അറ്റ്ലാന്റാ: ജോര്‍ജിയാ സംസ്ഥാനം ഈ വര്‍ഷത്തെ നാലാമത് വധശിക്ഷ ഇന്ന് ജാക്ക്സണിലുള്ള സ്റ്റേറ്റ് പ്രിസണില്‍ നടപ്പാക്കി. 1996 ജനുവരിയില്‍ അയല്‍വാസിയുടെ വീട്ടില്‍ നടത്തിയ കവര്‍ച്ച ശ്രമത്തിനിടെ 19കാരി കാത്തിയെ വെടിവെച്ചു കൊലപ്പെടുത്തിയ കേസ്സില്‍ പ്രതിയായ കെന്നത്ത് ഫള്‍ട്ട്(47) സുപ്രീം കോടതിയില്‍ ഇന്ന് നല്കിയ സ്റ്റേ പെറ്റീഷന് തള്ളിയതിന് മണിക്കൂറുകള്‍ക്കുള്ളില്‍ വധശിക്ഷ നടപ്പാക്കുകയായിരുന്നു. മാരകമായ വിഷമിശ്രിതം പെന്റൊ ബാര്‍ ബിറ്റോള് സിരകളിലേക്ക് പ്രവേശിച്ചു നിമിഷങ്ങള്‍ക്കകം മരണം സ്ഥീരീകരിച്ചു. വൈകീട്ട് 7.37 ന് ഫള്‍ട്ട് മരിച്ചതായി വാര്ഡന് ബ്രൂസ് ചാറ്റ്മാന് അറിയിച്ചു. കുട്ടികാലത്തു അനുഭവിക്കേണ്ടിവന്ന യാതനകളും, മാനസിക അസ്ഥിരതയുമാണ് കുറ്റകൃത്യം നടത്തുവാന്‍ പ്രതിയെ പ്രേരിപ്പിച്ചതെന്ന് അറ്റോര്‍ണി വാദിച്ചുവെങ്കിലും, ജൂറി വാദഗതി അംഗീകരിച്ചില്ല. കവര്‍ച്ചക്കെത്തിയ പ്രതി, യുവതിയുടെ മോതിരം ബലമായി വാങ്ങിയതിനു ശേഷം തലക്കുപുറകില്‍ അഞ്ചുതവണയാണ് നിറയൊഴിച്ചത്. നിരപരാധിയായ യുവതിയെ ക്രൂരമായി കൊലപ്പെടുത്തിയ പ്രതി ദയ അര്‍ഹിക്കുന്നില്ലാ എന്ന് ജൂറി വിധിച്ചത്. ഏപ്രില്‍ 27ന് ജോര്‍ജിയായില്‍ ഡാനിയേല്‍ ലൂക്കാസ് എന്ന പ്രതിയുടെ വധശിക്ഷ നടപ്പാക്കുന്നതിന് ജയിലധികൃതര്‍ ഒരുക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
Comments