കലിഫോർണിയ∙ നോർത്ത് കലിഫോർണിയ ഒറൊവില്ല ഡാം ഭീഷണി നേരിടുന്ന സാഹചര്യത്തിൽ അവിടെ നിന്നും മാറ്റി താമസിപ്പിച്ചവർക്ക് അഭയം നൽകി സിഖ് സമൂഹം മാതൃകയായി. ഗുരുദ്വാര സാഹിബ് സിഖ് ടെംപിളിലെ വിശാലമായ രണ്ട് ഹോളുകളിൽ 400 പേർക്കാണ് അഭയം നൽകിയിരിക്കുന്നതെന്ന് മാനേജർ രൺജിത് സിങ് പറഞ്ഞു. സാമ്പത്തികമോ, ചികിത്സാ സൗകര്യമോ ആവശ്യമുള്ളവരെ സഹായിക്കുവാൻ സിഖ് സമൂഹം സന്നദ്ധമാണെന്നും സിങ് പറഞ്ഞു. വെള്ളപ്പൊക്ക ഭീഷണിയെ തുടർന്ന് 188,000 പേരെയാണ് സമീപ പ്രദേശങ്ങളിലേക്ക് മാറ്റി പാർപ്പിച്ചിരിക്കുന്നത്. സ്പിൽവേയിലൂടെ വെള്ളം പുറത്ത് കളയാൻ കഴിയുന്നില്ലെങ്കിൽ ഡാം നിറഞ്ഞും കവിഞ്ഞു വ്യാപകനാശ നഷ്ടം ഉണ്ടാകാൻ സാധ്യതയുള്ളതായി അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സ്പിൽ വേയിലുണ്ടായിട്ടുള്ള വലിയൊരു വിള്ളൽ അടയ്ക്കുന്നതിന് നൂറുകണക്കിന് ജോലിക്കാരാണ് പ്രവർത്തന നിരതരായിരിക്കുന്നത്. ബലക്ഷയം സംഭവിച്ചു കൊണ്ടിരിക്കുന്ന ഡാമുകളും റോഡുകളും പുനർ നിർമിക്കുന്നതിന് മുൻഗണന നൽകുമെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനം പൂർണ്ണമായും നിറവേറ്റുമെന്നും കലിഫോർണിയായിലെ സംഭവ വികാസങ്ങൾ സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണെന്നും ട്രംപ് ഒരു പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
Comments