ബിര്‍മിംഗ്ഹാം(അലബാമ): ബിര്‍മിഹാം സിറ്റി കൗണ്‍സില്‍ യോഗം നടക്കുന്നതിനിടയില്‍ ഉണ്ടായ വാക്കേറ്റം കയ്യാങ്കളിയില്‍ എത്തിയതിനെ തുടര്‍ന്ന് പരിക്കേറ്റ മേയറേയും, കൗണ്‍സില്‍ അംഗത്തേയും പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പോലീസ് ചീഫ് എ.സി. റോപര്‍ പറഞ്ഞു. ഇന്ന്(12-15-16) രാവിലെയാണ് സിറ്റിഹോള്‍ അനിഷ്ട സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചത്. മേയറുടെ ചേംബറിനു സമീപമുള്ള മുറിയില്‍ മേയര്‍ വില്യം ബെല്ലും, കൗണ്‍സില്‍ അംഗം മാര്‍ക്‌സ് ലണ്ടിയും തമ്മില്‍ ചില വിഷയങ്ങളിലുണ്ടായ തര്‍ക്കമാണ് കയ്യാങ്കളിയില്‍ അവസാനിച്ചതെങ്കിലും, ആരാണ് തുടങ്ങിവെച്ചതെന്ന് പറയാനാകില്ലെന്ന് പോലീസ് വെളിപ്പെടുത്തി. മേയറാണ് മെമ്പറെ മര്‍ദ്ദിച്ചതെന്ന് കൗണ്‍സില്‍ പ്രസിഡന്റ് ജോനാഥാന്‍ ഓസ്റ്റിന്‍ നടത്തിയ പത്രസമ്മേളനത്തില്‍ ആരോപിച്ചു. സംഭവത്തെ കുറിച്ചു കൂടുതല്‍ വിശദീകരിക്കാന്‍ പോലീസ് ചീഫ് വിസമ്മതിച്ചു. അലബാമയിലെ ഏറ്റവും വലിയ സിറ്റിയായ ബിര്‍മിംഗ് ഹാമില്‍ നടന്ന സംഭവത്തിനു പുറകില്‍ മേയറും അംഗവും തമ്മിലുള്ള അധികാര വടംവലിയാണെന്ന് കൗണ്‍സില്‍ വനിതാമെമ്പര്‍ കിം റഫര്‍ട്ടി അഭിപ്രായപ്പെട്ടു. 66 ക്കാരനായ വില്യം ബെല്‍ 2010 ലാണ് മേയറായി തിരഞ്ഞെടുക്കപ്പെട്ടത്. 2013 ല്‍ കൗണ്‍സില്‍ അംഗമായി തിരഞ്ഞെടുക്കപ്പെട്ട മാര്‍ക്‌സ് നിരവധി കമ്പനികളിലെ എക്‌സിക്യൂട്ടീവായി പ്രവര്‍ത്തിച്ചിരുന്നു. ഇപ്പോള്‍ സിറ്റി എക്കണോമിക്ക് ഡവലപ്‌മെന്റ് ബഡ്ജറ്റ് ആന്റ് ഫിനാന്‍സ് കമ്മിറ്റി അംഗം കൂടിയാണ്.
Comments