എന്തുവേണമെങ്കിലും ആവശ്യപ്പെട്ടുകൊള്ളാൻ പറഞ്ഞു .ആ ആഗ്രഹം താൻ നിവർത്തിച്ചുകൊടുക്കും എന്ന് ഉറപ്പ് പറയുകയും ചെയ്തു. വരം കിട്ടിയപ്പോൾ താൻ ആരാണെന്നും എന്തിനാണ് അവിടെ വന്നതെന്നും ഉള്ള കാര്യം ദേവി വെളിപ്പെടുത്തി . ഇന്ത്യയുടെ ചില ഭാഗങ്ങളിൽ 'ബെലെവ' എന്നപേരിൽ അറിയപ്പെടുന്ന ഈ ആഘോഷം ബലിക്ക് ഭഗവാനോടും സഹോദരിയോടുമുള്ള സ്നേഹത്തിന്റെ സ്മാരകമാണ്. സഹോദരിക്ക് ശ്രാവണപൂർണ്ണിമയുടെ ദിനത്തിൽ ചരട് കെട്ടുന്നതിന് ക്ഷണിക്കാൻ തുടങ്ങിയത് അന്ന് മുതലാണ് എന്നാണു വിശ്വാസം .
ഈ ആഘോഷം സഹോദരി സഹോദരന്മാരുടേതാണ് എന്ന് കരുതപ്പെടുന്നുണ്ടെങ്കിലും അത് എല്ലാ കാലത്തും അങ്ങിനെയായിരുന്നില്ല.വ്യത്യസ്ഥ സന്ദർഭങ്ങളിൽ '' രാഖി ' സംരക്ഷണത്തിൻറെ പ്രതീകമായിരുന്നു എന്ന് ചരിത്രത്തിലെ പല ഉദാഹരണങ്ങളും സൂചിപ്പിക്കുന്നു . പത്നിക്കോ , പുത്രിക്കോ ,മാതാവിനോ ,രാഖി കെട്ടാം.അനുഗ്രഹംതേടിയെത്തുന്നവർക്ക് ഋഷിമാർ രാഖി കെട്ടിയിരുന്നു .മാത്രമല്ല മുനിമാർ സ്വയം രാഖി കെട്ടിയിരുന്നു . പാപം നശിപ്പിച്ച് പുണ്യം പ്രധാനം ചെയ്യുന്ന പർവ്വമാണ് രാഖി.അതല്ലെങ്കിൽഅനുഗ്രഹം ചൊരിഞ്ഞുകൊണ്ട് പാപം പാപം നശിപ്പിക്കുന്നതാണ് രാഖി എന്ന് പുരാണങ്ങൾ പറയുന്നു . നമ്മൾ സമൂഹത്തിൽ ജീവിക്കുമ്പോൾ പലപ്പോഴും തർക്കങ്ങളും തെറ്റിദ്ധാരണകളും അഭിപ്രായവ്യത്യാസങ്ങളും ഉണ്ടാകും .ഇത് സംഘർഷവും അരക്ഷിതത്വവും ഭയവും സൃഷ്ടിക്കുന്നു . ഭയത്തിൽ ജീവിക്കുന്ന ഒരു സമൂഹം നശിക്കും. ഒരു കുടുംബത്തിലെ അംഗങ്ങൾ ഭയപ്പെട്ട് ജീവിക്കുകയാണെങ്കിൽ ആ കുടുംബാംഗങ്ങളും നശിക്കും . ''ഞാൻ നിങ്ങളുടെ കൂടെയുണ്ട് '' എന്ന് ഉറപ്പ് തരുന്ന ആഘോഷമാണ് ''രക്ഷാബന്ധൻ '
Comments