ഐഡഹൊ: ഉച്ചഭക്ഷണം വാങ്ങുന്നതിന് പണം ഇല്ലാതെ വിശന്നു വലഞ്ഞ വിദ്യാര്‍ത്ഥിനി ഭക്ഷണം വേണമെന്നാവശ്യപ്പെട്ടപ്പോള്‍ ഒരു ഡോളര്‍ 70 സെന്റ് വിലവരുന്ന ലഞ്ച് സൗജന്യമായി നല്‍കിയ കുറ്റത്തിന് സ്‌ക്കൂള്‍ ജീവനക്കാരിയെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. മൂന്നുവര്‍ഷമായി കാഫ്റ്റീരിയായില്‍ ജോലി ചെയ്യുന്ന ഡെലിന്‍ ബൗഡനാണ് ക്രിസ്തുമസ് അവധിക്ക് സ്‌ക്കൂള്‍ അടക്കുന്നതിനു മുമ്പ് ജോലി നഷ്ടപ്പെട്ടത്. ഉച്ചഭക്ഷണത്തിന് ക്യൂവില്‍ നിന്നിരുന്ന 12 വയസ്സുക്കാരി കയ്യില്‍ പണം ഇല്ല, വിശക്കുന്നു എന്ന് പറഞ്ഞപ്പോള്‍ അത് കേട്ടു നില്‍ക്കുന്നതിന് ബൗഡനായില്ല. 1.70 ഡോളര്‍ വിലവരുന്ന ലഞ്ച് ട്രെ ബൗഡന്‍ വിദ്യാര്‍ത്ഥിനിക്ക് സൗജന്യമായി നല്‍കി. ഇതുകണ്ടുനിന്ന സൂപ്പര്‍വൈസര്‍ സ്‌ക്കൂളധികൃതരെ വിവരം അറിയിച്ചു. തുടര്‍ന്ന് അവധിയില്‍ പോകുന്നതിനുള്ള അറിയിപ്പു ലഭിച്ചു. പിന്നീടു വിളിക്കാമെന്നും. എന്നാല്‍ വിളിച്ചില്ല എന്ന് മാത്രമല്ല ജോലിയില്‍ നിന്നും പിരിച്ചുവിട്ട കത്താണ് ലഭിച്ചതെന്ന് ബൗഡന്‍ പരാതിപ്പെട്ടു. കളവു നടത്തി എന്ന കുറ്റമാണ് ഇവര്‍ക്കെതിരെ ആരോപിക്കപ്പെട്ടത്. ലഞ്ചിന്റെ വില നല്‍കാം എന്നു പറഞ്ഞിട്ടും സമ്മതിച്ചില്ല എന്നും ബൗഡന്‍ പറഞ്ഞു. വിശക്കുന്നു എന്നു പറഞ്ഞ കുട്ടിക്കു ഭക്ഷണം നല്‍കി എന്നതു ഒരു കുററമായി കാണാനാകില്ലെന്നും, ഇതിനെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും ഇവര്‍ പറഞ്ഞു. എന്നാല്‍ സ്‌ക്കൂളധികൃതര്‍ ഇതിനെകുറിച്ചു അഭിപ്രായം പറയുവാന്‍ വിസമ്മതിച്ചു.
Comments