ഷിക്കാഗോ∙ കുറഞ്ഞ വേതനം 15 ഡോളറാക്കി വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് രാജ്യവ്യാപകമായി ഫാസ്റ്റ് ഫുഡ് ജീവനക്കാർ നവംബർ 29ന് പ്രതിഷേധ സമരം സംഘടിപ്പിച്ചു.ഷിക്കാഗോ, ഡിട്രോയ്റ്റ്, ഹൂസ്റ്റൺ, ന്യൂയോർക്ക്, ലോസാഞ്ചൽസ് തുടങ്ങിയ നഗരങ്ങളിൽ നടന്ന പ്രതിഷേധ പ്രകടനത്തിൽ ആയിരക്കണക്കിന് തൊഴിലാളികളാണ് അണിനിരന്നത്. ഷിക്കാഗൊ, ഒഹെയർ ഇന്റർ നാഷണൽ ടെർമിനൽസിന് പുറത്ത് നൂറ് കണക്കിന് ജീവനക്കാർ നടത്തിയ പ്രകടനം എയർപോർട്ടിന്റെ പ്രവർത്തനം തടസ്സപ്പെടുത്താതിരിക്കുന്നതിന് പൊലീസ് പ്രത്യേകം ജാഗ്രത പുലർത്തിയിരുന്നു. ന്യൂജഴ്സിയിൽ നടത്തിയ പ്രകടനത്തെ ഡമോക്രാറ്റിക് മേയർ റാസ് ബരാക്ക അഭിസംബോധന ചെയ്തു. ഫാസ്റ്റ് ഫുഡ് ജീവനക്കാർക്ക് മാന്യമായ വേതനം നൽകണമെന്നും ഇപ്പോൾ ലഭിക്കുന്ന വേതനം നിത്യ ചിലവിനുപോലും തികയാത്തതാണെന്ന് മേയർ പറഞ്ഞു. ന്യുയോർക്കിൽ പ്രകടനം നടത്തിയ ജീവനക്കാരിൽ 25 പേരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. മിനിമം വേതനം 15 ഡോളർ ലഭിക്കുന്നതുവരെ സമരം നടത്തുമെന്ന് തൊഴിലാളി യൂണിയൻ നേതാക്കൾ വ്യക്തമാക്കി.
Comments