ഫ്ളോറിഡാ: റ്റാമ്പാ ബെയിലെ മൂന്ന് സ്ത്രീകളെ വധിച്ച കേസ്സില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ടിരുന്ന സീരിയല്‍ കില്ലര്‍ ഓസ്ക്കര്‍ റെ ബോളില്‍ എന്ന പ്രതിയുടെ ശിക്ഷ ജനുവരി 7 വ്യാഴാഴ്ച രാത്രി 10 മണിക്ക് ഫ്ളോറിഡാ സ്റ്റേറ്റ് പ്രിസണില്‍ നടപ്പാക്കി. 1986ല്‍ ടെറി ലിന് മാത്യൂസിനെ(26) പാസ്കൊ കൗണ്ടിയിലെ പോസ്റ്റ് ഓഫീസില്‍ നിന്നും തട്ടികൊണ്ടു പോയി പീഡിപ്പിച്ചു കുത്തി കൊലപ്പെടുത്തിയ കേസ്സിലാണ് വധശിക്ഷക്ക് വിധിച്ചിരുന്നത്. ഇന്ന് ആറുമണിക്ക് നടപ്പിലാക്കുന്ന ശിക്ഷ അപ്പീല്‍ തീര്‍പ്പ് വൈകിയതിനാലാണ് പത്തുമണിവരെ കാത്തിരിക്കേണ്ടി വന്നത്. വധശിക്ഷക്ക് വിധിക്കപ്പെട്ടതിനുശേഷം തന്റെ കേസു വാദിച്ച ടീമിലെ അറ്റോര്‍ണിയെ വിവാഹം കഴിച്ചു ദേശീയ ശ്രദ്ധ നേടിയിരുന്നു. വധശിക്ഷ ലഭിച്ചിട്ടും, താന്‍ നിരപരാധിയാണെന്ന് കഴിഞ്ഞ ഇരുപതു വര്‍ഷമായി പ്രതി ആണയിട്ട് പറഞ്ഞിരുന്നു. ഫ്ളോറിഡായില്‍ ഈ വര്‍ഷത്തെ ആദ്യവധശിക്ഷ നടപ്പാക്കിയ വിവരം രാത്രി 10.16ന് ഗവര്‍ണ്ണര്‍ റിക്ക് സ്ക്കോട്ടാണ് സ്ഥിരീകരിച്ചത്. 2015 ല്‍ ഫ്ളോറിഡായില്‍ 2 വധശിക്ഷ നടപ്പാക്കിയപ്പോള്‍ 13 പേരെയാണ് ടെക്സസ്സില്‍ വധശിക്ഷയ്ക്ക് വിധേയരാക്കിയത്.
Comments