You are Here : Home / Readers Choice

അറവുശാല മാലിന്യങ്ങൾ ഉയർത്തുന്ന ആരോഗ്യപ്രശ്‌നങ്ങൾ

Text Size  

Story Dated: Saturday, March 02, 2019 10:49 hrs UTC

ഇന്ന് നാം നേരിടുന്ന മാലിന്യപ്രശ്‌നങ്ങളിൽ മുഖ്യപങ്ക് വഹിക്കുന്ന ഒന്നാണ് അറവുശാല മാലിന്യങ്ങൾ. മിക്കപ്പോഴും വഴിയരികിലും, പുഴകളിലും തള്ളുന്ന ഇത്തരം മാലിന്യങ്ങൾ ഉയർത്തുന്ന ആരോഗ്യപ്രശ്‌നങ്ങൾ ചെറുതല്ല. ഇതിന് ഒരു പരിഹാരവുമായി രംഗത്തെത്തിയിരിക്കുകയാണ് മലപ്പുറം കൊണ്ടോട്ടി മുണ്ടകുളം സ്വദേശി അബ്ദുൽ നാസർ. തന്റെ കോഴിക്കടയിൽ നിന്നുമുള്ള അറവുമാലിന്യങ്ങൾ വഴിയിലോ പുഴയിലോ പുറംതള്ളാതെ അതുപയോഗിച്ച് ബയോഗ്യാസ് പ്ലാന്റ് നിർമ്മിച്ചിരിക്കുകയാണ് ഈ യുവാവ്. ആദ്യമൊക്കെ അബ്ദുൽ നാസറിന്റെ കടയിൽ നിന്നും മാലിന്യം ശേഖരിക്കാൻ ഒരു വണ്ടി വരുമായിരുന്നു. എന്നാൽ ഇടയ്‌ക്കിടെ വണ്ടി വരാതാവുന്നതോടെ മാലിന്യമെല്ലാം കെട്ടിക്കിടന്ന് അതൊരു പ്രശ്‌നമായി തീരുകയായിരുന്നു. ഈ മാലിന്യം എങ്ങനെ ഫലപ്രദമായി സംസ്‌കരിക്കാം എന്ന ചിന്തയാണ് ബയോഗ്യാസ് പ്ലാന്റ് എന്ന ആശയത്തിലേക്ക് അബ്ദുൽ നാസറിനെ എത്തിച്ചത്. കാടാമ്പുഴ ആസ്ഥാനമായി പ്രവർത്തിക്കുന്ന ദീപം ബയോഗ്യാസ് ഏജൻസിയാണ് അബ്ദുൽ നാസറിനായി ബയോഗ്യാസ് പ്ലാന്റ് നിർമ്മിച്ച് നൽകിയത്. അബ്ദുൽ നാസറിന്റെ അറവുശാലയിൽ കിലോക്കണക്കിന് മാലിന്യമാണ് പ്രതിദിനം ഉണ്ടാവുന്നത്.

