ഷിക്കാഗോ∙ വിലങ്ങണിയിച്ച് കോടതിയിൽ ഹാജരാക്കിയ വിവിയൻ മക്ക്ഗെ (31) പൊലീസിനെ വെട്ടിച്ചു രക്ഷപ്പെട്ടു. നവംബർ 6 ചൊവ്വാഴ്ച 11.30ന് മോഷണകേസ്സിൽ പിടിക്കപ്പെട്ട വിവിയനെ കോടതിയിൽ ഹാജരാക്കാനായിരുന്നു കൊണ്ടുവന്നത്. കോർട്ട് റൂമിന്റെ പുറകിലേക്ക് മാറിയ പ്രതി കൈയ്യിൽ നിന്നും വിലങ്ങ് ഉരിഞ്ഞു മാറ്റി താഴെവച്ചതിനുശേഷമാണ് അപ്രത്യക്ഷമായത്. വെള്ളിയാഴ്ചായിരുന്നു വിവിയനെ പിടികൂടി ജയിലിൽ അടച്ചത്. കോടതിയിൽ നിന്നും രക്ഷപ്പെട്ട പ്രതിക്കു വേണ്ടി പൊലീസ് ഊർജിത അന്വേഷണം ആരംഭിച്ചു. വിവിയന്റെ കൈയിൽ മാരകായുധങ്ങളോ തോക്കോ ഇല്ലെന്നും പൊതു ജനങ്ങൾ ഭയപ്പെടേണ്ടതില്ലെന്നും ഷെറിഫ് ഓഫീസ് അറിയിച്ചു. ഇവരുടെ പേരിൽ മറ്റു കേസ്സുകൾ ഒന്നും ഇല്ലെന്നും എത്രയും വേഗം പിടികൂടാൻ കഴിയും എന്നുമാണ് പൊലീസ് കരുതുന്നത്. വളരെയധികം സുരക്ഷാ സന്നാഹമുള്ള കോടതിയിൽ ഹാജരാക്കിയ പ്രതി, എങ്ങനെ വിലങ്ങൂരി രക്ഷപ്പെട്ടു എന്നതാണ് പൊലീസിനെ കുഴക്കുന്ന വലിയ പ്രശ്നം.
Comments