ന്യൂവാര്‍ക്ക് (ന്യൂജേഴ്‌സി): ലോസ് ആഞ്ചലസില്‍ നിന്നും ന്യൂജേഴ്‌സിയിലേക്ക് പറന്ന വെര്‍ജിന്‍ അമേരിക്കാ വിമാനത്തില്‍ ഇരുന്ന് ഉറങ്ങുകയായിരുന്ന സ്ത്രീയെ സ്പര്‍ശിച്ച കുറ്റത്തിന് ഇന്ത്യ വിശാഖപട്ടണം സ്വദേശിയായ വീരഭദ്രറാവുവിനെതിരെ കേസ്സ് ഫയല്‍ ചെയ്തു. ജൂലായ് 30നായിരുന്നു സംഭവം-അടുത്ത സീറ്റില്‍ ഉറങ്ങുകയായിരുന്ന സ്ത്രീയുടെ കാലില്‍ റാവു സ്പര്‍ശിച്ചതിനെ തുടര്‍ന്ന് ഉറക്കം ഉണര്‍ന്ന യുവതി സഹയാത്രികനെ വിവരം അറിയിച്ചു. സഹയാത്രികനുമായി സംഭവത്തെ കുറിച്ചു തര്‍ക്കിക്കുന്നതിനിടയില്‍ റാവു യുവാവിന് മദ്യം നല്‍കാമെന്ന് വാഗ്ദാനം ചെയ്തു. എന്നാല്‍ യുവാവ് വിവരം വിമാന ജീവനക്കാരെ അറിയിക്കുകയും, റാവുവിനെ മറ്റൊരു സീറ്റിലേക്ക് മാറ്റി ഇരുത്തുകയും ചെയ്തു. ന്യൂജേഴ്‌സിയില്‍ വിമാനം ലാന്റ് ചെയ്ത ഉടനെ റാവുവിനെ പോലീസ് അറസ്റ്റു ചെയ്തു.
ആഗസ്റ്റ് 2ന് ന്യൂവാര്‍ക്ക് ഫെഡറല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിക്ക് മജിസ്‌ട്രേറ്റ് 50,000 ഡോളറിന്റെ ജ്യാമം അനുവദിച്ചു. കുറ്റം തെളിയുകയാണെങ്കില്‍ രണ്ടുവര്‍ഷം വരെ തടവും 250000 ഡോളര്‍ പിഴയും ലഭിക്കാവുന്ന കേസ്സാണിത്. വിമാനത്തില്‍ യാത്ര ചെയ്യുമ്പോള്‍ അറിഞ്ഞോ അറിയാതേയോ മറ്റുള്ളവരെ സ്പര്‍ശിക്കുന്നത് കുറ്റകരമാണെന്നും, ഇത്തരം സംഭവങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് പരിശീലനം ലഭിച്ച വിമാന ജോലിക്കാര്‍ ഉണ്ട് എന്നുള്ളതും മനസ്സിലാക്കിയാല്‍ ഭാവി ജീവിതത്തെ തന്നെ പിടിച്ചുലക്കുന്ന ഇത്തരം സംഭവങ്ങള്‍ ഒഴിവാക്കുവാന്‍ കഴിയുമെന്ന മുന്നറിയിപ്പു കൂടിയാണ് ഇതില്‍ നിന്നും ലഭിക്കുന്നത്.
Comments