സാക്രമെന്റ്(കാലിഫോര്‍ണിയ): ആറുമാസത്തില്‍ കൂടുതല്‍ ജീവിക്കുവാന്‍ സാധ്യമല്ല എന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയാല്‍, അത്തരം രോഗികള്‍ക്ക് മരണം തിരഞ്ഞെടുക്കുന്നതിന് ശരിയായ മാനസികാവസ്ഥ ഉണ്ടെങ്കില്‍, ഡോക്ടര്‍മാര്‍ക്ക് അവരുടെ താല്പര്യം കണക്കിലെടുത്ത് മരണം ഉറപ്പാക്കുന്ന ഔഷധം കുറിച്ചു നല്‍കുന്നതിന് അനുമതി നല്‍കുന്ന ബില്‍ കാലിഫോര്‍ണിയ സ്‌റ്റേറ്റ് സെനറ്റ് ജൂണ്‍ 4 വ്യാഴാഴ്ച ഭൂരിപക്ഷ പിന്തുണയോടെ പാസ്സാക്കി. സെനറ്റ് പതിമൂന്നിനെതിരെ 23 വോട്ടുകള്‍ക്കാണ് ബില്‍ പാസ്സാക്കിയത്. ബില്ലിനെ പിന്തുണച്ച ഡമോക്രാറ്റിക്ക് സെനറ്റിന്റെ വക്താവ് കാത്തി സ്മിത്താണ് ഈ വിവരം വെളിപ്പെടുത്തിയത്. ഒറിഗണ്‍, വാഷിംഗ്ടണ്‍ സ്റ്റേറ്റ്, മൊണ്ടാന, വെര്‍മോങ്ങ്, തുടങ്ങിയ സംസ്താനങ്ങള്‍ കഠിനമായ രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് മരിക്കുന്നതിനാവശ്യമായ മരുന്നുകള്‍ നല്‍കുന്നതിന് ഒരു പരിധിവരെ അനുവദിച്ചിട്ടുണ്ട്. ഒറിഗണില്‍ 1994 ല്‍ പാസ്സാക്കിയ ഈ നിയമം ഇതുവരെ 752 പേരെ മരിക്കുന്നതിനായി അനുവദിച്ചിട്ടുണ്ട്.
മാരക രോഗത്തിനടിമയായ രോഗികള്‍ക്ക് സമാധനത്തോടെ മരിക്കാന്‍ അവസരം നല്‍കുന്ന ബില്ലിനെ അനുകൂലിച്ചു ഡമോക്രാറ്റുകള്‍ സംസാരിച്ചപ്പോള്‍ ഇതു ധാര്‍മ്മികാധഃപതനമാണെന്നും, ആത്മഹത്യക്ക് സഹായിക്കുന്നതാണെന്നും റിപ്പബ്ലിക്കന്‍ സെനറ്റര്‍ ജോണ്‍ മൂര്‍ലാച്ച് അഭിപ്രായപ്പെട്ടു. പതിനഞ്ചു ദിവസത്തിനുള്ളില്‍ പൂര്‍ണ്ണ സുബോധത്തോടെ രണ്ടു തവണ രോഗി മരിക്കണമെന്ന് ആവശ്യപ്പെടണമെന്നും, അപേക്ഷ മറ്റൊരാള്‍ സാക്ഷ്യപ്പെടുത്തണമെന്നും, മരിക്കുന്നതിനുള്ള ഔഷധം സ്വയം ഉപയോഗിക്കണമെന്നും ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു. കാന്‍സര്‍ രോഗത്തിന്റെ കഠിനമായ വേദനസഹിക്കാനാകാതെ ബെ ഏരിയായില്‍ നിന്നും നിയമപരമായി മരിക്കാന്‍ അനുമതി നല്‍കുന്ന ഒറിഗണിലേക്കു താമസം മാറ്റി നവംബറില്‍ ജീവിതം അവസാനിപ്പിച്ച ബ്രിട്ടണില്‍ മെയ് നാര്‍ഡിന്റെ ഭര്‍ത്താവും, കുടുംബാംഗങ്ങളും ഈ ബില്‍ നിയമമാക്കുന്നതിന് പുറകില്‍ വലിയ പ്രേരകശക്തിയായിരുന്നു.
Comments