കലിഫോർണിയ ∙ സിഖ് വംശജർക്കെതിരെ വർദ്ധിച്ചുവരുന്ന ആക്രമണങ്ങൾക്ക് ക്രിസ്മസിന് തൊട്ടടുത്ത ദിവസം ഇരയായത് അറുപത്തിയെട്ടുകാരനായ അംറിക്ക് സിങ് ബാൽ. ഡിസംബർ 26 കലിഫോർണിയായിലെ ഫ്രിസനൊയിലാണ് വെളുത്ത വർഗ്ഗക്കാരായ രണ്ട് ചെറുപ്പക്കാർ സിഖ് ബാലിനെ ക്രൂരമായി മർദ്ദിച്ചു വഴിയിൽ തളളിയത്. ജോലി സ്ഥലത്തേക്ക് പോകുന്നതിനുളള വാഹനം കാത്ത് നിന്നിരുന്ന സിങ് പാരമ്പര്യമായി ഉപയോഗിക്കുന്ന ടർബൻ ധരിച്ചതും, നീണ്ട വെളുത്ത താടിയുമാണ് യുവാക്കളെ പ്രകോപിപ്പിച്ചത്. അസഭ്യവാക്കുകൾ പറഞ്ഞു തുടങ്ങിയ യുവാക്കളിൽ നിന്നും രക്ഷപ്പെടുന്നതിന് റോഡ് കുറുകെ കടക്കാൻ ശ്രമിച്ച സിങിനെ കാർ പുറകിലേയ്ക്കെടുത്തു ഇടിച്ചു വീഴ്ത്തുകയായിരുന്നു. തുടർന്ന് ഇരുവരും ദേഹത്തും മുഖത്തും ക്രൂരമായി മർദ്ദിച്ചു സാരമായ പരിക്കേറ്റ സിങിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവത്തിനുശേഷം വാഹനത്തിൽ രക്ഷപ്പെട്ട പ്രതികളെ കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല. വംശീയ ആക്രമണത്തിന് കേസ്സെടുത്ത് അന്വേഷണം ഊർജിതപ്പെടുത്തുമെന്ന് ഫ്രെസ്നൊ പൊലീസ് ഡിപ്പാർട്ട്മെന്റ് പബ്ലിക്ക് ഇൻഫർമേഷൻ ഓഫീസർ ജെയ്മി റയോസ് മാധ്യമങ്ങളെ അറിയിച്ചു. ഡിസംബർ 27 ന് ഫ്രെസ്നൊ പൊലീസ് ചീഫ് ജെറി ഡയർ പ്രതികളെ കണ്ടെത്തുവാൻ സഹായിക്കുന്നവർക്ക് 5,000 ഡോളർ പ്രതിഫലം പ്രഖ്യാപിച്ചിട്ടുണ്ട്. സിഖ് വംശജർക്കെതിരെ വർദ്ധിച്ചു വരുന്ന ആക്രമണങ്ങളിൽ സെൻട്രൽ കലിഫോർണിയ സിഖ് കൗൺസിൽ ഉൽകണ്ഠ രേഖപ്പെടുത്തുകയും കുറ്റവാളികളെ എത്രയും വേഗം കണ്ടെത്തണമെന്നും ഇക്ബാൽ ഐക് ഗ്രൊവാൾ ആവശ്യപ്പെട്ടു.
Comments