മിഷിഗൺ ∙ നവംബർ 8ന് നടന്ന അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഫലം പ്രഖ്യാപിക്കാതിരുന്ന മിഷിഗൺ സംസ്ഥാനത്തെ ഫലം നവംബർ 28ന് ഒൗദ്യോഗികമായി പ്രഖ്യാപിച്ചപ്പോൾ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡോണൾഡ് ട്രംപിന് ചരിത്ര വിജയം. 1988 ശേഷം ആദ്യമായാണ് ട്രംപിലൂടെ റിപ്പബ്ലിക്കൻ പാർട്ടി മിഷിഗൺ സംസ്ഥാനം ഡമോക്രാറ്റിക്കിൽ നിന്നും പിടിച്ചെടുക്കുന്നത്. ഇന്നത്തെ വിജയത്തോടെ ട്രംപിന് 16 ഇലക്ട്രറൽ വോട്ടുകൾ ലഭിച്ചു. സംസ്ഥാനത്തു പോൾ ചെയ്ത 4.8 മില്യൺ വോട്ടുകളിൽ 10,704 വോട്ടുകളുടെ ഭൂരിപക്ഷമാണ് ട്രംപിന് ലഭിച്ചത്. ആകെയുളള 538 ഇലക്ട്രറൽ വോട്ടുകളിൽ 306 എണ്ണം ട്രംപും 232 എണ്ണം ഹിലറിയും നേടി. ജയിക്കുന്നതിന് 270 വോട്ടുകളുടെ ഭൂരിപക്ഷം ആവശ്യമാണ്. മിഷിഗണിലെ വോട്ടുകൾ വീണ്ടും എണ്ണണമെന്നാവശ്യപ്പെട്ട് ഗ്രീൻ പാർട്ടി സ്ഥാനാർത്ഥി ജിൽ സ്റ്റെയ്ൻ നോട്ടീസ് നൽകിയിട്ടുണ്ട്. ട്രംപ് വിജയിച്ച വിസ്കോൺസിനിലും പെൻസിൽവാനിയായിലും ഇതേ ആവശ്യം പരിഗണിച്ചുവരുന്നു. ഏതെങ്കിലും ഒരു സംസ്ഥാനത്തു വീണ്ടും വോട്ടെണ്ണൽ ഹിലറിയ്ക്കനുകൂലമായാൽ പോലും ജയിക്കാനാവശ്യമായ ഇലക്ട്രറൽ വോട്ടുകൾ ലഭിക്കുന്നതിനുളള സാധ്യതകൾ ഇല്ല.
Comments