വാഷിങ്ടൺ ∙ പ്രസിഡന്റ് ബരാക്ക് ഒബാമ ജനുവരി 12 ന് രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് നടത്തുന്ന പ്രസംഗത്തിന് മറുപടി നൽകുന്നതിന് റിപ്പബ്ലിക്കൻ പാർട്ടി സൗത്ത് കരോലിന ഗവർണർ നിക്കി ഹെയ്ലിയെ ചുമതലപ്പെടുത്തിയതായി ഹൗസ് സ്പീക്കർ പോൾ റയനും, സെനറ്റ് മജോറട്ടി ലീഡർ മിച്ചു മെക്കോണലും സംയുക്തമായി പുറത്തിറക്കിയ ഒരു പ്രസ്താവനയിൽ പറയുന്നു. നാം വിശ്വസിക്കുന്ന അടിസ്ഥാന മൂല്യങ്ങൾ ഉയർത്തി പിടിക്കുന്നതിനും സംരക്ഷിക്കുന്നതിനും കഴിയുമെന്ന് പ്രവൃത്തിയിലൂടെ തെളിയിച്ച നേതാവാണ് നിക്കി ഹെയ് ലിയെന്ന് മെക്കോണൽ അഭിപ്രായപ്പെട്ടു. കഴിഞ്ഞ ഒരു വർഷമായി രാഷ്ട്രം പ്രതീക്ഷയോടെ കാത്തിരുന്ന ദീർഘ വീക്ഷണമുളള ഒരു നേതാവിനെയാണ് നിക്കി ഹെയ് ലിയിലൂടെ ലഭിച്ചിരിക്കുന്നതെന്ന് പോൾ റയനും അഭിപ്രായപ്പെട്ടു. ഒബാമയുടെ പല നിലപാടുകളേയും ധീരമായി എതിർത്ത് നിക്കി ഹെയ് ലി വാഷിങ്ടൺ രാഷ്ട്രീയക്കാരുടെ ഇടയിൽ സംസാരവിഷയമാണ്. സൗത്ത് കരോലിനാ ഗവർണറായി 2015 നവംബറിൽ രണ്ടാമതും തിരഞ്ഞെടുക്കപ്പെട്ട നിക്കി ഹെയ് ലി ഇന്ത്യൻ മാതാപിതാക്കളുടെ മകളാണ്. പ്രസിഡന്റിന്റെ യൂണിയൻ അഡ്രസിന് മറുപടി നൽകുവാൻ റിപ്പബ്ലിക്കൻ പാർട്ടി നിക്കി െഹയ് ലിയെ തിരഞ്ഞെടുത്തതിലൂടെ വലിയ അംഗീകാരമാണ് നിക്കി ഹെയ് ലിക്ക് ലഭിച്ചിരിക്കുന്നത്. റിപ്പബ്ലിക്കൻ പാർട്ടിയുടെ അനിഷേധ്യ നേതാവായി ഇവർ ഉയരുന്നു എന്നുളളത് അമേരിക്കൻ ജനതക്കും പ്രത്യേകിച്ചും ഇന്ത്യൻ വംശജർക്കും അഭിമാനത്തിന് വക നൽകുന്നു. ഇങ്ങനെ ഒരവസരം ലഭിച്ചതു ഒരു വെല്ലുവിളിയായി ഞാൻ സ്വീകരിക്കുന്നു. നിക്കി ഹെയ് ലി ഒരു പ്രസ്താവനയിൽ അറിയിച്ചു.
Comments