അതുകൊണ്ട് തന്നെ 50 കിലോ വരെ മാലിന്യം സംസ്‌കരിക്കാൻ തക്ക വലുപ്പമുള്ള ബയോഗ്യാസ് പ്ലാന്റാണ് അദ്ദേഹം വീട്ടിൽ സ്ഥാപിച്ചിരിക്കുന്നത്. ഒന്നര സെന്റിൽ സ്ഥാപിച്ചിരിക്കുന്ന 8 എം ട്യൂബ് അളവിലുള്ള ഈ ബയോഗ്യാസ് പ്ലാന്റിലൂടെ മൂന്നോ നാലോ വീടുകൾക്ക് ആവശ്യമായ ഗ്യാസ് ഉദ്പാദിപ്പിക്കാൻ കഴിയുന്നുണ്ടെന്ന് അബ്ദുൾ നാസർ പറയുന്നു. ഒരു ദിവസം 50 കിലോ മാലിന്യം പ്ലാന്റിൽ നിക്ഷേപിച്ചാൽതന്നെ പതിനഞ്ച് ദിവസം കത്തിക്കാനുള്ള ഇന്ധനം പ്ലാന്റിൽ നിന്നും ലഭിക്കും. രണ്ടേകാൽ ലക്ഷമാണ് പ്ലാന്റിന് ചിലവ് വന്നത്. ഇതിന് സബ്‌സിഡിയായി ശുചിത്വ മിഷനിൽ നിന്നും ഒരു ലക്ഷം രൂപ ലഭിക്കും. ഒരു കിലോ മാലിന്യം നീക്കം ചെയ്യാൻ ഏഴ് രൂപയാണ് സംസ്‌കരണ യൂണിറ്റിന് നൽകേണ്ടത്. പ്രതിദിനം 50 കിലോ മാലിന്യം വെച്ച് കണക്കുകൂട്ടിയാൽ ഒരു വർഷം മാത്രം ഒരു ലക്ഷത്തിൽ പരം രൂപ മാലിന്യം സംസ്‌കരണത്തിന് മാത്രമായി ചിലവാവും. ഈ പ്രശ്‌നത്തിനും അബ്ദുൽ നാസർ ബയോഗ്യാസ് പ്ലാന്റ് സ്ഥാപിക്കുന്നതിലൂടെ പരിഹാരം കണ്ടു.സ്വന്തമായി മാലിന്യ സംസ്‌കരിച്ചുതുടങ്ങിയതോടെ അബ്ദുൽ നാസറിന്റെ കടക്ക് ലൈസൻസും ലഭിച്ചു. ഒരു ബക്കറ്റ് മാലിന്യമാണ് പ്ലാന്റിലേക്ക് ഇടുന്നതെങ്കിൽ രണ്ട് ബക്കറ്റ് വെള്ളം ഒഴിക്കണം. എത്ര മാലിന്യം നിക്ഷേപിക്കുന്നോ അതിന്റെ ഇരട്ടി വെള്ളം ഒഴിക്കണം. അതാണ് കണക്ക്. മീഥേൻ വാതകമാണ് പ്ലാന്റിൽ ഉത്പാദിപ്പിക്കുന്നത്.

 

നിക്ഷേപിക്കുന്ന മാലിന്യത്തിന്റെ എൺപത് ശതമാനമാണ് വാതകമായി പുറത്തുവരുന്നത്. ബാക്കി ഇരുപത് ശതമാനം സ്ലറിയായി പ്ലാന്റിൽ നിന്നും പുറത്തുവരും. ഇത് ഉത്തമ ജൈവവളമാണെന്ന് അബ്ദുൾ നാസർ പറയുന്നു. അറവു മാലിന്യത്തിന് പുറമെ ജീർണ്ണിക്കുന്ന (biodegradable) മാലിന്യങ്ങളും ഇതിൽ നിക്ഷേപിക്കാം. അതുകൊണ്ട് തന്നെ വീട്ടിൽ ഉണ്ടാവുന്ന മാലിന്യങ്ങളെല്ലാം സംസ്‌കരിക്കാനുള്ള ഉത്തമ വഴിയാണ് ഇതെന്ന് അബ്ദുൾ നാസർ പറയുന്നു. വീട്ടാവശ്യത്തിനായി 5 കിലോഗ്രാം മാലിന്യം വരെ നിക്ഷേപിക്കാവുന്ന പ്ലാന്റ് മതിയാകുമെന്നാണ് അദ്ദേഹം പറയുന്നത്. ഇതിന് 22,000 രൂപ മാത്രമേ ചിലവ് വരികയുള്ളു. വീട്ടാവശ്യങ്ങൾക്കായി വെള്ളം സംഭരിക്കുന്ന ചെറിയ വാട്ടർ ടാങ്കിന്റെ വലുപ്പത്തിൽ പ്ലാന്റ് സ്ഥാപിക്കാം. വീടുകളിൽ സ്ഥാപിക്കുന്ന പ്ലാന്റുകൾക്ക് സബ്‌സിഡി ലഭിക്കുമെന്നും അബ്ദുൾ നാസർ പറയുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.