ന്യൂയോർക്ക് ∙ ജനനത്തിനുശേഷം പതിമൂന്ന് മാസം തലയോട്ടികൾ ഒട്ടിച്ചേർന്ന നിലയിൽ കഴിയേണ്ടിവന്ന സയാമീസ് ഇരട്ടകളെ വിജയകരമായ ശസ്ത്രക്രിയയിലൂടെ പരസ്പരം വേർപ്പെടുത്തിയതിനുശേഷം ആദ്യമായി ഇരുവരും മുഖാമുഖം കണ്ടുമുട്ടിയതിന്റെ സന്തോഷത്തിലാണ് മാതാപിതാക്കളും ആശുപത്രി ജീവനക്കാരും. ആറാഴ്ച മുമ്പ് 16 മണിക്കൂർ നീണ്ടുനിന്ന അതിസൂക്ഷ്മമായ ശസ്ത്രക്രിയിലൂടെ മോണ്ടിഫിയോർ മെഡിക്കൽ സെന്ററിൽ ലോകോത്തര ശസ്ത്രക്രിയാ വിദഗ്ധൻ ഡോ. ജെയിംസ് ഗുഡ്റിച്ചാണ് അനിയാസ്, ജാർഡൻ എന്നീ ഇരട്ടകളെ തമ്മിൽ വേർപിരിച്ചത്. ആറാഴ്ചയ്ക്കുശേഷം ഇരുവരേയും റിഹാബിൽ പ്രവേശിപ്പിക്കുവാനൊരുങ്ങുകയാണ്. ഇപ്പോൾ ഇരുവർക്കും സ്വയമായി തലയുയർത്തി പരസ്പരം കാണാൻ കഴിയുന്നതായി മാതാപിതാക്കൾ പറയുന്നു. എത്രയും വേഗം സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരാനാകുമെന്നാണ് പ്രതീക്ഷ. തലച്ചോറിലെ രക്ത ധമിനികളും കോശങ്ങളും പരസ്പരം ബന്ധപ്പെട്ട് ജനിക്കുന്ന കുട്ടികൾ 10 മില്യണിൽ ഓരാളാണെന്നു ഡോ. ഗുഡ്റിച്ച് പറഞ്ഞു. അനിയസിന്റേയും ജാർഡിന്റേയും പുനർജന്മം ശാസ്ത്ര പുരോഗതിയുടെ വിജയകരമായ പ്രതിഫലനമാണെന്നും ഡോക്ടർ കൂട്ടി ചേർത്തു. ഈ വർഷത്തെ താങ്ക്സ് ഗിവിങ്ങ് ജീവിതത്തിലെ അസുലഭ സന്ദർഭങ്ങളിൽ ഒന്നാണ്. ഇതുവരെ മക്കളുടെ ചികിത്സയ്ക്കായി 289,000 ഡോളർ ‘Go Found Me’ യിലൂടെ നൽകിയ എല്ലാവരോടും മാതാപിതാക്കൾ പ്രത്യേകം നന്ദി രേഖപ്പെടുത്തി.
Comments